വികാരസാന്ദ്രമായ ഈണങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകന്‍ കണ്ണൂര്‍ രാജന് ജന്മനാട്ടില്‍ ഒരു സ്മാരകം പോലുമില്ല. കക്കാട്ടായിരുന്നു അദ്ദേഹത്തിന്റെ ജന്മവീട്. അദ്ദേഹത്തിന്റെ പേരില്‍ ഒരു സംഗീതമത്സരംപോലും ഈ നാട്ടിലില്ല. പുതുതലമുറയില്‍പ്പെട്ട ഗായകരില്‍ പലരുടെയും ചുണ്ടില്‍ അദ്ദേഹത്തിന്റെ പാട്ടുകളുണ്ടെങ്കിലും അതിന്റെ പിന്നിലെ ശക്തിയെ അറിയില്ല.
സംഗീതസംവിധായകന്‍ ശരത്തിനെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, അദ്ദേഹത്തിന്റെ ഭാര്യ സീതാ ശരത്തിന്റെ പിതാവാണ് രാജന്‍ എന്ന കാര്യം എത്രപേര്‍ക്കറിയാം? സംവിധായകന്‍ കെ.കെ. ഹരിദാസ് രാജന്റെ സഹോദരീഭര്‍ത്താവാണ്. രാജന്‍ ജനിച്ച വീടും സ്ഥലവുമെല്ലാം അന്യാധീനപ്പെട്ടു. ദരിദ്രകുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ജീവിതം കഷ്ടപ്പാടുകളോട് പടവെട്ടിയായിരുന്നു. അമ്മയെ സഹായിക്കാന്‍ സ്‌കൂള്‍പഠനം ഉപേക്ഷിക്കുമ്പോള്‍ പ്രായം 10.

സംഗീതവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലം ചെന്നൈയിലായിരുന്നു രാജന്റെ താമസം. ഇതോടെ അദ്ദേഹത്തിന്റെ കണ്ണൂര്‍ബന്ധവും ഏതാണ്ട് അവസാനിച്ചു. 1995 ഏപ്രില്‍ ഏഴിന് അദ്ദേഹം മരിക്കുന്നതും ചെന്നൈയിലായിരുന്നു. കഴിവുള്ള കലാകാരനായിട്ടും സിനിമാലോകത്ത് ഏറെ അവഗണന നേരിട്ടു. അത് മരണശേഷവും തുടര്‍ന്നു. മെഗാഹിറ്റായ 'ചിത്ര'ത്തിലെ പാട്ടുകളുടെ സംഗീതമൊരുക്കിയത് കണ്ണൂര്‍ രാജനായിരുന്നു.
1974 മുതല്‍ 1995 വരെ
1974-ല്‍ പുറത്തിറങ്ങിയ 'മിസ്റ്റര്‍ സുന്ദരി' എന്ന ചിത്രത്തിലായിരുന്നു രാജന്റെ തുടക്കം. 1995-ലെ 'കൊക്കരക്കൊ' ആയിരുന്നു അവസാന സിനിമ. പീലിയേഴും വീശിവാ (പൂവിനു പുതിയ പൂന്തെന്നല്‍), ദേവീക്ഷേത്രനടയില്‍ (പല്ലവി), എന്തിനെന്നെ വിളിച്ചുനീ വീണ്ടും (അഭിനന്ദനം), ഇളംമഞ്ഞിന്‍ കുളിരുമായൊരു (നിന്നിഷ്ടം എന്നിഷ്ടം), കണ്‍മണി പൊന്‍മണിയേ (കാര്യം നിസ്സാരം), ദൂരെക്കിഴക്കുദിക്കും, ഈറന്‍മേഘം (ചിത്രം), മാനസലോലാ മരതകവര്‍ണ (കിങ്ങിണി) തുടങ്ങിയവയാണ് രാജന്റെ സൂപ്പര്‍ ഹിറ്റ് പാട്ടുകളില്‍ ചിലത്. 1985-ല്‍ പുറത്തിറങ്ങിയ തരംഗിണിയുടെ 'ഹൃദയാഞ്ജലി' എന്ന ആല്‍ബത്തിലെ ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാന്‍, ശരത്പൂര്‍ണിമായാമിനിയില്‍ തുടങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
കണ്ണൂരുകാരെങ്കിലും ഓര്‍ക്കണം, ഈ സംഗീതജ്ഞനെ
വരികളിലെ ഭാവാംശം ചോര്‍ന്നുപോകാതെ ഇത്രയും പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച രാജന്‍ മാഷിനെ ഒരിക്കലും മറന്നുപോകരുത്. പ്രത്യേകിച്ച് കണ്ണൂരുകാര്‍. അദ്ദേഹം ജനിച്ചുവളര്‍ന്ന വീടുണ്ടായിരുന്നുവെങ്കില്‍ അത് ഒരു സ്മാരകമാക്കാമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുമില്ല.
അദ്ദേഹത്തിന്റെ ഒാർമ്മയ്ക്കായി എന്തെങ്കിലും ചെയ്താൽ നല്ലത്. അതിന് ആര് മുൻകൈയെടുക്കുമെന്നോ ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്നോ എനിക്കറിയില്ല. ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവരേണ്ടതാണ്.
![]()
- ശരത് (സംഗീതസംവിധായകന്‍)
Content Highlights: Discover the life and forgotten legacy of Kannur Rajan, the brilliant music composer behind iconic Malayalam film songs.
Published: 12 Nov 2025, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented