
സംഗീത കുലപതി, ജ്ഞാനവൃദ്ധൻ, പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ സദസ് നിശ്ശബ്ദമായി. ആയാസകരമായിരുന്നു അദ്ദേഹത്തിന്റെ ചലനങ്ങൾ. 'ഏറ്റവും പ്രിയപ്പെട്ടതാണീ സംഗീതവേദി. മരിക്കുന്നതു വരെ ഇവിടെ വന്ന് വായിക്കണം എന്നാണ് ആഗ്രഹം.' മറ്റൊന്നും പറഞ്ഞില്ല. സാവധാനം വേദിയിലെ ഇരിപ്പിടത്തിലേക്ക് മടങ്ങി. ഹർഷാരവം മുഴക്കുന്ന കാണികളെ നോക്കി നിറഞ്ഞ മനസ്സോടെ കൈ കൂപ്പി. എന്നിട്ട് കസേരയിൽ ഇരുന്നു.
വാർദ്ധക്യത്തിന്റെ അവശതകളെ അവഗണിച്ചാണ് പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുരീയം സംഗീതോൽസവത്തിന്റെ നൂറാം ദിനത്തിൽ വായിക്കുന്നതിനായി ഇത്തവണ പയ്യന്നൂരിൽ എത്തിയത്. സംഗീതോൽസവത്തിന്റെ നൂറാം ദിവസമായ ജൂലൈ രണ്ട് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായത് തികച്ചും യാദൃച്‌ഛികമായിരുന്നു.
'111 ദിവസത്തെ സംഗീതോൽസവം സംഘടിപ്പിക്കുമ്പോൾ അതിൽ നൂറാം ദിവസം പണ്ഡിറ്റ്ജി വായിക്കണം എന്നേ കരുതിയുള്ളൂ. അന്ന് അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു എന്നറിഞ്ഞത് കച്ചേരിക്ക് വന്ന ദിവസം മാത്രമാണ്. ഉടൻ തന്നെ കച്ചേരിക്കു മുൻപ് ഒരു ജന്മദിനാഘോഷം സംഘടിപ്പിച്ചു ,' തുരീയം സംഗീതോൽസവത്തിന്റെ സംഘാടകനായ സ്വാമി കൃഷ്ണാനന്ദ ഭാരതി പറഞ്ഞു.
'എല്ലാ വർഷവും അദ്ദേഹത്തിന്റെ സെക്രട്ടറി വിളിച്ച് തുരീയം സംഗീതോൽസവത്തിന് ദിവസം തരും. വലിയ പ്രതിഫലം വാങ്ങിച്ചാണ് അദ്ദേഹം കച്ചേരി ചെയ്യുന്നതെങ്കിലും തുരീയത്തിൽ വായിക്കാൻ ഇതുവരെ പ്രതിഫലം വാങ്ങിച്ചിട്ടില്ല, ' സ്വാമി പറഞ്ഞു.
ചൗരസ്യ മാത്രമല്ല, വിഖ്യാത വയലിൻ കലാകാരനായ എൽ. സുബ്രഹ്മണ്യവും തുരീയം സംഗീതവേദിയിൽ വായിക്കുന്നത് പ്രതിഫലേച്ഛയില്ലാതെയാണ്. തുരീയം സംഗീതോൽസവം തുടങ്ങിയ 2005 മുതൽ 2019ൽ മരിക്കുന്നതു വരെ സാക്സഫോൺ മാന്ത്രികൻ കദ്രി ഗോപാൽ നാഥ് പയ്യന്നൂരിൽ വന്ന് വായിച്ചു മടങ്ങിയിരുന്നത് ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെയാണ്.
എന്തുകൊണ്ടാണ് കലാകാരൻമാർ തുരീയം സംഗീത വേദിയിലെത്താൻ ഇത്ര കൊതിക്കുന്നത്?
അതെന്തായാലും പോത്താങ്കണ്ടം ആനന്ദ ഭവനം എന്ന സംഘാടകർ നൽകുന്ന പ്രതിഫലത്തിന്റെ വലുപ്പം കൊണ്ടല്ലെന്ന് തീർച്ച. 'പലരും പറയുന്ന പ്രതിഫലം നമുക്ക് താങ്ങാൻ ആവുന്നതായ ആവുന്നതായിരിക്കില്ല. നമുക്ക് കൊടുക്കാൻ പറ്റുന്ന പ്രതിഫലം അങ്ങോട്ട് പറയും. അത് സമ്മതിക്കുന്നവരെ വിളിക്കും, ' സ്വാമി പറഞ്ഞു.
ഇത്തവണ നടക്കുന്നത് ഇരുപതാമത്തെ സംഗീതോൽസവമാണ്. 2005 ൽ തുടങ്ങിയ സംഗീതോൽസവം ഇരുപതാമത്തെ വാർഷികമാണ് ആഘോഷിക്കുന്നത്. മാർച്ച് 25 ന് 91 വയസുകാരൻ ടി.വി. ഗോപാലകൃഷ്ണന്റെ സംഗീതക്കച്ചേരിയോടെ തുടങ്ങിയ സംഗീതോൽസവം തുടർച്ചയായ 111 ദിവസം പിന്നിട്ട് ജൂലൈ 13 ന് ശ്രീ പദ്മം ഓഡിറ്റോറിയത്തിൽ പര്യവസാനത്തിൽ എത്തും.

സാധാരണ സംഘാടകർ ഒന്നോ രണ്ടോ ദിവസത്തെ സംഗീത - നൃത്തോൽസവങ്ങൾ നടത്തുമ്പോൾ തന്നെ അവശരായി , സാമ്പത്തികമായും ശാരീരികമായും, തകർന്നു പോവുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. പക്ഷേ, തുരീയം സംഗീതോൽസവം ചെറിയ രീതിയിൽ ആരംഭിച്ച് സംഗീതത്തിന്റെ ഹൃദയ ഭൂമിക കീഴടക്കുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലൂടെ പയ്യന്നൂർ സാംസ്കാരിക കേരളത്തിനു കാണിച്ചു കൊടുത്തത്. ക്ഷീണമറിയാതെ , പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമവും അതിനു നേതൃത്വം നൽകുന്ന സ്വാമി കൃഷ്ണാനന്ദ ഭാരതിയും തുരീയം സംഗീതോൽസവം ഓരോ വർഷവും പൂർവാധികം ഭംഗിയോടെ സംഘടിപ്പിക്കുന്നു. സംഗീതോൽസവത്തിനുപരി ഇതു സമാനതകളില്ലാത്ത ഒരു കലാ - സാംസ്കാരിക വിപ്ലവമാകുന്നത് ഇതിന്റെ ഇടർച്ചകളില്ലാത്ത നൈരന്തര്യം കൊണ്ടും വിട്ടുവീഴ്ചകളില്ലാത്ത ഉന്നതമായ സംഗീത സങ്കല്പം കൊണ്ടു കൂടിയാണ്.
ഇതിനു മുൻപ് 2022 ൽ 101 ദിവസം സംഗീതോൽസവം നടത്തി സ്വാമി സംഗീതാസ്വാദകരെ അമ്പരപ്പിച്ചിരുന്നു.
എണ്ണം കൊണ്ടു മാത്രമല്ല, പങ്കെടുക്കുന്ന കലാകാരൻമാരുടെ വലുപ്പം കൊണ്ടും തുരീയം സംഗീതോൽസവം ദക്ഷിണേന്ത്യയിലെ, ഒരു പക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കലോൽസവമായി മാറിയിരിക്കുകയാണ്. ഹരിപ്രസാദ് ചൗരസ്യ , എൽ. സുബ്രഹ്മണ്യം, ടി.വി. ഗോപാലകൃഷ്ണൻ, സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ, ശശാങ്ക് സുബ്രഹ്മണ്യം , യു. രാജേഷ്..... കിടയറ്റ കലാകാരൻമാരുടെ നീണ്ട പട്ടികയാണ് കാണാൻ കഴിയുക.
ഒരു ദിവസം ശരാശരി അഞ്ച് കലാകരൻമാർ എന്നു കണക്കാക്കിയാൽ പോലും തുരീയം സംഗീതോൽസവ വേദിയിൽ ഇത്തവണ എത്തിയ കലാകാരൻമാരുടെ എണ്ണം 500 കവിയും. 'ഒരു ദിവസം അഞ്ചു പേർ ഒരുമിച്ചായിരിക്കില്ല വരുന്നത്. അവർ തിരിച്ചു മടങ്ങുന്നതും പല സമയത്ത് പല തരത്തിലായിരിക്കും. ഇതെല്ലാം ശ്രദ്ധിക്കണം. കാരണം, ക്ഷണിച്ചു വരുത്തുന്ന കലാകാരൻമാർ അസ്വസ്ഥരാകരുത്. അത് അവരുടെ പ്രകടനത്തെ ബാധിക്കും, ' സ്വാമി പറയുന്നു.
വ്യത്യസ്തമായ രംഗസംവിധാനത്തോടെയാണ് 111 ദിവസവും സംഗീതോൽസവത്തിന് വേദി ഒരുങ്ങിയത്.
'അത് എന്റെ ഒരു സങ്കൽപ്പമാണ്. എനിക്കു മാത്രം മനസ്സിലാവുന്ന ഒരു രഹസ്യ സങ്കല്പം. അതൊരുക്കാനും ആളുകൾ വേണം.' അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് ഭക്ഷണം സമയത്ത് നൽകണം. കലാകാരൻമാർക്ക് സൗകര്യപ്രദമായ താമസ സൗകര്യം ലഭ്യമാക്കണം.
കാണികളെ നിയന്ത്രിക്കണം. പുറത്തു നിന്ന് നോക്കുന്ന ഒരാളുടെ തല കറങ്ങിപ്പോകും.
' നടത്താൻ കഴിയും എന്ന വിശ്വാസം എനിക്കുണ്ട്. ഒരു ദിവസം എന്ന രീതിയിൽ കൈകാര്യം ചെയ്താൽ എളുപ്പമാണ്, ' സ്വാമി ചിരിക്കുന്നു.
സ്പോൺസർമാരില്ലാതെ, പേട്രൺമാർ എന്ന സാമ്പത്തിക ശക്തികളില്ലാതെ, എങ്ങനെ ഇത്ര വലിയൊരു കലോൽസവം നടത്തുന്നു?
'ഞാൻ ഒരാളോടു പോലും ഇതിനായി പൈസ ചോദിച്ചിട്ടില്ല. ഈ സംഗീതോൽസവത്തിന് ഇതുവരെ ഒരു സ്പോൺസറും ഉണ്ടായിട്ടില്ല. പക്ഷേ, ആദ്യത്തെ സംഗീതോൽസവം നടക്കുമ്പോൾ മാത്രമേ ഞാൻ ഒന്നു സംശയിച്ചിട്ടുള്ളൂ ,' അദ്ദേഹം പറഞ്ഞു. ' കഴിഞ്ഞ ദിവസം, ഒരു ആസ്വാദകൻ കച്ചേരി കഴിഞ്ഞ് മടങ്ങിപ്പോവുമ്പോൾ ഒരു കവറിൽ കുറച്ചു പണം നൽകി. എനിക്ക് അദ്ദേഹത്തെ മുൻ പരിചയമില്ല. അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട്. സ്വന്തം കാർ വിട്ടു തരുന്നവർ ഉണ്ട് , ' സ്വാമി പറഞ്ഞു.
സംഗീത പരിപാടി നടക്കുന്നിടത്തും സ്വാമിയുടെ 'കടുംപിടുത്തങ്ങ'ൾ തുരീയം സംഗീത വേദിയുടെ മാത്രം സവിശേഷതയാവുന്നു. ഓഡിറ്റോറിയത്തിനകത്തു കടക്കുന്നവരെ മൊബൈലിൽ പാട്ട് ചിത്രീകരിക്കാനോ റെക്കോർഡ് ചെയ്യാനോ സ്വാമി അനുവദിക്കില്ല. കലാകാരൻമാരുടെ കൂടെ നിന്ന് സെൽഫി എടുക്കാം എന്ന ആഗ്രഹത്തോടെ ആരും തുരീയത്തിനു വരരുത് എന്ന് സ്വാമി മുന്നറിയിപ്പ് നൽകുന്നുണ്ട്.
' ഇവിടെ കലയ്ക്കും, കലാകാരനുമാണ് പ്രാധാന്യം. അതിനപ്പുറമുള്ള കാര്യങ്ങളൊന്നും അനുവദിക്കില്ല,' അതിൽ സ്വാമിക്ക് വിട്ടുവീഴ്ചയില്ല.
111 ദിവസത്തെ സംഗീതോൽസവം ജൂലായ് 13 ന് രഘുനന്ദൻ പനിഷ്കറുടെ ഹിന്ദുസ്ഥാനി സംഗീതത്തോടെ അവസാനിക്കുകയാണ്. അവസാന ദിനം കർണാടക സംഗീത കലാകരൻമാർ അവതരിപ്പിക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനവുമുണ്ടാകും.
'സംഗീതം അതി സുന്ദരമായ ഒരനുഭവമാണ്. അത് കൈകാര്യം ചെയ്യുന്ന കലാകാരൻമാർ വലിയ ഉയരങ്ങളിലെത്തുന്നത് സാധക ബലം കൊണ്ടും ത്യാഗം കൊണ്ടുമാണ്. അവരുടെ കലാവിഷ്കാരങ്ങൾ ലോകത്തിന്റെ ഈ ഭാഗത്തും എത്തണം. ഇവിടെയുള്ളവരും മഹത്തായ സംഗീതം അറിയണം. മറ്റു വലിയ ദൗത്യങ്ങൾ ഒന്നും ഇതിനു പിന്നിൽ ഇല്ല, സ്വാമി പറഞ്ഞു നിർത്തി.
മഴയിൽ കുതിർന്നു നിൽക്കുകയാണ് പയ്യന്നൂർ. സംഗീതം പെയ്തൊഴിയുകയാണിവിടെ. മഴത്തുള്ളികളിൽ രാഗഭംഗി. തനിയാവർത്തനങ്ങളുടെ മിന്നലൊളികൾ. സമാനതകളില്ലാത്തൊരു സംഗീതോൽസവം കൊടിയിറങ്ങുകയാണ്.
കൃഷ്ണാനന്ദ ഭാരതി ഉറപ്പു നൽകുന്നുണ്ട് , അടുത്ത വർഷവും തുരീയം സംഗീതോൽസവമുണ്ടാകും. ഒരു പക്ഷേ, ഇതിനെക്കാൾ മികച്ച രീതിയിൽ.
Content Highlights: Experience the 20th Thuriyam Music Festival in Payyannur, featuring renowned artists & 111 days
Published: 12 Jul 2025, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented