
ഗുരുവിന്റെ മുഖത്തുനിറഞ്ഞ ഭാവവും കൈവിരലുകളിൽ വിരിഞ്ഞ മുദ്രകളും സ്വശരീരത്തിൽ തനിയാവർത്തനമാക്കാൻ ശ്രമിക്കുമ്പോൾ ക്യാപ്റ്റൻ രാജ് കുമാറിന് ചെറിയൊരു സംശയം. “വർഷങ്ങളായി ഹെലികോപ്റ്റർ പറത്തിയ കൈകൾക്ക് കഥകളി താളങ്ങളും മുദ്രകളും വഴങ്ങുമോ ഭഗവാനേ!” -ക്യാപ്റ്റന്റെ വിനയഭാവത്തോടെയുള്ള സംശയത്തിന് പക്ഷേ, ഗുരുവിന് ഒരു പേടിയുമുണ്ടായിരുന്നില്ല. “ഏതു പ്രായത്തിലായാലും കലയ്ക്കുവേണ്ടിയുള്ള സമർപ്പണമാണ് പ്രധാനം. കഠിനാധ്വാനം മികച്ച ഫലം ചെയ്യും” -കഥകളി ആചാര്യൻ ഏവൂർ രാജേന്ദ്രൻപിള്ളയുടെ വാക്കുകളിൽ അപൂർവമായൊരു കഥകളി അരങ്ങേറ്റത്തിന്റെ ചിത്രം തെളിഞ്ഞിരുന്നു.
36 വർഷത്തോളം നാവികസേനയിൽ സേവനമനുഷ്ഠിച്ച് വിരമിച്ച ക്യാപ്റ്റൻ പി. രാജ്കുമാർ 61-ാം വയസ്സിൽ കഥകളി പഠിച്ച് അരങ്ങേറ്റം കുറിക്കുമ്പോൾ അതിന് വർഷങ്ങൾ നീണ്ട മോഹത്തിന്റെ കഥയുമുണ്ടായിരുന്നു. കുട്ടിക്കാലത്ത് മുത്തച്ഛനായ നിലമ്പൂർ കോവിലകത്ത് കുഞ്ഞുകുട്ടൻ തമ്പാന്റെ അടുക്കൽ പോകുമ്പോഴായിരുന്നു രാജ്കുമാറിന് കഥകളി കാണാനും ആസ്വദിക്കാനുമുള്ള അവസരം കിട്ടിയത്. അതോടെ കഥകളി പഠിക്കണമെന്ന മോഹം കലശലായെങ്കിലും സാധിച്ചില്ല. “മഞ്ചേരി കോളേജിൽ ഡിഗ്രി പഠനം കഴിഞ്ഞ് നാവികസേനയിൽ ചേർന്നു. സൈനിക ജീവിതത്തിൽ ഏറിയ പങ്കും ഹെലികോപ്റ്ററിലായിരുന്നു. നാവികസേനയിലെ ഹെലികോപ്റ്റർ ട്രെയിനിങ് സ്കൂളിൽ കമാൻഡിങ് ഓഫീസറായിരുന്ന സമയത്തും കഥകളി മനസ്സിൽ മായാതെയുണ്ടായിരുന്നു” -രാജ്കുമാർ പറയുന്നു.
2018-ലെ പ്രളയകാലത്ത് 26 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയ അപൂർവ ദൗത്യത്തിന് ഏഷ്യൻ മാൻ ഓഫ് ദ ഇയർ പുരസ്കാരം ഉൾപ്പെടെ നേടിയ രാജ്കുമാർ സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ ശൗര്യചക്രയും നേടിയിട്ടുണ്ട്. നാവികസേനയിൽനിന്ന് വിരമിച്ചശേഷം കഥകളി പഠിക്കാനുള്ള നിയോഗം തന്നെ തേടി വരുകയായിരുന്നെന്നാണ് രാജ്കുമാർ പറയുന്നത്. “ഒരു ദിവസം തൃപ്പൂണിത്തുറ പൂർണത്രയീശക്ഷേത്രത്തിൽ തൊഴാൻ പോയപ്പോഴാണ് രാജേന്ദ്രൻഗുരു വീട്ടിൽ കഥകളി പഠിപ്പിക്കുന്നതായി അറിഞ്ഞത്. അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ അടുത്തദിവസംതന്നെ ചെല്ലാൻ പറഞ്ഞു. അവിടെയെത്തിയപ്പോഴാണ് ആറുവയസ്സുകാരൻ മുതൽ 60 വയസ്സുകാരൻ വരെ അവിടെ പഠിക്കുന്നുണ്ടെന്ന് മനസ്സിലായത്” - അദ്ദേഹം പറഞ്ഞു.
54 വയസ്സുള്ള സഹോദരി ഗായത്രിഗോവിന്ദിനെയും കൂട്ടിയായിരുന്നു രാജ്കുമാറിന്റെ കഥകളിപഠനം. നേരത്തേ നൃത്തം പഠിച്ചിട്ടുള്ള ഗായത്രി തൃപ്പൂണിത്തുറ ചോയ്‌സും കാക്കനാട് സൻസ്കാരയും അടക്കമുള്ള സ്കൂളുകളിൽ അധ്യാപികയായിരുന്നു. ആദർശ് സ്പെഷ്യൽ സ്കൂൾ ഹെഡ് ആയ ഭാര്യ പ്രിയദർശിനിയും മക്കളായ ഉത്തരയും അമർത്യയും രാജ്കുമാറിന്റെ കഥകളി മോഹത്തിന് പിന്തുണയുമായുണ്ട്. വർമ ആൻഡ് വർമയിൽ സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റായ ഭർത്താവ് വിജയ് നാരായണൻ ഗോവിന്ദിന്റെ പിന്തുണയാണ് ഗായത്രിയുടെ കരുത്ത്.
സഹോദരിക്കൊപ്പം ഞായറാഴ്ച അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ സീ കിങ് ഹെലികോപ്റ്റർ പച്ചകുത്തിയ കൈകൾകൂപ്പി രാജ്കുമാർ പറയുന്നത് ഒന്നു മാത്രം- “വർഷങ്ങളോളം മനസ്സിൽ കൊണ്ടുനടന്ന കഥകളി ഇന്ന് ശരീരത്തിൽ കൊണ്ടുവരാനുള്ള ശ്രമമാണ്. പഠിച്ചതൊന്നും തെറ്റാതെ കളിക്കാൻ കഴിയണേ!”
Content Highlights: Captain P. Rajkumar fulfills his lifelong dream of performing Kathakali after retiring from the Navy
Published: 20 Sept 2025, 07:48 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented