മാവേലിക്കര: ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിലുള്ള ദ്വിദിന ദേശീയ സാഹിത്യോത്സവം മാവേലിക്കരയിൽ കന്നഡ സാഹിത്യകാരി പ്രതിഭ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഇന്നലെകളെ കണ്ടെത്താൻ ഇന്നിനെ ഒഴിവാക്കുന്നത്‌ നല്ല പ്രവണതയല്ലെന്നും ഇന്നിലേക്കുള്ള യാത്രയിൽ എന്തെല്ലാം പിന്നിൽ അവശേഷിപ്പിച്ചു എന്ന തിരിച്ചറിയലാണ്‌ ജീവതമെന്നും പ്രതിഭ നന്ദകുമാർ പറഞ്ഞു.

To advertise here,

ഓണാട്ടുകര സാഹിതി പ്രസിഡന്റ് ഡോ. മധു ഇറവങ്കര അധ്യക്ഷനായി. തമിഴ് കവി മാലൻ നാരായണൻ വൈഖരി സ്മരണിക പ്രകാശനം ചെയ്തു. വലിയ ത്യാഗംചെയ്യുന്ന വേരുകളെ ആരും പ്രശംസിക്കാറില്ലെന്നും അതുപോലെയാണ്‌ പലപ്പോഴും ഇന്നലെകളെന്നും മാലൻ നാരായണൻ പറഞ്ഞു. തോഡ ഗോത്രവർഗത്തിൽനിന്നുള്ള എഴുത്തുകാരി വാസമല്ലി, ഡോ. പി.കെ. ജനാർദനക്കുറുപ്പ്, ഡോ. എ.വി. ആനന്ദരാജ്, സാഹിതി സെക്രട്ടറി ജോർജ് തഴക്കര, ജോയിന്റ് സെക്രട്ടറി ബിനു തങ്കച്ചൻ, ട്രഷറർ ശശികുമാർ മാവേലിക്കര, പ്രൊഫ. വി.ഐ. ജോൺസൺ, പ്രൊഫ. വി.സി. ജോൺ, ഏവൂർ രാധാകൃഷ്ണൻ, സോമശേഖരൻ ഉണ്ണിത്താൻ, പ്രൊഫ. വി. രാധാമണിക്കുഞ്ഞമ്മ, ചന്ദ്രശേഖരൻപിള്ള ഹരിപ്പാട് എന്നിവർ പ്രസംഗിച്ചു.

പ്രൊഫ. മാമൻ വർക്കി, എസ്. നാഗദാസ് എന്നിവരെ സാഹിതി വൈസ് പ്രസിഡന്റ് കെ.കെ. സുധാകരൻ ആദരിച്ചു. സത്യാനന്തര കാലത്തെ കഥാലോകം സർഗസംവാദത്തിൽ ടി.എൻ. ദേവിപ്രസാദ്, മനോജ് ജാതവേദര്, വി. ഷിനിലാൽ എന്നിവർ പങ്കെടുത്തു. സ്ത്രീ-കവിത-അതിജീവനം സർഗസംവാദത്തിൽ യമുനാ ഹരീഷ് മോഡറേറ്ററായി. ഉഷ അനാമിക, ജെ. പ്രമീളാദേവി, ആര്യാംബിക, കണിമോൾ എന്നിവർ സംസാരിച്ചു. യാത്രകൾ നമ്മോടു പറയുന്നത് സർഗസംവാദത്തിൽ സുരേഷ് മണ്ണാറശാല മോഡറേറ്ററായി. ബിന്ദു ആർ. തമ്പി, കെ.ബി. പ്രസന്നകുമാർ, സി. അനൂപ്, നന്ദിനി മേനോൻ എന്നിവർ പ്രസംഗിച്ചു. ഗിരീഷ് പുലിയൂർ കാവ്യ മൽഹാർ അവതരിപ്പിച്ചു.

സാഹിത്യോത്സവം ഞായറാഴ്ച സമാപിക്കും. രാവിലെ ഒൻപതിന് ഇലയിൽനിന്നു വേരിലേക്ക് സർഗസംവാദം, 11.30-ന് നോവൽ-കാലം-ശില്പം എന്ന വിഷയത്തിൽ സംവാദം, ഉച്ചയ്ക്കു രണ്ടിന് പുതു നോവലുകളുടെ രസതന്ത്രം എന്ന വിഷയത്തിൽ സംവാദം എന്നിവ നടക്കും. 3.30-ന് സമാപന സമ്മേളനം ആഷാ മേനോൻ ഉദ്ഘാടനം ചെയ്യും.