ശാസ്താംകോട്ട : ശാസ്താംകോട്ട ജങ്ഷനിൽ യാത്രക്കാരുടെ ജീവനു ഭീഷണിയായി പാതയോരങ്ങളിൽ നിന്ന വലിയ വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി. പട്ടണത്തിൽ ട്രാഫിക് ഐലൻഡിനു സമീപം ഗതാഗതത്തിനു തടസ്സമായി നിന്ന ബദാം മരവും കരുനാഗപ്പള്ളി പാതയിൽ ഐ.സി.എസിനു സമീപത്തെ മരവും മുറിച്ചുമാറ്റി. പാതകൾ കിഫ്ബിയുടെ അധീനതയിലായതിനാൽ അവർ ഇടപെട്ടാണ് ശനിയാഴ്ച മരങ്ങൾ മുറിച്ചത്.

To advertise here,

 

ചുവടുദ്രവിച്ചും ശിഖരങ്ങൾ താഴ്ന്ന് ഒടിഞ്ഞുവീഴുന്ന അവസ്ഥയിലുമായ മരങ്ങൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഭീഷണിയായിരുന്നു. ശാസ്താംകോട്ട ബസ്‌ സ്റ്റോപ്പിനും പോസ്റ്റ് ഓഫീസിനും സമീപത്തുംനിന്ന വാകമരങ്ങളുടെ ശിഖരങ്ങളാണ് ഏറെ അപകടകരമായ അവസ്ഥയിലുണ്ടായിരുന്നത്‌. മഴക്കാലത്ത്‌ അവ താഴ്ന്ന് യാത്രക്കാരുടെ തലയ്ക്കുമീതേ ഏതുസമയവും ഒടിഞ്ഞുവീഴുന്ന നിലയിലായിരുന്നു. ജീവനക്കാരും കോളേജ്‌-സ്‌കൂൾ വിദ്യാർഥികളുമടക്കം ബസ് കാത്തുനിൽക്കുന്നത് ഈ മരങ്ങളുടെ കീഴേയായിരുന്നു.

 

കൂടാതെ അടുത്തിടെയുണ്ടായ കാറ്റിലും മഴയിലും തെക്കേ ബസ് സ്റ്റോപ്പിനും ഓട്ടോ സ്റ്റാൻഡിനും സമീപത്തുനിന്ന വലിയ വാകമരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണത് ആശങ്കപരത്തി. ഓട്ടോ തൊഴിലാളികളും യാത്രക്കാരും തലനാരിഴയിടയ്ക്കാണ് രക്ഷപ്പെട്ടത്.

മരങ്ങളുയർത്തുന്ന അപകടഭീഷണി സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. ഇത്തരം വൃക്ഷങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ‘മാതൃഭൂമി’ വാർത്ത ഉൾപ്പെടുത്തി ടൗൺ വാർഡ് അംഗം എസ്. ദിലീപ്കുമാർ കിഫ്ബി അധികൃതർക്കും മന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് അടിയന്തര നടപടിയുണ്ടായത്.

 

​തേനി ദേശീയപാതയിലെ സ്ഥിതി ഗുരുതരം

കൊല്ലം-തേനി ദേശീയപാതയോരത്ത് ഒട്ടേറെ മരങ്ങൾ ചുവടുദ്രവിച്ച് വീഴാവുന്ന അവസ്ഥയിലുണ്ട്‌. ഭരണിക്കാവിനും ശൂരനാട് വയ്യാങ്കരയ്ക്കുമിടയിൽ 12 വൃക്ഷങ്ങൾ ഇത്തരത്തിൽ നിൽക്കുന്നെന്നാണ്‌ ദേശീയപാത അതോറിറ്റിക്ക് നാട്ടുകാർ നൽകിയ പരാതിയിലുള്ളത്.

അപകടകരമാംവിധം പലതും ഉണങ്ങി പാതയിലാണ് നിൽക്കുന്നത്. മഴയും കാറ്റുമുള്ളപ്പോൾ വലിയ കൊമ്പുകൾ ഒടിഞ്ഞ് പാതയിലേക്ക് വീഴുകയാണ്. ഇതുസംബന്ധിച്ച്‌ നാട്ടുകാർ ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.