മാവേലിക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ ഗതാഗതക്കുരുക്ക്
മാവേലിക്കര : മുനിസിപ്പൽ ബസ് സ്റ്റാൻഡിനു പുറത്ത് സ്റ്റോപ്പില്ലാത്ത ഭാഗത്ത് ബസുകൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. സ്റ്റാൻഡിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ബസുകൾ വടക്കോട്ടു തിരിയുന്ന ഭാഗത്ത് നടുറോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ചില സ്വകാര്യബസുകൾ ദീർഘസമയം ഇവിടെ നിർത്തിയിടുന്നത് മിച്ചൽ ജങ്ഷനിൽനിന്ന് വടക്കോട്ടുള്ള വൺവേ റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
കെ.എസ്.ആർ.ടി.സി. ബസുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ കയറാത്തതിനാൽ അവ പ്രതീക്ഷിച്ചാണ് യാത്രക്കാർ സ്റ്റാൻഡിനു വെളിയിലുള്ള റോഡരികിൽ ബസ് കാത്തുനിൽക്കുന്നത്. ഇതിനാൽ സ്റ്റാൻഡിൽനിന്ന് പുറത്തേക്കു വന്ന് തിരുവല്ല, ചെങ്ങന്നൂർ, പന്തളം ഭാഗങ്ങളിലേക്കു പോകുന്ന സ്വകാര്യബസുകളും പുറത്തെ റോഡിൽ നിർത്തിയിടും. പൊതുമേഖലാ ബാങ്കും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കെ.എസ്.ആർ.ടി.സി. ബസുകൾ കൂടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കയറിയാൽ മാത്രമേ സ്റ്റാൻഡിനു വെളിയിലുള്ള അനധികൃത സ്റ്റോപ്പ് നിർത്തലാക്കാനാകൂ. മൂന്നുവർഷം മുൻപ് ഒരു സന്നദ്ധസംഘടനയുടെ പരാതി പരിഗണിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കെ.എസ്.ആർ.ടി.സി. മാവേലിക്കര ഡിപ്പോ അധികൃതർക്ക് നോട്ടീസയച്ചിരുന്നു. കെ.എസ്.ആർ.ടി.സി. ബസുകൾ മാവേലിക്കര സ്റ്റാൻഡിൽ കയറാതിരിക്കാൻ സ്വകാര്യ ബസ് ജീവനക്കാർ ശ്രമിക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി. മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. മുനിസിപ്പൽ സ്റ്റാൻഡിൽ പ്രത്യേക ബസ്ബേ തയ്യാറാക്കി അവിടെ കെ.എസ്.ആർ.ടി.സി. മാത്രം എന്ന ബോർഡ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടിട്ടും നഗരസഭയും പോലീസും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. മനുഷ്യാവകാശ കമ്മിഷനു റിപ്പോർട്ടുനൽകി.
പിന്നീടു നടന്ന സിറ്റിങ്ങിൽ യാത്രക്കാർക്ക് സുരക്ഷിതമായി യാത്രചെയ്യാനുള്ള സൗകര്യമേർപ്പെടുത്താൻ നഗരസഭയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സുരക്ഷിതത്വം പോലീസ് ഉറപ്പാക്കണമെന്നും നഗരസഭാ ബസ് സ്റ്റാൻഡിലൂടെ കെ.എസ്.ആർ.ടി.സി. ബസുകൾ സർവീസ് നടത്തുന്നതിനുള്ള സഹായം മാവേലിക്കര നഗരസഭ ചെയ്യണമെന്നും മനുഷ്യാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. നഗരസഭയും പോലീസും കെ.എസ്.ആർ.ടി.സി.യും ഇക്കാര്യത്തിൽ കൂട്ടായ തീരുമാനമെടുക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടിരുന്നു.ഉത്തരവു വന്ന് മൂന്നുവർഷം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ നടപടിയൊന്നുമുണ്ടായില്ല. പോലീസും നഗരസഭയും ഗതാഗത ഉപദേശകസമിതിയും ശക്തമായി ഇടപെട്ടാലേ പ്രശ്നത്തിനു പരിഹാരമുണ്ടാകൂ.
വർഷങ്ങൾക്കു മുൻപ് ബസ് സ്റ്റാൻഡിനു വെളിയിലെ സ്റ്റോപ്പ് നിർത്തലാക്കാൻ താലൂക്ക് വികസനസമിതി യോഗം തീരുമാനിച്ച് ഗതാഗതവകുപ്പിനും പോലീസിനും കത്തു നൽകിയിരുന്നു.
Published: 21 Nov 2026, 01:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented