മാന്നാർ : ഏറെനാളായി തകർന്നുകിടക്കുന്ന കടപ്രമഠം ജങ്‌ഷൻ- കോളച്ചാൽ റോഡിലെ ദുരിതയാത്രയ്ക്കും‌ പരിഹാരമാകുന്നു. മാന്നാർ പഞ്ചായത്ത് മൂന്ന്, അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന കടപ്രമഠം-പരുമലക്കടവ് റോഡിന്റെ കടപ്രമഠം ജങ്‌ഷൻ മുതൽ വടക്കോട്ട് അഞ്ചാം വാർഡിലേക്കെത്തുന്ന കോളച്ചാൽ കലുങ്കു വരെയുള്ള ഭാഗം പുനർനിർമിക്കാൻ ജില്ല പഞ്ചായത്ത് ഫണ്ടിൽനിന്ന്‌ 11 ലക്ഷം രൂപ അനുവദിച്ചതായി ജില്ല പഞ്ചായത്തംഗം ജി. കൃഷ്ണകുമാർ അറിയിച്ചു.

To advertise here,

വീയപുരം-മാന്നാർ റോഡിൽനിന്നും തട്ടാരമ്പലം-മാന്നാർ റോഡിൽനിന്നും വരുന്ന വാഹനങ്ങൾക്ക് മാന്നാർ ടൗണിലെ തിരക്കിൽപ്പെടാതെ തിരുവല്ല ഭാഗത്തേക്കും തിരിച്ചും പോകുന്നതിനുമുള്ള ഒരു മിനി ബൈപ്പാസ് റോഡായതിനാൽ വലിയ വാഹനങ്ങൾ വരെ ഈ ഗ്രാമീണ റോഡിലൂടെയാണ് കടന്നുപോകുന്നത്. മാന്നാർ ടൗണിൽ ഗതാഗത തടസ്സമുണ്ടാകുമ്പോഴും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് കടപ്രമഠം-പരുമലക്കടവ് റോഡിലൂടെയാണ്. ഏറെ പ്രാധാന്യമുള്ള ഈ റോഡ് പുനർനിർമിക്കാൻ വർഷങ്ങളായി നാട്ടുകാർ മുറവിളി കൂട്ടുകയാണ്.

കോളച്ചാൽ കലുങ്കു മുതൽ പരുമലക്കടവ് വരെയുള്ള റോഡിന്റെ 73 മീറ്റർ ദൂരം മാന്നാർ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 7.5 ലക്ഷം രൂപ വകയിരുത്തി കോൺക്രീറ്റുചെയ്ത് പുനർനിർമിച്ചിരുന്നു. ബാക്കിയുള്ള 64 മീറ്റർ ദൂരം രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാൻ അനുവദിച്ച അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് കൊരുപ്പുകട്ട പാകുന്ന ജോലികൾ നടക്കുകയാണ്.