ശബരിമല തീർഥാടനത്തിന് ഇനി രണ്ടുമാസം മാത്രം

To advertise here,

ചെങ്ങന്നൂർ : ശബരിമല തീർഥാടനം തുടങ്ങാൻ ഇനി രണ്ടുമാസം മാത്രമുള്ളപ്പോൾ ചെയ്തുതീർക്കാൻ ഒട്ടേറെ കാര്യങ്ങൾ. ദിവസവും പതിനായിരക്കണക്കിനു തീർഥാടകർ എത്തുന്ന ചെങ്ങന്നൂരിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തനം വിവിധ വകുപ്പുകൾ തുടങ്ങേണ്ടതാണ്. എന്നാൽ, തീർഥാടനം തുടങ്ങാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് വകുപ്പുകൾ ഉണരുന്നത്. പേരിനൊരു അവലോകനയോഗവും നടക്കും.

മഹാദേവക്ഷേത്രത്തിനടുത്ത് കുന്നത്തുമലയിലെ ശബരിമല ഇടത്താവളം ഇത്തവണയും തീർഥാടകർക്കായി തുറക്കാൻ സാധ്യതയില്ല. നിലവിൽ 50 ശതമാനം നിർമാണം മാത്രമാണ് പൂർത്തിയായത്. സർക്കാർ, കിഫ്ബി, ദേവസ്വം ബോർഡ് എന്നിവർ ചേർന്നുള്ള നിർമാണം നാലുവർഷംമുൻപ് തുടങ്ങിയതാണ്. എന്നാൽ, കരാർ കമ്പനിയുടെ മെല്ലെപ്പോക്കും മറ്റു സാങ്കേതികക്കുരുക്കുകളും കാരണം പലപ്പോഴായി തടസ്സപ്പെട്ടു. ഇടയ്ക്ക് നിർമാണം നടക്കും. എല്ലാ വർഷവും നടക്കുന്ന അവലോകനയോഗത്തിൽ അടുത്ത തീർഥാടനകാലത്തിനു മുൻപായി തുറക്കുമെന്ന് ബന്ധപ്പെട്ടവർ പ്രഖ്യാപിക്കും. പക്ഷേ, നിർമാണം എപ്പോൾ പൂർത്തിയാകുമെന്നു പറയാനാകാത്ത സ്ഥിതിയാണ്.

തീർഥാടനം തുടങ്ങാൻ രണ്ടുമാസം മാത്രമുള്ളപ്പോഴും ശബരിമല ഉത്സവ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകളുടെ നിർമാണം തുടങ്ങിയില്ല. ചെങ്ങന്നൂർ മഹാദേവക്ഷേത്രം-കിഴക്കേനട ചിന്മയ റോഡ്, പി.ടി. ഉഷ റോഡ്, നേതാജി-വൈ.എം.സി.എ.-കൊട്ടരത്തുപറമ്പിൽ -പോലീസ് സ്റ്റേഷൻ റോഡ്, അരമന -തോട്ടിയാട് റോഡ്-ഗുരുമന്ദിരം -കല്ലുവരമ്പ്, പാണ്ഡവൻപാറ, ശ്രീകൃഷ്ണസ്വാമീക്ഷേത്രം-ത്രിവേണി റോഡ് എന്നിവയാണ് നവീകരിക്കേണ്ടത്. കഴിഞ്ഞവർഷം ഭരണാനുമതി ലഭിച്ച റോഡുകളാണിത്. ആറാമതും ടെൻഡർ വിളിച്ച് നടപടികൾ പുരോഗമിക്കുകയാണ്.

പുതിയ ബസുകൾ ഉണ്ടാകാനിടയില്ല

ശബരിമല സ്‌പെഷ്യൽ സർവീസിന് ഇത്തവണയും പുതിയ ബസുകൾ ഉണ്ടാകാനിടയില്ല. മുൻവർഷത്തെ അത്രയും ബസുകൾ ലഭിക്കും. കഴിഞ്ഞവർഷം മണ്ഡലകാലത്ത് 70 ബസും മകരവിളക്കുത്സവത്തിന് 100 ബസുമാണ് ലഭിച്ചത്. ഒക്ടോബർ ആദ്യവാരം നടക്കുന്ന സി.എം.ഡി.യുടെ യോഗത്തിലായിരിക്കും ഇത്തവണത്തെ സ്‌പെഷ്യൽ സർവീസിനു രൂപം കൊടുക്കുന്നത്.

റെയിൽവേ സ്റ്റേഷൻ നവീകരണം പ്രതിസന്ധിയിൽ

ഏറ്റവും കൂടുതൽ ശബരിമല തീർഥാടകരെത്തുന്ന ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണം പ്രതിസന്ധിയിൽ. 98.46 കോടിയുടെ ഭരണാനുമതിയായെങ്കിലും നിർമാണക്കരാർ സാങ്കേതികക്കുരുക്കിലാണ്. അതേസമയം, റെയിൽവേ സ്റ്റേഷനിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. ഏറ്റവും കുറഞ്ഞത് ദിവസവും 10,000 തീർഥാടകരാണ് റെയിൽവേ സ്റ്റേഷനിലെത്തുന്നത്. നിലവിൽ ഒരേസമയം ആയിരം പേർക്കുപോലും വിശ്രമിക്കാനുള്ള സൗകര്യമില്ല. ഇൻഫർമേഷൻ സെന്റർ, ടിക്കറ്റ് കൗണ്ടർ എന്നിവിടങ്ങളിലെ പ്ലാറ്റ്ഫോമിലെ ഷീറ്റ് മേൽക്കൂരയിലും ചോർച്ചയുണ്ട്. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ 13, 14 കോച്ചുകൾ നിർത്തുന്ന ഭാഗത്ത് മേൽക്കൂരയില്ല. മഴയാണെങ്കിൽ യാത്രക്കാർ നനഞ്ഞ് തീവണ്ടിയിൽ കയറണം.