ആലപ്പുഴ : ഗതാഗതക്കുരുക്കിൽ വലഞ്ഞ് പ്രസ് ക്ലബ്ബ്- വൈ.എം.സി.എ. റോഡിലെ യാത്രക്കാരും പ്രദേശവാസികളും. തിരക്കേറിയ സമയത്ത് റോഡിലുടെ നടക്കാൻപോലും സാധിക്കാത്ത അവസ്ഥയാണ്. ഗതാഗതക്കുരുക്ക് ഉണ്ടാക്കരുതെന്ന അധികൃതരുടെ നിർദേശങ്ങളും ഉത്തരവും കാറ്റിൽപറത്തി റോഡരികിലെ അനധികൃത പാർക്കിങ്ങും തുടരുകയാണ്.
ആലപ്പുഴ പ്രസ് ക്ലബ്ബിനും എസ്.ഡി.വി.സ്കൂളിനും ഇടയിലൂടെ പടിഞ്ഞാറോട്ടുള്ള റോഡിലാണ് ഗതാഗതക്കുരുക്കു കാരണം പ്രദേശവാസികൾക്കു പുറത്തേക്കിറങ്ങാൻപോലും സാധിക്കാത്തത്. നൂറുകണക്കിനു പ്രദേശവാസികളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. വീതികുറഞ്ഞ റോഡായതിനാൽ വലിയ ബുദ്ധിമുട്ടിലാണ് പ്രദേശവാസികൾ. ജില്ല കോടതിപ്പാലം പണിനടക്കുന്നതിനാൽ ഒട്ടേറെപ്പേരാണ് ഈ റോഡുപയോഗിക്കുന്നത്.
പ്രദേശത്ത് നൂറിലധികം വീടുകളെക്കൂടാതെ, അമ്പലപ്പുഴ താലൂക്ക് ഓഫീസ്, ഗവ.പ്രൈമറി സ്കൂൾ, ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ്, കയർയന്ത്ര നിർമാണ ഫാക്ടറി എന്നിവയെല്ലാം ഈ റോഡുപരിസരത്താണ് സ്ഥിതിചെയ്യുന്നത്. കുടാതെ, കുടുംബശ്രീയുടെ ഭക്ഷണശാലയും സമീപത്തു പ്രവർത്തിക്കുന്നുണ്ട്.
എസ്.ഡി.വി. സെൻട്രൽ സ്കൂളിലെ കുട്ടികളുമായി രാവിലെയും വൈകീട്ടും ഒട്ടേറേ വാഹനങ്ങളാണ് ഈ വഴിയിലുടെ എത്തുന്നത്. സ്കൂളിലേക്കെത്തുന്ന വാഹനങ്ങൾ പലതും റോഡരികിലാണു പാർക്കുചെയ്യുന്നത്.
ഇതാണ് ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കളക്ടർ, നഗരസഭ, പോലീസ്, മോട്ടോർവാഹനവകുപ്പ്, എന്നിവർക്കു പ്രദേശവാസികൾ പരാതി നൽകിയിരുന്നു. എന്നിട്ടും പരിഹാരമില്ല.
അനധികൃത പാർക്കിങ് പാടില്ലെന്ന് എം.വി.ഡി. നിർദേശവുമുള്ളതാണ്. ഇതും പാലിക്കുന്നില്ല. തിരക്കേറിയ സമയത്ത് പ്രദേശവാസികൾക്ക് അത്യാഹിതമുണ്ടായാൽപ്പോലും വാഹനവുമായി പുറത്തേക്കിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.
സ്കൂളിലേക്കുവരുന്ന വാഹനം സ്കുളിന്റെ മൈതാനത്തുതന്നെ പാർക്കുചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നഗരത്തിൽ വാഹന പാർക്കിങ് വലിയൊരു പ്രശ്നമായിമാറിയിരിക്കുകയാണ്. ജില്ല കകോടതിപ്പാലം പണികൂടി നടക്കുന്നതോടെ നഗരത്തിലെത്തുന്ന വാഹനങ്ങൾ പാർക്കുചെയ്യാൻ സ്ഥലമില്ലാതെ ഉടമകൾ വിഷമിക്കുകയാണ്. നഗരചത്വരത്തിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടെയും വാഹന പാർക്കിങ് നടക്കില്ല.
Published: 16 Sept 2026, 02:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented