ചെട്ടികുളങ്ങര : ചെട്ടികുളങ്ങര-ചേപ്പാട് നിർദിഷ്ട ബൈപ്പാസ് ഉള്ളിട്ടപുഞ്ചയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന പഞ്ചായത്തുകളെ കൂട്ടിയിണക്കുന്ന ‘ഒരുമയുടെ പാത’യാകുമെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു. ആചാരപരമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന പ്രമുഖ ആരാധനാലയങ്ങളിലേക്കു നിത്യേനയെന്നോണം ദർശനത്തിനെത്തുന്ന ഇരുകരകളിലുമുള്ളവർക്കും പുഞ്ചക്കൃഷിക്കായി പരസ്പരം സഹകരിച്ചുപോരുന്ന മൂന്നു പഞ്ചായത്തുകളിലെയും കർഷകർക്കും പുതിയ പാത ഗുണംചെയ്യും.
യാത്രക്കാർക്കു ചെട്ടികുളങ്ങരയിൽനിന്ന് തട്ടാരമ്പലം, കരിപ്പുഴ വഴി ചുറ്റിക്കറങ്ങി നങ്ങ്യാർകുളങ്ങരയിലെത്തി ദേശീയപാതയിൽ പ്രവേശിക്കുന്നത് ഒഴിവാക്കി കേവലം ആറു കിലോമീറ്റർ സഞ്ചരിച്ചാൽ ചേപ്പാട്ടെത്തി ദേശീയപാത 66-ൽ കയറാം. ദേശീയപാതയിലേക്കുള്ള ദൂരം പകുതിയായി കുറയുമെന്നു ചുരുക്കം.
ചെട്ടികുളങ്ങര ക്ഷേത്രോത്പത്തിയുമായി ബന്ധമുള്ള കരിപ്പുഴത്തോടിന്റെ സംരക്ഷണം ബൈപ്പാസ് പദ്ധതിയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. ഓണാട്ടുകരയുടെ കാർഷികചരിത്രത്തിലും കരിപ്പുഴത്തോടിനു സ്ഥാനമുണ്ട്. മുൻകാലങ്ങളിൽ കെട്ടുവള്ളങ്ങളിൽ കാർഷിക ഉത്പന്നങ്ങൾ പ്രധാന ചന്തകളിലേക്കു കൊണ്ടുപോയിരുന്നത് ഈ തോട്ടിലൂടെയാണ്. ജനങ്ങൾ വള്ളത്തിൽ ഏവൂർ ഭാഗത്തുനിന്ന് ചെട്ടികുളങ്ങരയിലേക്കും തിരിച്ചും യാത്രചെയ്തിരുന്നതും ചരിത്രമാണ്. ഏവൂർ ഭാഗത്തുനിന്ന് ചെട്ടികുളങ്ങരയിലെത്താൻ ഉള്ളിട്ട പുഞ്ചയിലൂടെ നടവരമ്പുകളും ഇടയ്ക്ക് കരിപ്പുഴത്തോട്ടിൽ കടത്തുമുണ്ടായിരുന്നു. പുതിയ പാത വരുന്നതോടെ കാൽനടയായി വന്ന് ഏവൂരാറാട്ടും ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ചയും ദർശിക്കുവാൻ ഇരുകരകളിലുമുള്ളവർക്കു സാധിക്കും.
ചെട്ടികുളങ്ങര കുംഭഭരണി, മീനത്തിലെ അശ്വതി, എതിരേൽപ്പുത്സവം, ഏവൂരാറാട്ട് തുടങ്ങിയ പ്രധാന ഉത്സവവേളകളിൽ കായംകുളം-തിരുവല്ല സംസ്ഥാനപാതയിലും മുട്ടം-കായംകുളം റോഡിലും വലിയ ഗതാഗതക്കുരുക്ക് പതിവാണ്. ഈ വേളകളിൽ വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പുതിയ പാത ഉപകരിക്കും.
Published: 16 Oct 2026, 03:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented