വെൺമണി : രണ്ടുമാസം മുൻപുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്നു നദീതീരം ഇടിഞ്ഞിട്ടും പരിഹാരമായില്ല. വെൺമണി പഞ്ചായത്തിലെ അഞ്ചാംവാർഡിൽ ഇല്ലത്ത് മേപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിനു കിഴക്ക് വല്യമല ഭാഗത്ത് അച്ഛൻകോവിലാറിന്റെ തീരമാണ് ഇടിഞ്ഞത്. ഇതുമൂലം തീരത്തെ വീടുകൾ അപകടഭീതിയിലാണ്. മഴക്കാലത്ത് വെള്ളമുയരുകയും ഒഴുക്ക് ശക്തമാകുകയും ചെയ്യുന്നതോടെ നദീതീരങ്ങളിലെ മണ്ണ് ഇടിഞ്ഞുവീഴുന്ന സാഹചര്യം വർധിക്കുകയാണ്. ഇതുമൂലം നദീതീരത്തോടു ചേർന്നുള്ള മരങ്ങളും കടപുഴകി വീഴുന്ന സാഹചര്യമാണ്.

To advertise here,

തീരത്തെ വസ്തുവും നദിയെടുക്കുന്ന അവസ്ഥയാണ്. നദീതീരങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമായിട്ടും ജലസേചനവകുപ്പോ റവന്യൂ അധികാരികളോ നടപടിയൊന്നുമെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. മണ്ണിടിച്ചിൽ രൂക്ഷമായ സ്ഥലങ്ങളിൽ തീരം കെട്ടിസംരക്ഷിക്കണം. എന്നാൽ, ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും വകുപ്പുകൾ അലംഭാവം കാണിക്കുകയാണ്. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടിസംരക്ഷിച്ചില്ലെങ്കിൽ ഇതിനോടുചേർന്ന കൂടുതൽ നദീതീരങ്ങൾ ഇടിയാനുള്ള സാധ്യതയുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ജലസേചന-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നദിയുടെ ബലക്ഷയമുള്ള ഭാഗങ്ങൾ സന്ദർശിച്ച് തീരം കെട്ടാൻ അടങ്കൽ തയ്യാറാക്കണമെന്നാണ് ആവശ്യം.