പൂച്ചാക്കൽ : പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡ് കുറവഞ്ചങ്ങാട്ട് ഭാഗത്തെ റോഡിനടിയിലൂടെ വിന്യസിച്ചിരുന്ന പൈപ്പാണ് പൊട്ടിയത്. ജപ്പാൻ ശുദ്ധജല വിതരണ പദ്ധതി പ്രകാരം ശുദ്ധീകരിച്ച വെള്ളമാണ് ഇങ്ങനെ പാഴാകുന്നത്. മൂവാറ്റുപുഴ ആറിൽ നിന്നു മണപ്പുറം ഭാഗത്ത് കൂടി വേമ്പനാട്ട് കായലിനടിയിലൂടെ പൈപ്പിട്ടാണ് മാക്കേക്കടവിലെ ജപ്പാൻ കുടിവെള്ള പ്ലാന്റിൽ വെള്ളമെത്തിക്കുന്നത്. ഇവിടെ ശുദ്ധീകരിച്ച ശേഷമാണ് ചേർത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നത്.

To advertise here,

 

അരൂക്കുറ്റി പഞ്ചായത്ത് ഏഴാം വാർഡിൽ പൈപ്പ് പൊട്ടിയതോടെ ഇവിടുത്തെ റോഡും തകർന്നിട്ടുണ്ട്. പൈപ്പ് പൊട്ടി വെള്ളം റോഡിന്റെ താഴത്തെ പറമ്പിലേക്കാണ് ഒഴുകുന്നത്. പറമ്പ് കുളം പോലെയായി. റോഡിലൂടെ പോകുന്ന വഴിയാത്രക്കാർക്കാകെ ബുദ്ധിമുട്ടുകൾ വരുത്തിവെയ്ക്കുന്നുമുണ്ട്. ഇരുചക്രവാഹന യാത്രക്കാരും ഇതുമൂലം ബുദ്ധിമുട്ടിലാണ്.

 

അധികൃതരെ വിവരം അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. ജലഅതോറിറ്റിയും പഞ്ചായത്തും പ്രശ്‌നത്തിൽ ഉടനെ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നതാണ് ജനകീയആവശ്യം. ചേർത്തലയുടെ വടക്കൻ മേഖലകളിൽ ഗ്രാമീണ റോഡുകളിൽ പലയിടങ്ങളിലും പൈപ്പ് പൊട്ടിയിട്ടും അധികൃതർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന പരാതികൾ നേരത്തെ തന്നെയുണ്ട്.