വീയപുരം : വീയപുരം ഗ്രാമപ്പഞ്ചായത്തിലെ ആറ്, എട്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന കരിപ്പോലിൽ കലുങ്ക് അപകടാവസ്ഥയിലായി വർഷങ്ങളായിട്ടും പുനർനിർമിക്കാൻ നടപടിയില്ല. 30 വർഷങ്ങൾക്കു മുൻപ് പണിത കലുങ്കാണെന്ന് നാട്ടുകാർ പറയുന്നു. കലുങ്കിന്റെ കോൺക്രീറ്റിനുപയോഗിച്ച മെറ്റിലും കമ്പിയും സിമന്റും അടർന്നു തൂങ്ങിയ നിലയിലാണ്. ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലുള്ള കലുങ്കിലുടെയാണ് നാട്ടുകാരുടെ യാത്ര.

To advertise here,

 

ഹരിപ്പാട്-തിരുവല്ല സംസ്ഥാന പാതയിൽ കാരിച്ചാൽ കൈപ്പള്ളിൽ മുക്കിനു സമീപത്തുനിന്നു കരിപ്പോലിൽ ക്ഷേത്രത്തിനു മുന്നിലൂടെ വെള്ളംകുളങ്ങരയിൽ എത്തുന്ന റോഡിലാണ് കലുങ്കുള്ളത്. കാരിച്ചാൽ, വെള്ളംകുളങ്ങര കരകളെ ബന്ധിപ്പിക്കുന്ന കലുങ്ക് കർഷകരും കർഷകത്തൊഴിലാളികളും ഏറെ ആശ്രയിക്കുന്നുണ്ട്. കാരിച്ചാൽ പോട്ട കളയ്ക്കാട്, കരീപ്പാടം, ഇളവുംതറ പാടശേഖരങ്ങളിലേക്കുള്ള കർഷകരുടെ പ്രധാന യാത്രാമാർഗമാണിത്. കൃഷിയൊരുക്കു സമയത്ത് വിത്തും വളവും, വിളവെടുപ്പിനു യന്ത്രങ്ങളും ചെറിയ വാഹനങ്ങളിൽ എത്തിക്കുന്നത് ഇതുവഴിയാണ്. വീതികുറവുള്ള റോഡിനു ഇരുവശവും കുറ്റിക്കാടുകളും പടർന്ന് കയറിയിരിക്കുകയാണ്. ഇതിനൊപ്പമാണ് അപകടഭീഷണിയുള്ള കലുങ്കിലൂടെയുള്ള യാത്ര.

 

കരിപ്പോലിൽ തോട്ടിൽ 30 വർഷങ്ങൾക്കു മുൻപ് നിർമിച്ച കലുങ്ക് സംരക്ഷിക്കുന്നതിന് പിന്നീട് പദ്ധതികളുണ്ടായിട്ടില്ല. ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കടന്നു പോകുന്ന റോഡിലാണ് കലുങ്ക്. കോൺക്രീറ്റിളകി മെറ്റിലും സിമന്റും അടർന്നു പോയിരിക്കുകയാണ്. ഇരുമ്പു കമ്പികൾ തുരുമ്പെടുത്ത് നശിച്ചു തോട്ടിലേക്ക് വീണു കിടക്കുന്നു. വെള്ളപ്പൊക്കത്തിൽ കലുങ്കിന്റെ ഇരുഭാഗത്തും വലിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഒരോ മഴയിലും മണ്ണ് ഇടിഞ്ഞു പൊയ്‌ക്കൊണ്ടിരിക്കുകയാണ്.

കലുങ്കിനു ബലക്ഷയമുണ്ടായി മുകൾഭാഗം ഇരുത്തിയിട്ടുണ്ട്. ഇവിടെ റോഡിനു വീതിയും കുറവാണ്. അതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. റീബിൽഡിൽ ഉൾപ്പെടുത്തി കലുങ്കിനു പാർശ്വഭിത്തികളും പാടത്തേക്ക് ഇറങ്ങുന്നതിനുള്ള റാമ്പും കെട്ടിയിരുന്നു. എന്നാൽ, കലുങ്ക് പുനർനിർമിക്കുന്നതിന് നടപടിയായില്ല.

ഏതു നിമിഷവും തകരുമെന്ന ഭീഷണിയിലുള്ള കലുങ്ക് പുനർനിർമിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്‌ ക്കും. നൂറുകണക്കിനു കുടുംബങ്ങൾക്കും കർഷകർക്കും ആശ്രയമായ റോഡാണിത്. പലതവണ ജലസേചന വകുപ്പിനു നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി കലുങ്ക് പുനർനിർമിച്ച് യാത്രാ ബുദ്ധിമുട്ട് പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയാവശ്യം