ചെങ്ങന്നൂർ : ഈ വർഷത്തെ നെൽക്കൃഷിക്കായി പാടശേഖരങ്ങളിൽ കൃഷിയൊരുക്കം തകൃതിയായി നടക്കുമ്പോഴും കർഷകർ ആശങ്കയിലാണ്. കാലാവസ്ഥ ചതിക്കുമോ എന്ന പേടിയിലാണ് കർഷകർ. നിലമൊരുക്കിയ പാടശേഖരങ്ങളിൽ വിതയ്ക്കുന്നത് കർഷകർ നീട്ടിക്കൊണ്ടുപോകുകയാണ്. അടുത്ത ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുള്ളതിനാൽ വിതയ്ക്കുന്നത് കർഷകർ വൈകിപ്പിക്കുകയാണ്. കഴിഞ്ഞവർഷം തുലാമഴയ്ക്കൊപ്പം ന്യൂനമർദവുംകൂടി വന്നപ്പോൾ വിതച്ച പാടശേഖരങ്ങളിലെ വിത്തുകൾ വെള്ളത്തിലായി. വീണ്ടും വെള്ളംവറ്റിച്ച് രണ്ടാമത് വിതച്ചപ്പോഴേക്കും കൃഷി താളംതെറ്റുകയും ചെയ്തിരുന്നു. ഇത്തവണ പുലിയൂർ പഞ്ചായത്തിൽ വിത നീണ്ടപ്പോൾ കർഷകർ വിത്തുപാകി. മൂന്നാഴ്ച കഴിഞ്ഞശേഷം പറിച്ചുനടണം. ഇതിനായി പാടശേഖരം കർഷകർ ഒരുക്കിയിട്ടിരിക്കുകയാണ്.
ചെങ്ങന്നൂർ മേഖലയിൽ സെപ്റ്റംബർ പകുതിയോടെ കൃഷിക്കായുള്ള ഒരുക്കം തുടങ്ങിയിരുന്നു. പാടശേഖരസമിതികൾ വിത്തുകൾക്കായി കാലേക്കൂട്ടി കൃഷിഭവനുകളുമായി ബന്ധപ്പെട്ടെങ്കിലും ലഭിക്കാൻ താമസമെടുത്തു. ഉമയാണ് പാടശേഖരങ്ങളിൽ കൂടുതലും കൃഷിക്കായി ഉപയോഗിക്കുന്നത്. പുതുതായി വികസിപ്പിച്ച വിത്തുകൾ പരീക്ഷിക്കാൻ കർഷകർ തയ്യാറല്ല. മൂപ്പ് കുറവാണെങ്കിലും നെല്ലിന് തൂക്കമില്ലാത്തതും വിത്തു ലഭിക്കാനുള്ള ബുദ്ധിമുട്ടുമാണ് കാരണം. ഉമയാണ് ലഭിച്ചതിൽ അധികവും. വിത്തുകൾ ലഭിച്ചതോടെ കർഷകർ പാകിത്തുടങ്ങിയിരുന്നു. അതോടൊപ്പം മിക്ക പാടശേഖരങ്ങളിലും നിലമൊരുക്കൽ ജോലികൾ പുരോഗമിക്കുകയാണ്.
കാലാവസ്ഥയിൽ സംഭവിക്കുന്ന അടിക്കടിയുള്ള മാറ്റവും നെല്ലുസംഭരണവുമായി ബന്ധപ്പെട്ട നയം പ്രഖ്യാപിക്കാത്തതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. നവംബർ 15-നു മുൻപ് വിതയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് മിക്ക പാടശേഖരങ്ങളിലും പണികൾ പുരോഗമിക്കുന്നത്. അതേസമയം ഇനിയും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ട നിരവധി പാടശേഖരങ്ങളുണ്ട്. വെള്ളം ഒഴുകിപ്പോകാനുള്ള ചാലുകളും മറ്റും തെളിക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. പാടശേഖരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇത് അനിവാര്യമാണ്. ചെങ്ങന്നൂർ മേഖലയിൽ കൃഷിയോഗ്യമായ 1700 ഹെക്ടറിൽ ഇത്തവണ കൃഷിയിറക്കനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്.
Published: 09 Nov 2026, 01:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented