ഹരിപ്പാട് : തൃക്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തിലെ തീരഗ്രാമങ്ങളെ ദേശീയപാതയുമായി നേരിട്ടു ബന്ധിപ്പിക്കുന്നതിനായി പല്ലനയാറ്റിലെ അമ്പലാശ്ശേരിക്കടവിൽ പാലം വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങുന്നു. സമീപപ്രദേശങ്ങളിലെ യാത്രാസൗകര്യം ഏറെ മെച്ചപ്പെട്ടിട്ടും അമ്പലാശ്ശേരിക്കടവ് ഇന്നും അരനൂറ്റാണ്ട് പിന്നിലാണെന്ന് അവർ സങ്കടത്തോടെ പറയുന്നു. പാലം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ജനപ്രതിനിധികൾക്കും സർക്കാർ ഏജൻസികൾക്കും ഗ്രാമവാസികൾ നിവേദനം നൽകുകയാണ്.

To advertise here,

 

തൃക്കുന്നപ്പുഴയിലെ രണ്ടു മുതൽ ആറുവരെ വാർഡുകൾ ആറിന്റെ കിഴക്കേക്കരയിലാണ്. ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസും വില്ലേജ് ഓഫീസും കമ്യൂണിറ്റി ഹെൽത്ത് സെന്ററും പടിഞ്ഞാറെക്കരയിലെ തൃക്കുന്നപ്പുഴയിലാണ്. അവിടെയെത്താൻ കടത്തുവള്ളം മാത്രമാണ് ആശ്രയം. തീരത്തെ താമസക്കാർ ഈ കടത്തുകടന്ന് അമ്പലാശ്ശേരിക്കടവ്-നാരകത്തറ റോഡിലൂടെയാണ് ദേശീയപാതയിൽ കയറി ഹരിപ്പാട്ടെത്തുന്നത്.

 

ഇവിടത്തെ അപകടകരമായ കടത്തുയാത്ര ഒഴിവാക്കണമെങ്കിൽ ഏറെദൂരം ചുറ്റിക്കറങ്ങിപ്പോകണം. യാത്രാദൂരം കുറയ്ക്കാനാണ് ആളുകൾ കടത്തുവള്ളത്തിൽ ഇരുചക്രവാഹനങ്ങളുമായി ആറുകടക്കുന്നത്. ഏറെക്കാലമായി തുടരുന്ന ഈ ദുരിതയാത്രയ്ക്ക് അറുതിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അമ്പലാശ്ശേരിക്കടവ് ഭാഗത്ത് ആറിന് 100 മീറ്ററിലധികം വീതിയുണ്ട്. അനന്തപുരം, ഹരിപ്പാട് എന്നിവിടങ്ങളിലെ പള്ളിക്കൂടങ്ങളിൽ പഠിക്കുന്ന കുട്ടികൾ സൈക്കിളുമായാണ് കടത്തുവള്ളത്തിൽ കയറുന്നത്. മഴയും കാറ്റുമുള്ളപ്പോൾ യാത്ര അപകടകരമാണ്. എങ്കിലും മറ്റുമാർഗമില്ലാത്തതിനാൽ ഈ വഴിതന്നെ കുട്ടികൾ തിരഞ്ഞെടുക്കുകയാണ്.

തൃക്കുന്നപ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ പാനൂർ, പള്ളിമുക്ക്, ചേലക്കാട്, തോപ്പിൽ ജങ്ഷൻ, പുത്തൻപുരയ്ക്കൽ ജങ്ഷൻ എന്നീ ഭാഗങ്ങളിലുള്ളവർക്ക് വളരെവേഗം, താലൂക്ക് ആസ്ഥാനമായ ഹരിപ്പാട് എത്തിച്ചേരാൻ കഴിയുന്നത് അമ്പലാശ്ശേരിക്കടവ് വഴിയാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രി, ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രികൾ, ടെക്‌നിക്കൽ ഹൈസ്‌കൂൾ, റവന്യൂ ടവർ, സുബ്രഹ്‌മണ്യസ്വാമീ ക്ഷേത്രം, മണ്ണാറശാല നാഗരാജാ ക്ഷേത്രം, അനന്തപുരം ഹയർ സെക്കൻഡറി സ്‌കൂൾ, ഹരിപ്പാട് ഗവ. ബോയ്‌സ് സ്‌കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിലേക്കു പോകുന്നവരും ഇതേ വഴിയാണ് ഉപയോഗിക്കുന്നത്. അമ്പലാശ്ശേരിക്കടവിന്റെ കിഴക്കുഭാഗത്തുനിന്നു കെ.എസ്‌.ആർ.ടി.സി.യും സ്വകാര്യബസുകളും ഹരിപ്പാട്ടേക്കു സർവീസ് നടത്തുന്നുണ്ട്. ഇതും കടത്തുകടന്നെത്തുന്നവർക്ക് സഹായമാണ്.