കള്ളിങ് നടത്തിയത് ചെന്നിത്തല-തൃപ്പെരുന്തുറ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ

To advertise here,

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ടു പഞ്ചായത്തുകളിലായി ബുധനാഴ്ച 18,620 വളർത്തുപക്ഷികളെ കൊന്നു മറവുചെയ്തു. ചെന്നിത്തല-തൃപ്പെരുന്തുറ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കള്ളിങ് നടത്തിയത്. രോഗംകണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണു വളർത്തുപക്ഷികളെ ശാസ്ത്രീയമായി കൊന്നൊടുക്കി(കള്ളിങ്)യത്.

ജില്ല മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ എട്ടു ദ്രുതകർമ സേനകളാണ് കള്ളിങ് നടത്തിയത്. ഒാരോസംഘത്തിലും ഒരു ഡോക്ടർ, രണ്ടു ലൈഫ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, രണ്ട്‌ അറ്റൻഡർമാർ എന്നിവരും നാലു തൊഴിലാളികളുമുണ്ടായിരുന്നു. ഇതിനുപുറമേ, പഞ്ചായത്തംഗം, പോലീസ്, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ എന്നിവരും പങ്കാളികളായി. പി.പി.ഇ. കിറ്റടക്കം ധരിച്ചാണു സേനാഗംങ്ങൾ പ്രവർത്തിച്ചത്.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡിലെ ഫാമിലെ കാടകളിലും കോഴികളിലും ചെന്നിത്തല പഞ്ചായത്ത് ഒന്നാം വാർഡിലെ ഫാമിലെ താറാവുകളിലും കോഴികളിലുമാണു കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. അമ്പലപ്പുഴ വടക്കിൽ 7,331 വളർത്തുപക്ഷികളെയും ചെന്നിത്തല-തൃപ്പെരുന്തുറയിൽ 11,289 വളർത്തുപക്ഷികളെയുമാണു കൊന്നൊടുക്കിയത്. പ്രഭവകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധി നിരീക്ഷണമേഖലയാണ്. ഇവിടെ ഒരാഴ്ചത്തേക്കു കോഴി, താറാവ്, മുട്ട, ഇറച്ചി, കാഷ്ഠം, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ വിപണനവും കടത്തലും നിരോധിച്ചിട്ടുണ്ട്. പ്രഭവകേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നുനശിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. മൂന്നുമാസത്തേക്കു പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്. പുതുതായി എവിടെയും രോഗം റിപ്പോർട്ടു ചെയ്തിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പധികൃതർ അറിയിച്ചു.

ചിലയിടങ്ങളിൽ തർക്കം

രാവിലെ തന്നെ കള്ളിങ് നടപടികൾ ആരംഭിച്ചെങ്കിലും ചിലയിടങ്ങളിൽ നാട്ടുകാരുടെ നേതൃത്വത്തിൽ എതിർപ്പുണ്ടായതു പ്രവർത്തനത്തെ ബാധിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ഒരു വീട്ടിൽ വളർത്തുപക്ഷികളെ വിട്ടുനൽകാൻ വീട്ടുകാർ വിസമ്മതിച്ചതു തർക്കത്തിനിടയാക്കി. തുടർന്നു പോലീസും ജനപ്രതിനിധികളും ഇടപെട്ടാണു പ്രശ്‌നം പരിഹരിച്ചത്. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തുകളിലും സമാന സംഭവമുണ്ടായെങ്കിലും വൈകീട്ട് ആറിനു തീയിട്ടു കൊന്നുനശിപ്പിക്കുന്ന ജോലികൾ പൂർത്തിയായി.

ക്രിസ്മസ്-പുതുവത്സര വിപണിക്കു തിരിച്ചടി

ക്രിസ്മസ്-പുതുവത്സര കച്ചവടം പ്രതീക്ഷിച്ച കർഷകർക്കു പക്ഷിപ്പനി തിരിച്ചടിയായി. കുട്ടനാടൻ താറാവിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് ക്രിസ്മസ് സീസണിലാണ്. കോഴി, താറാവ് എന്നിവയ്ക്കുപുറമേ, മുട്ടയ്ക്കും കച്ചവട നിയന്ത്രണം ഏർപ്പെടുത്തിയതു കർഷകർക്കു തിരിച്ചടിയായി. പ്രഭവകേന്ദ്രങ്ങളുടെ 10 കിലോമീറ്റർ പരിധി നിരീക്ഷണമേഖലയാക്കിയതാണു പ്രതിസന്ധി കടുപ്പിക്കുന്നതെന്നും കർഷകരെ ദുരിതത്തിലാക്കുന്ന നടപടിയാണിതെന്നും ഐക്യ താറാവു കർഷകസംഘം ജില്ല പ്രസിഡന്റ് ബി. രാജശേഖരൻ പറഞ്ഞു.

നിലവിൽ ചെറിയ പ്രദേശത്തുമാത്രമാണു പക്ഷിപ്പനി റിപ്പോർട്ടു ചെയ്തിട്ടുള്ളത്. ചെന്നിത്തലയിൽ ആറുദിവസം മാത്രം പ്രായമുള്ള താറാവുകൾക്ക്‌ ദേശാടനപ്പക്ഷികളിൽനിന്ന് എങ്ങനെ വൈറസ് ബാധയേറ്റു എന്നതും വ്യക്തമല്ല. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനിമൂലം 77,896 താറാവുകളെ നഷ്ടപ്പെട്ട കർഷകർക്കു നഷ്ടപരിഹാരം നൽകാൻ സർക്കാരുകൾ തയ്യാറായിട്ടില്ല. പതിവായി സീസണിൽ പക്ഷിപ്പനി റിപ്പോർട്ടു ചെയ്യുന്നതുമൂലം മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.ഒ.പി. നടപ്പാക്കണം -ഓൾ കേരള പൗൾട്രി ഫെഡറേഷൻ

:പക്ഷിപ്പനി നിയന്ത്രണവിധേയമാക്കുന്നതിനു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ (എസ്.ഒ.പി.) നടപ്പാക്കണമെന്ന്‌ ഓൾ കേരള പൗൾട്രി ഫെഡറേഷൻ ആവശ്യപ്പെട്ടു.

ജില്ല ഭരണകൂടം മുൻകൈയെടുത്തു ഫെഡറേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി ജില്ല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കണം. 15 വർഷം തുടർച്ചയായി ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ടു ചെയ്യുന്നതു പൗൾട്രി മേഖലയിലെന്നപോലെ കേരളത്തിന്റെ സമ്പദ്ഘടന, ടൂറിസം, ഭക്ഷ്യമേഖല എന്നിവയെയും സാരമായി ബാധിച്ചു.

പക്ഷിപ്പനി നിയന്ത്രിക്കാൻ മുൻകരുതൽ നടപടി ശക്തമാക്കണമെന്നും കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി എസ്.കെ. നസീർ ആവശ്യപ്പെട്ടു.