കോടതിയുത്തരവുമായി വന്നവർക്ക് പുനർനിയമനമില്ല

To advertise here,

ആലപ്പുഴ : പിരിച്ചുവിടപ്പെട്ട ജീവനക്കാർ ഹൈക്കോടതിയുത്തരവുമായി എത്തിയിട്ടും പുനർനിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു. നേതാക്കൾ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) ജില്ല പ്രോഗ്രാം മാനേജരുടെ ഓഫീസിൽ മണിക്കൂറുകളോളം കുത്തിയിരുന്നു.

മുൻ എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ മുതൽ വൈകീട്ടുവരെ സമരം നടത്തിയത്. കോടതിയുത്തരവിൽ വ്യക്തവരുത്തി നൽകുകയോ എൻ.എച്ച്.എം. സംസ്ഥാന മിഷൻ ഡയറക്ടറുടെ ഉത്തരവുമായി വരുകയോ ചെയ്താൽ പുനർനിയമനം നൽകാമെന്ന് അധികൃതർ എഴുതി നൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റതോടെ ജില്ലയിലെ 90 എൻ.എച്ച്.എം. ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ഒട്ടേറെപ്പേർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഇടക്കാലവിധി നേടി. ഇതനുസരിച്ച് ഒൻപത് ആയുർവേദ, ഹോമിയോ, സിദ്ധ വിഭാഗങ്ങളിലായി ഡോക്ടർമാർക്ക് പുനർനിയമനവും നൽകി. എന്നാൽ, കോടതിയുത്തരവുമായി വന്ന ആറുജീവനക്കാർക്ക് പുനർനിയമനം നൽകിയില്ല.

ഉത്തരവിലെ അവ്യക്തതയാണ് കാരണംപറഞ്ഞത്. ഇതോടെയാണ് സി.ഐ.ടി.യു. നേതാക്കൾ സമരവുമായെത്തിയത്.

സമരക്കാരെത്തുമ്പോൾ തിരുവനന്തപുരത്ത് കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു ജില്ല പ്രോഗ്രാം മാനേജർ. എന്നിട്ടും അദ്ദേഹത്തിന്റെ മുറിക്കുള്ളിലിരുന്ന് നേതാക്കൾ മുദ്രാവാക്യം മുഴക്കി. തീരുമാനമാകാതെ പോകില്ലെന്നായിരുന്നു നിലപാട്.

ഇതിനിടെ പിരിച്ചുവിടപ്പെട്ട സി.ഐ.ടി.യു. നേതാവായ ജീവനക്കാരൻ ടി.ബി. കേന്ദ്രത്തിൽ ജോലിയിൽ അനുമതിയില്ലാതെ പ്രവേശിച്ച് ഒപ്പിട്ടതായി പരാതിയുയർന്നു. ഹൈക്കോടതി ഉത്തരവുമായി ഇദ്ദേഹം കഴിഞ്ഞദിവസമെത്തിയെങ്കിലും വയസ്സിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി പുനർനിയമനം നൽകിയില്ല.

ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും കേസ് പരിഗണിക്കും. ഇടത് അനുഭാവികൾ, ജോലിയിൽ മികവില്ലാത്തവർ, സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ടവർ തുടങ്ങിയവരെയാണ് പിരിച്ചുവിട്ടത്. ഇതിനുശേഷം അപ്പീൽ നൽകാൻ എൻ.എച്ച്.എം. അവസരമൊരുക്കിയിരുന്നു. 70-ലേറെപ്പേർ അപ്പീൽ നൽകി. എന്നാൽ, തുടർ നടപടിയുണ്ടായിട്ടില്ല.