മാങ്കാംകുഴി : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാങ്കാംകുഴി ടൗൺ ഹരിതാഭമാക്കുന്നതിനായി ഒരുവർഷം മുൻപു സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ നിറഞ്ഞ്‌ പ്രദേശമാകെ മാലിന്യമാകുന്നു. തഴക്കര ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയഭാഗമായ മാങ്കാംകുഴിയിലും പഞ്ചായത്ത് ഓഫീസിനു മുന്നിലും ബൂത്തുകൾ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെയാണു സ്ഥാപിച്ചത്. ബോട്ടിൽ ബൂത്തുകൾക്ക് നല്ല പ്രതികരണമാണ് പൊതുജനങ്ങളിൽനിന്നുണ്ടായത്. എന്നാൽ, ബൂത്തുകൾ സ്ഥാപിച്ചതല്ലാതെ മാലിന്യം ഒരുതവണപോലും നീക്കംചെയ്യാൻ അധികൃതർ ശ്രമിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

To advertise here,

തിരക്കേറിയ ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ തൊട്ടടുത്തുള്ള ബൂത്തിൽ കാലിയായ കുപ്പികളും മറ്റു പാഴ്‌വസ്തുക്കളും നിറഞ്ഞ് ദുർഗന്ധം വമിക്കുന്നത് ടൗണിന്റെ ശോഭ കെടുത്തുന്നു. പഞ്ചായത്തിന്റെ 22 വാർഡുകളിലും രണ്ടു വീതം മിനി എം.സി.എഫുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ശേഖരിക്കുന്ന മാലിന്യമെല്ലാം റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു. ഹരിതകർമസേനയ്ക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും അവ ഏകോപിപ്പിക്കുന്നതിനും ശ്രമിക്കാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.