പുതുക്കിയ രൂപരേഖയായില്ല

To advertise here,

അമ്പലപ്പുഴ : ഉന്നതതല തീരുമാനമെത്തുംവരെ നിർമാണം നിർത്തിവെക്കണമെന്ന കെ.സി. വേണുഗോപാൽ എം.പി.യുടെ നിർദേശമുണ്ടായിട്ടും കളർകോട് ബൈപ്പാസ് ജങ്ഷനിൽ പഴയ രൂപരേഖയിൽ നിർമാണം പുരോഗമിക്കുന്നു. പുതുക്കിയ രൂപരേഖ സംബന്ധിച്ച്‌ രേഖാമൂലം ഉറപ്പു ലഭിച്ചിട്ടില്ലെന്നാണ് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടവരുടെ നിലപാട്. ജങ്‌ഷൻ അടച്ചിടപ്പെടുമെന്ന ജനങ്ങളുടെ ആശങ്കയ്ക്കും പരിഹാരമായില്ല. സെപ്റ്റംബർ 11-ന് ഡൽഹിയിൽ കെ.സി. വേണുഗോപാൽ എം.പി.യുടെയും എൻ.എച്ച്.എ.ഐ. ചെയർമാൻ സന്തോഷ്‌കുമാർ യാദവിന്റെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ കളർകോട് ജങ്ഷനിലെ അടിപ്പാത സംബന്ധിച്ച് ചർച്ച നടന്നിരുന്നു. ജങ്ഷനിലെ ഗതാഗതപ്രശ്നത്തിനു പരിഹാരമായി നിലവിലുള്ള അടിപ്പാതയിൽനിന്ന് 30 മീറ്റർ നീളമുള്ള ഒരു സ്പാൻ കൂടി കൂട്ടിച്ചേർക്കുമെന്ന് ചെയർമാൻ ഉറപ്പു നൽകിയിരുന്നതായാണു വിവരം. ഇതിലൂടെ ദേശീയപാതയിലെ ഇരുവശത്തേക്കുമുള്ള ഗതാഗതം സുഗമമാകുമെന്നും പ്രദേശവാസികൾ നിലവിൽ നേരിടുന്ന ഗുരുതരമായ യാത്രാബുദ്ധിമുട്ടുകൾക്കു പരിഹാരമാകുമെന്നും പ്രതീക്ഷയുണ്ടായി.

പരിഹരിച്ചില്ലെങ്കിൽ വലിയ ഗതാഗതക്കുരുക്ക്

: ജങ്ഷനിൽനിന്ന് 300 മീറ്റർ വടക്കുമാറിയാണ് നിലവിൽ അടിപ്പാതയുള്ളത്. ഇത് നിലവിലുള്ള വാഹനത്തിരക്കിനു പര്യാപ്തമല്ല. ഇപ്പോൾത്തന്നെ തിരുവനന്തപുരം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ആലപ്പുഴ പട്ടണത്തിലേക്കു പ്രവേശിക്കണമെങ്കിൽ ഈ അടിപ്പാതയാണ്‌ ആശ്രയം. നീളമുള്ള കെ.എസ്.ആർ.ടി.സി. ബസുകളും ദീർഘദൂര ബസുകളും ഏറെ പണിപ്പെട്ടാണ് അടിപ്പാത കടക്കുന്നത്.

എറണാകുളം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സർവീസ് റോഡിലൂടെയെത്തുമ്പോൾ ഗതാഗതക്കുരുക്കാകും. ഇതുകൂടാതെയാണ് എ.സി. റോഡിൽനിന്നുള്ള വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിക്കാൻ അടിപ്പാത കടക്കേണ്ടത്.

ആലപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വാടയ്ക്കൽ തീരദേശറോഡിലേക്കു പോകണമെങ്കിൽ പറവൂർ വരെ രണ്ടു കിലോമീറ്റർ സഞ്ചരിച്ച് വലത്തോട്ടുതിരിഞ്ഞ് വീണ്ടും രണ്ടു കിലോമീറ്റർ സഞ്ചരിച്ച് കളർകോട് ജങ്ഷനിലെത്തേണ്ടിവരും. എ.സി. റോഡിൽനിന്നോ പഴയ നടക്കാവ് റോഡിൽനിന്നോ ദേശീയപാതയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് പറവൂർ വരെ സഞ്ചരിച്ച് വലത്തോട്ടു തിരിഞ്ഞ് കൊച്ചിഭാഗത്തേക്ക് പോകേണ്ടിവരും. നിലവിലുള്ള പറവൂർ അടിപ്പാത ഭാരവാഹനങ്ങളുടെ ഗതാഗതത്തിനു പര്യാപ്തമല്ല.