മാന്നാർ : അപ്പർ കുട്ടനാടൻ മേഖലയിൽ ആയിരത്തഞ്ഞൂറ് ഏക്കർ വരുന്ന മാന്നാർ കുരട്ടിശ്ശേരി പുഞ്ചയിലെ നെൽക്കൃഷി പ്രതിസന്ധിയിൽ. പുഞ്ചയിലെ പ്രധാന ജലസ്രോതസ്സായ ഇലമ്പനം തോട് പായലും മാലിന്യവും നിറഞ്ഞ് നീരൊഴുക്കു തടസ്സപ്പെട്ടതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വിഷവർശ്ശേരിക്കരയിലെ മൂർത്തിട്ടയിൽ തുടങ്ങി പാവുക്കരയുടെ മധ്യത്തിലൂടെ മുക്കാത്താരി, വള്ളവൻതിട്ട, വയരപ്പുറം പാലം, ചക്കിട്ടപ്പാലം, വാലയിൽപ്പടി വഴി ഇവിടെ ചേരുന്ന അച്ചൻകോവിലാറിന്റെ കൈവഴിയും ചേർന്ന് വള്ളക്കാലിപ്പാലം കടന്ന്‌ പമ്പാനദിയിൽ പതിക്കുന്ന കൈവഴിയാണ് ഇലമ്പനം തോട്.

To advertise here,

മാന്നാർ പഞ്ചായത്തിലെ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വാർഡുകളിലൂടെ കടന്നുപോകുന്ന തോടുവഴിയാണ് പമ്പാനദിയിലെ വെള്ളം പാടത്തേക്ക് എത്തിക്കുന്നതും പുറത്തേക്ക് ഒഴുക്കുന്നതും. വേനൽക്കൃഷിക്കായി കുരട്ടിശ്ശേരി പുഞ്ചയിൽ നിലമൊരുക്കൽ ആരംഭിച്ചെങ്കിലും നീരൊഴുക്കു തടസ്സപ്പെട്ട ഇലമ്പനംതോട് പമ്പിങ്‌ ജോലികൾക്ക് തടസ്സമാകുകയാണ്. കുരട്ടിശ്ശേരി പുഞ്ചയിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലെയും മോട്ടോർ വെച്ചിരിക്കുന്നത് ഈ തോടിന്റെ കരയിലാണ്.

മുൻകാലങ്ങളിൽ കൃഷി തുടങ്ങുന്നതിനു മുന്നോടിയായി പഞ്ചായത്ത് പ്രത്യേക ഫണ്ട് അനുവദിച്ച് തോടു ശുചീകരിക്കുന്ന പ്രവൃത്തികൾ നടത്തിയിരുന്നു. തൊഴിലുറപ്പു തൊഴിലാളികൾ ഇറങ്ങി പായൽ നീക്കംചെയ്യുന്നതും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അടിത്തട്ടിലെ എക്കലും മാലിന്യവും നീക്കംചെയ്യുന്നതും പതിവായിരുന്നു. എന്നാൽ, ഇക്കുറി കൃഷിയൊരുക്കം തുടങ്ങിയിട്ടും അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നാണ് കർഷകർ പറയുന്നത്.

രണ്ടുകോടി വകയിരുത്തി, പക്ഷേ...

2023-ലെ സംസ്ഥാന ബജറ്റിൽ ഇലമ്പനം തോടു നവീകരണത്തിന് രണ്ടുകോടി വകയിരുത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കർഷക ആവശ്യം പരിഗണിച്ച് അന്നത്തെ മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി ആദ്യഘട്ടമെന്നനിലയിൽ ഒരുവർഷം മുൻപ്‌ ഇറിഗേഷൻ പദ്ധതിയിൽ അനുവദിച്ച ഫണ്ടുപയോഗിച്ച് പായലും മാലിന്യവും നീക്കി തോടിന്റെ ആഴംകൂട്ടുന്ന പ്രവൃത്തികൾ നടത്തിയിരുന്നു.

തോടിന്റെ ആഴംകൂട്ടൽ പ്രവൃത്തിയും സംരക്ഷണഭിത്തി നിർമാണവും ഉടമ്പടിപ്രകാരം ഉണ്ടായിരുന്നു. എന്നാൽ, പാടശേഖരസമിതിയുടെയും കർഷകരുടെയും ആവശ്യപ്രകാരം സംരക്ഷണഭിത്തി നിർമാണം ഒഴിവാക്കി തോട്ടിലെ പോളകൾ നീക്കംചെയ്യുന്ന പ്രവൃത്തി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് പുനഃക്രമീകരിച്ചു. ചക്കിട്ടപ്പാലം മുതൽ മൂർത്തിട്ടവരെയും മുക്കാത്താരി മുതൽ തൊഴിപ്പാട് വരെയും തൊഴിപ്പാട് മുതൽ മോട്ടോർ ഷെഡ് വരെയുമുള്ള തോട്ടിലെ പോളകൾ നീക്കംചെയ്തു. വള്ളക്കാലിപ്പാലം മുതൽ ചക്കിട്ടപ്പാലം വരെ തോടിന്റെ ചെളിനീക്കൽ പ്രവൃത്തിയും പൂർത്തീകരിച്ചിരുന്നു. പിന്നീടുണ്ടായ വെള്ളപ്പൊക്കത്തിൽ എക്കലും മാലിന്യവും ഒഴുകിയെത്തി ഇലമ്പനം തോട് പഴയസ്ഥിതിയിലേക്കു മാറിയതോടെ കർഷകർ വീണ്ടും പ്രതിസന്ധിയിലായി.