വൃത്തിയാക്കാൻ നടപടിയില്ല

To advertise here,

ചാരുംമൂട് :കാടുപിടിച്ച കല്ലട ജലസേചന കനാലുകളിൽ മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യംനിറഞ്ഞു. കനാലിനുൾവശത്ത് പാഴ്‌മരങ്ങളും ചെടികളും തഴച്ചുവളർന്നു നിൽക്കുന്നു. ഇഴജന്തുക്കളും ധാരാളമുണ്ട്. കനാൽ വൃത്തിയാക്കിയിട്ട് അഞ്ചു വർഷത്തിലേറെയായി.

കനാൽ തുറന്നുവിടുമ്പോൾ മാലിന്യത്തിനൊപ്പമായിരിക്കും വെള്ളം ഒഴുകിയെത്തുന്നതെന്ന ആശങ്കയിലാണ് ആളുകൾ. ഇക്കുറിയെങ്കിലും കനാൽ വൃത്തിയാക്കാനുള്ള നടപടി കെ.ഐ.പി. അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

കൊടുംവേനൽ ആരംഭിക്കുന്നതോടെ കൃഷിക്കും കുടിവെള്ളക്ഷാമത്തിനും പരിഹാരമാണ് കെ.ഐ.പി. കനാലിലെത്തുന്ന വെള്ളം. എല്ലാ വർഷവും ജനുവരി ആദ്യവാരം കനാൽ തുറക്കും. നവംബർ, ഡിസംബർ മാസങ്ങളിൽ കനാൽ വൃത്തിയാക്കിയിരുന്നു. എന്നാൽ, അഞ്ചുവർഷമായി കനാൽ വൃത്തിയാക്കാത്തതിനാൽ മാലിന്യത്തിനിടയിലൂടെയാണ് വെള്ളം ഒഴുകിയെത്തുന്നത്.

തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുൻപ്‌ കനാൽ വൃത്തിയാക്കിയിരുന്നത്. ഈ ജോലി തൊഴിലുറപ്പുപദ്ധതിയിൽനിന്നു കേന്ദ്രസർക്കാർ നീക്കിയതോടെയാണ് പ്രതിസന്ധിയുണ്ടായത്.

കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിടുമ്പോൾ പലഭാഗത്തും ഒഴുക്കു തടസ്സപ്പെടും. പാഴ്‌മരങ്ങളിലും ചെടികളിലും മാലിന്യം തങ്ങിനിൽക്കും. ഇത്‌ ആരോഗ്യപ്രശ്‌നത്തിനു കാരണമാകും. കനാൽ തുറന്നുവിടുമ്പോൾ പലസ്ഥലങ്ങളിലും വെള്ളം കവിഞ്ഞൊഴുകാറുണ്ട്. മാലിന്യംനിറഞ്ഞ വെള്ളം സമീപപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ഊർന്നിറങ്ങും. മഞ്ഞപ്പിത്തമടക്കമുള്ള രോഗമുണ്ടാകാൻ ഇതുകാരണമാകാറുണ്ട്.

ആദിക്കാട്ടുകുളങ്ങര മേട്ടുംപുറത്തുനിന്നു തുടങ്ങി പാലമേൽ, നൂറനാട്, പടനിലം, ചാരുംമൂട്, ചുനക്കര, തെക്കേക്കര, കുറത്തികാട്, താമരക്കുളം, വള്ളികുന്നം പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കനാലിന് 33 കിലോമീറ്ററാണ് നീളം. കൊല്ലം ജില്ലയിലെ പാവുമ്പ വഴി കരുനാഗപ്പള്ളിയിൽ കനാൽ അവസാനിക്കുന്നു. കെ.ഐ.പി. ചാരുംമൂട് ഓഫീസിന്റെ പരിധിയിൽ എട്ടു കിലോമീറ്റർ പ്രധാന കനാലും 25 കിലോമീറ്റർ ഉപകനാലുകളുമാണുള്ളത്.

കെ.ഐ.പി. കനാൽ വൃത്തിയാക്കണമെന്ന് എം.എൽ.എ.

വേനൽക്കാലത്തിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആലോചിക്കാൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പാടശേഖരസമിതിയംഗങ്ങളുടെയും യോഗം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. എം.എസ്. അരുൺകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അനു അധ്യക്ഷയായി.

കെ.ഐ.പി. കനാൽ വൃത്തിയാക്കിയശേഷം വെള്ളം ലഭ്യമാക്കാനുള്ള നടപടിയെടുക്കാൻ എം.എൽ.എ. നിർദേശിച്ചു. കല്ലട ജലസേചന കനാൽ കാടുപിടിച്ച നിലയിലാണുള്ളത്. മുൻപത്തെപ്പോലെ തൊഴിലുറപ്പ് ഉപയോഗപ്പെടുത്തി വൃത്തിയാക്കാനാകില്ല. 80 ലക്ഷം രൂപയാണ് കെ.ഐ.പി.ക്കു ചെലവഴിക്കാനാകുന്നത്. ഈ തുക ഉപയോഗിച്ച് കനാലിലെ വെള്ളം കടന്നുപോകുന്ന ഭാഗമേ വൃത്തിയാക്കാനാകൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

40 വർഷം പഴക്കമുള്ള കനാലിലെ പലസ്ഥലങ്ങളിലും ചോർച്ചയുണ്ട്. കനാലിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

പ്രശ്‌നങ്ങൾ വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ ഇടപെടുമെന്ന് എം.എൽ.എ. പറഞ്ഞു. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജേഷ്‌കുമാർ, തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വിഷ്ണു, കെ.ഐ.പി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എഫ്. സജി, അസിസ്റ്റന്റ് എൻജിനിയർമാരായ ബിൻസിമോൾ, നേഹാ യോഹന്നാൻ, ഹസീന തുടങ്ങിയവർ പങ്കെടുത്തു.