ചേർത്തല: ആലപ്പുഴയെ ഇന്ത്യയുടെ ബ്ലൂ ഇക്കോണമി ആയി ഉയർത്തുക എന്ന വിശാല ലക്ഷ്യത്തോടെ 'വേമ്പനാട് ഡയലോഗ്‌സ് 2026' എന്ന പേരിൽ നടക്കുന്ന അന്തർദേശീയ സിംപോസിയം സെപ്റ്റംബർ 25, 26 തീയതികളിലായി ചേർത്തല നൈപുണ്യ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നടക്കും. രാവിലെ 10.45ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിക്കും. മുഖ്യമന്ത്രി വി.ഡി സതീശൻ ഓൺലൈൻ സന്ദേശം നൽകും. പി.പ്രസാദ് എംഎൽഎ അധ്യക്ഷത വഹിക്കും. എറണാകുളം - അങ്കമാലി മേജർ അതിരൂപത വികാരി ജനറൽ മോൺ.ആന്റോ ചേരാന്തുരുത്തി മുഖ്യാതിഥി ആയിരിക്കും. ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, ഡോ. അജയ് കൃഷ്ണൻ എന്നിവരും സംസാരിക്കും.
ഇന്ത്യയിലും വിദേശത്തുമുള്ള പതിനൊന്ന് സർവകലാശാലകളിൽ നിന്ന് 40ൽ പരം വിദഗ്ധരും ഗവേഷകരും നിരവധി വിദ്യാർത്ഥികളും സംപോസിയത്തിൽ പങ്കെടുക്കും. കടലോരം, വേമ്പനാട് കായൽ, ജലപാതകൾ, മത്സ്യബന്ധനം, അക്വാകൾച്ചർ, കയർ, കൃഷി, ജലഗതാഗതം, കയൽ ടൂറിസം തുടങ്ങി ആലപ്പുഴയുടെ സവിശേഷ വിഭവങ്ങളെ സുസ്ഥിരമായി പ്രയോജനപ്പെടുത്തി പുതിയ വികസന മാതൃകകൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലർ പ്രൊഫ.ഡോ. ബിജു കുമാർ ആമുഖ പ്രഭാഷണം നടത്തും. തൃക്കാക്കര ഭാരത മാതാ കോളജ് അക്കാദമിക് ഡയറക്ടർ പ്രൊഫ.ഡോ.ജോൺസൺ കെ.എം അധ്യക്ഷനായിരിക്കും. 'കേരള ബ്ലൂ ഇക്കോണമി: വിഷൻ, പോളിസി, ആന്റ് സസ്‌റ്റയ്നബിൾ ഡെവലപ്‌മെന്റ് എന്ന വിഷയത്തിൽ സിഎംഎഫ്ആർഐ കൊച്ചി പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.പി.ഷിനോജ് പ്ലീനറി പ്രഭാഷണം നടത്തും. കോഴിക്കോട് എൻഐടി വിസിറ്റിംഗ് പ്രൊഫസറും ആദി ശങ്കര കോളജ് സീനിയർ അസോ.ഡയറക്ടറുമായ ഡോ.ജേക്കബ് ജോർജ് അധ്യക്ഷനാകും. സ്വീഡൻ സ്‌റ്റോക്‌ഹോം യൂണിവേഴ്‌സിറ്റി പ്രൊഫസർ ഡോ.തോമസ് ഹാൻ അന്തർദേശീയ പ്രഭാഷണം നടത്തും.
ആലപ്പുഴ കേന്ദ്രമാക്കിയുള്ള ബ്ലൂ ഇക്കോണമി എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. കേരള റെസ്‌പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാർ കെ, ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് വിനോദ് വി, ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് വേണുഗോപാൽ ജി, കേരള ഹോം സ്‌റ്റേ ആന്റ് ടൂറിസം പ്രസിഡന്റ് എം.പി ശിവദത്തൻ എന്നിവർ പങ്കെടുക്കും. പ്രൊഫ.ഡോ.ഉമ്മൻ മാമ്മൻ മോഡറേറ്ററായിരിക്കും.
വൈകിട്ട് 3.30 മുതൽ നടക്കുന്ന സമാന്തര സാങ്കേതിക സെഷനുകളിൽ ഫിഷറീസ്, അക്വാകൾച്ചർ, തീരദേശ സാംസ്‌കാരിക- ജീവിത രീതികൾ, ബ്ലൂ ടൂറിസം, സമുദ്ര വ്യവസായങ്ങൾ, നൂതന സാങ്കേതിക വിദ്യാൾ, കാലാവസ്ഥ പഠനം, ഊർജ സംരക്ഷണം, പുനരുപയോഗം എന്നീ വിഷയങ്ങളിൽ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രൊഫ.ഡോ.സുരേഷ് കുമാർ, ഡോ.അൻവർ അലി, ഡോ.മിറിയാം പോൾ ശ്രീറാം, ഡോ.ലിംന മോൾ വി.പി, ഡോ.രാധിക രാജശ്രീ എസ്.ആർ, ഡോ.ബിജു എം.കെ, ഡോ.ജി.ഡി മാർട്ടിൻ എന്നീ ശാസ്ത്രജ്ഞരും അധ്യാപകരുമാണ് സെഷനുകൾക്ക് നേതൃത്വം നൽകുന്നത്.
Published: 24 Sept 2026, 05:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented