ദ്രുതവാട്ടം പിടിച്ച കുരുമുളകുകൊടികളെ രക്ഷിച്ചെടുക്കുക ശ്രമകരമാണ്. മാത്രമല്ല അവ മറ്റുള്ള കൊടികളിലേക്ക് അതിവേഗം വ്യാപിക്കും. അതിനാൽ രോഗം വരാതിരിക്കാനുള്ള നടപടികൾക്കാണ് എന്നും മുൻഗണന നൽകേണ്ടത്. രോഗഹേതു: ‘ഫൈറ്റോഫ്തോറ ക്യാപ്‌സിസി’ എന്ന കുമിൾ.

To advertise here,

രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ:

1. ഒരു കിലോ ട്രൈക്കോഡെർമ 10 കിലോ വേപ്പിൻപിണ്ണാക്ക്, 90 കിലോ ഉണക്കിപ്പൊടിച്ച ചാണകം എന്നിവ കലർത്തി നല്ല തണലുള്ള വെള്ളം കയറാത്ത സ്ഥലത്ത്‌ രണ്ടാഴ്ച വെക്കണം. ഇടയ്ക്ക്‌ ഇളക്കിക്കൊടുക്കുകയും നനവ് നിലനിർത്താൻ വെള്ളം തളിക്കുകയും വേണം. ഇതിൽനിന്ന് കുറേശ്ശേ മിശ്രിതം 100മുതൽ 200 ഗ്രാംവരെ കൊടിയുടെ ചുവട്ടിൽ ചേർത്തു കൊടുത്താൽ ഒരുപരിധിവരെ ദ്രുതവാട്ടം വരാതെ സഹായിക്കും. ഇതുതന്നെ വേപ്പിൻ പിണ്ണാക്കുമായി കലർത്തിയും ചേർക്കാം

2. 30 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുരുമുളക് കൊടിയുടെ തണ്ടിനോട് ചേർത്ത് തടത്തിലൊഴിക്കുക. ഒരു കൊടിക്ക്‌ 500 മില്ലി വരെ ഒഴിക്കാം. കൊടി നടാനെടുക്കുന്ന കുഴികളിൽ തന്നെ ട്രൈക്കോഡെർമ ചേർക്കുന്നതും നല്ലതാണ്. തൈകളിൽ സ്യൂഡോമോണസ് ലായനിയാക്കി തളിക്കാം.

3. കൊടി വളരുന്നതനുസരിച്ചു കൊടിക്കുചുറ്റും 50 സെൻറീമീറ്റർ വിസ്തൃതിയിൽ തടമെടുത്ത്‌ അതിൽ ബോർഡോ മിശ്രിതം അഞ്ചുലിറ്റർ വീതം ഒഴിച്ച് കുതിർക്കുന്നതും കൊടിച്ചുവട്ടിൽനിന്ന് മണ്ണുനീക്കി ചുവട്ടിൽനിന്ന് 40 സെൻീമീറ്റർ ഉയരംവരെ ബോർഡോ കുഴമ്പു പുരട്ടുന്നതും ഒരു ശതമാനം വീര്യത്തിൽ ബോർഡോ മിശ്രിതം തയ്യാറാക്കി കൊടിമുഴുവൻ നനയുംവിധം തളിക്കുന്നതും ഉപകാരപ്രദമാണ്

4. രോഗമില്ലാത്ത തൈകൾ നടാനെടുക്കുക

5. കൊടികൾക്കിടയിൽ നല്ല നീർ വാർച്ച ഉറപ്പാക്കുക

മുകളിൽ പറഞ്ഞിരിക്കുന്ന ട്രൈക്കോഡെർമ, സ്യൂഡോമോണസ് എന്നിവയുടെ പ്രയോഗത്തോടൊപ്പം ബോർഡോമിശ്രിതത്തിന്റെ പ്രയോഗം കൂട്ടിക്കലർത്തേണ്ടതില്ല. ഏതെങ്കിലും ഒരു പ്രതിരോധത്തിൽ ശ്രദ്ധിച്ചാൽ മതിയാകും. യഥാസമയം ചെയ്യണം.