അടുക്കളമാലിന്യമുപയോഗിച്ച് വളരെ കുറഞ്ഞചെലവിൽ പലതരം വളങ്ങൾ ഉണ്ടാക്കാം. പച്ചക്കറികളും പഴച്ചെടികളും വളരാനും പൂക്കാനും കായ്‌ക്കാനും കീടങ്ങളെ നിയന്ത്രിക്കാനുമൊക്കെ സഹായകമാകുന്നതും എളുപ്പത്തിൽ ഉണ്ടാക്കാനാകുന്നതുമായ കുറച്ച് വളങ്ങൾ പരിചയപ്പെടാം.
ഉള്ളിത്തോൽ
വലിയ ഉള്ളി(സവാള)യുടെയും ചെറിയ ഉള്ളിയുടെയും തോലുപയോഗിച്ച് കിടിലനൊരു വളമുണ്ടാക്കാം. കുറച്ച് ദിവസത്തെ ഉള്ളിത്തോൽ ശേഖരിച്ച് ഒരു പാത്രത്തിലിട്ട് അത് മൂടുന്നവിധം വെള്ളമൊഴിക്കുക. വായുകടക്കാത്തവിധം അഞ്ചുദിവസം അടച്ചുവെക്കുക. ദിവസവും ഒരുതവണ തുറന്ന് വീണ്ടും അടച്ചുവെക്കുന്നത് നല്ലതാണ്. കുതിർന്ന ഉള്ളിത്തോൽ കൈകൊണ്ട് പിഴിഞ്ഞശേഷം വെള്ളം അരിച്ചെടുക്കുക. നാലിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് സ്‌പ്രെയർ ഉപയോഗിച്ച് ചെടിയുടെ ഇലകളിൽ തളിക്കാം.
ഇനി കൂടുതലുണ്ടെങ്കിൽ ഉള്ളിത്തോൽ ഉണക്കി മിക്സിയിലിട്ട് പൊടിച്ച് ചെടിയുടെ ചുവട്ടിൽ ഇടാം. ഒരു ചെടിക്ക് രണ്ട് സ്‌പൂൺ മതി. പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയടങ്ങിയ ഉള്ളിത്തോൽ വളർച്ചയ്ക്കും പൂക്കാനും സഹായകമാണ്.
പഴത്തൊലി
നേന്ത്രപ്പഴത്തിന്റെയും ചെറുപഴങ്ങളുടെയും തൊലി ചെറുകഷണങ്ങളാക്കി മുറിച്ച് വായുകടക്കാത്ത അടപ്പുള്ള ഒരു പാത്രത്തിലിടുക. തൊലികൾ മൂടുന്നവിധം വെള്ളമൊഴിക്കുക. അഞ്ചു ദിവസം അടച്ചുവെക്കുക. തുടർന്ന് വെള്ളം അരിച്ചെടുത്ത് നാലിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് സ്‌പ്രെയർ ഉപയോഗിച്ച് ഇലകളിൽ തളിക്കാം. രണ്ടിരട്ടി വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിലുമൊഴിക്കാം. പൊട്ടാസ്യം, ഫോസ്‌ഫറസ് എന്നിവയടങ്ങിയ പഴത്തൊലികൊണ്ടുള്ള വളം പൂക്കാനും വളരാനും സഹായിക്കും.
ചായച്ചണ്ടി, കാപ്പി മട്ട്
ചായച്ചണ്ടിയും കാപ്പി മട്ടും നല്ലൊരു വളമാക്കാം. പഞ്ചസാര ഒഴിവാക്കാനായി ചായച്ചണ്ടി അരിപ്പയിലിട്ട് കഴുകണം. തുടർന്ന് ചായച്ചണ്ടി ഉണക്കി ചെടിയുടെ ചുവട്ടിലിടാം. പൊട്ടാസ്യം, ഫോസ്ഫറസ്, നൈട്രജൻ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. കാപ്പിമട്ടും കഴുകി ഉണക്കി ഇങ്ങനെ ഉപയോഗിക്കാം. പൊട്ടാഷ് കൂടുതലടങ്ങിയ കാപ്പി മട്ട് ചെടിയുടെ പൂക്കൽ വേഗത്തിലാക്കും.
കാന്താരി-ഗോമൂത്രം കീടനാശിനി
നാലോ അഞ്ചോ കാന്താരിമുളകോ അതില്ലെങ്കിൽ പച്ചമുളകോ അരച്ചെടുക്കുക. ഒരു കപ്പ് ഗോമൂത്രത്തിൽ ഇത് ചേർത്ത് അരിച്ചെടുക്കണം. മൂന്നിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിൽ സ്‌പ്രേ ചെയ്യുക. വെള്ളീച്ച ഉൾപ്പെടെയുള്ള കീടങ്ങളെ ഇതകറ്റും.
ജൈവസ്ളറി
രണ്ടു കിലോ പച്ചച്ചാണകം, ഒരു കിലോ വീതം വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക്, എല്ലുപൊടി, അരക്കിലോ വെല്ലം, അല്പം ശീമക്കൊന്ന എന്നിവ വലിയ ബക്കറ്റിലോ ഡ്രമ്മിലോ ഇടുക. ഇവ മൂടുന്നവിധം വെള്ളമൊഴിക്കുക. നന്നായി ഇളക്കിച്ചേർക്കുക. ഏഴുദിവസം മൂടിവെക്കണം. അതിനിടെ ദിവസവും ഒരുതവണ തുറന്ന് ഒരേ ദിശയിൽ ഇളക്കുക. ഏഴുദിവസത്തിനുശേഷം അഞ്ചിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ (ഒരു ചെടിക്ക് ഒന്നോ രണ്ടോ കപ്പ് മതിയാകും) ഒഴിക്കണം. എൻ.പി.കെ. മൂലകങ്ങളടങ്ങിയ ഈ ജൈവസ്ളറി ചെടികളുടെ വളർച്ച വേഗത്തിലാക്കും. സൂക്ഷിച്ചാൽ കൂടുതൽകാലം ഉപയോഗിക്കാം.
ഫിഷ് അമിനോ ആസിഡ്
ഒരു കിലോ മത്തിയും ഒരു കിലോ വെല്ലവുമാണ് ഇതിനു വേണ്ടത്. ഒരേ അനുപാതത്തിൽ കുറഞ്ഞതോ കൂടിയതോ ആയ അളവിലുമെടുക്കാം. മത്തി ചെറുകഷണങ്ങളാക്കിയും വെല്ലം പൊടിച്ചും അടപ്പുള്ള ഒരു പാത്രത്തിൽ 45 ദിവസം അധികം വെയിൽ തട്ടാത്ത സ്ഥലത്ത് വെക്കണം. ആഴ്ചയിലൊരിക്കൽ ഇളക്കണം. ഒന്നരമാസംകൊണ്ട് കുഴമ്പുരൂപത്തിലാകും. ഇത് അരിച്ചെടുത്ത് രണ്ട് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ സ്‌പ്രേ ചെയ്യാം. അളവ് ഒട്ടും കൂടരുത്. അഞ്ച് മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ചുവട്ടിലുമൊഴിക്കാം. ചെടികൾ തഴച്ചുവളരാനും കായ്‌ക്കാനും സഹായിക്കും.
മുട്ട അമിനോ ആസിഡ്
നാടൻമുട്ട, ചെറുനാരങ്ങ, വെല്ലം എന്നിവയാണ് ഇതിനു വേണ്ടത്. ഒരു മുട്ട വിസ്താരംകുറഞ്ഞ കുപ്പിയിലിടുക. മുട്ട മുങ്ങുന്നവിധം കുരുവില്ലാതെ നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. 20 ദിവസം വെയിലില്ലാത്ത സ്ഥലത്ത് മൂടിവെക്കുക. തുറന്ന് ഒരു മുട്ടയ്ക്ക് 25 ഗ്രാം വെല്ലം പൊടിച്ച് കുപ്പിയിലിടുക. 10 ദിവസംകൂടി മൂടിവെച്ചാൽ കുഴമ്പു രൂപത്തിലുള്ള മുട്ട അമിനോ ആസിഡായി. ഇത് രണ്ടുമില്ലി ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിൽ സ്‌പ്രേ ചെയ്യാം. പൂക്കാറായ ചെടികൾക്കാണ് ഇതു തളിക്കേണ്ടത്. കൂടുതൽ പൂക്കളുണ്ടാകാനും കായ്‌ക്കാനും സഹായിക്കും.
ചുരുങ്ങിയ ചെലവിൽ വീട്ടുകൃഷി
വീട്ടുകൃഷിയെ പലവിധത്തിൽ സഹായിക്കുന്നതാണ് വീട്ടിൽനിന്നുണ്ടാക്കുന്ന വളങ്ങൾ. ചുരുങ്ങിയ ചെലവിൽ ഇത്തരം വളങ്ങളുണ്ടാക്കാമെന്നതാണ് പ്രധാന മെച്ചം. പുളിച്ചവസ്തുക്കളിൽനിന്നുള്ള സൂക്ഷ്മജീവികൾ അപകടകാരികളായ കീടങ്ങളെ അകറ്റാനും രോഗപ്രതിരോധത്തിനും ഉപകരിക്കും. മണ്ണിൽനിന്ന് പോഷകങ്ങൾ വലിച്ചെടുക്കാനും ഇത്തരം സൂക്ഷ്മജീവികൾ സഹായിക്കും. വളരാനും പൂക്കാനും കായ്‌ക്കാനുമൊക്കെ സഹായകമായ മൂലകങ്ങളടങ്ങിയ വളങ്ങൾ തീരേ കുറഞ്ഞചെലവിൽ ഉണ്ടാക്കാം. കൂടാതെ മാലിന്യസംസ്കരണത്തിനും ഇത് വലിയ സംഭാവന നൽകുന്നു. എടത്തുരുത്തി ഫാം സീനിയർ അഗ്രിക്കൾച്ചറൽ ഓഫീസർ എസ്. മിനി പറഞ്ഞു.
Content Highlights: kitchen scraps like onion peels & fruit skins into potent organic fertilizers.
Published: 14 Feb 2026, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented