വെള്ളക്കെട്ടില്ലാത്ത, നല്ല നീർവാർച്ചയുള്ള മണ്ണിൽ തെങ്ങിൻതൈകൾ നടാം. മഴക്കാലങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മഴക്കാലം കഴിഞ്ഞുവേണം തൈകൾ നടാൻ. അടിയിൽ ശക്തമായ പാറയോടുകൂടിയ ആഴമില്ലാത്ത മണ്ണോ വെള്ളക്കെട്ടുള്ള താണ പ്രദേശങ്ങളോ കളിമൺ പ്രദേശങ്ങളോ തെങ്ങുകൃഷിക്ക് അനുയോജ്യമല്ല.

To advertise here,

നടീൽ

മണ്ണിന്റെ തരമനുസരിച്ച് തൈകൾ നടാനുള്ള കുഴിയുടെ വലുപ്പം നിശ്ചയിക്കാം. അടിയിൽ പാറയോടുകൂടിയ വെട്ടുകൽ മണ്ണാണെങ്കിൽ 120 സെന്റീമീറ്റർ വീതം (ഏതാണ്ട് നാലടി) നീളം, വീതി, താഴ്ചയുള്ള കുഴികളെടുക്കണം. തൈ നടുന്നതിനുമുൻപ്‌ ചാണകപ്പൊടിയും ചാരവും അയഞ്ഞ മേൽമണ്ണും കലർത്തിയ മിശ്രിതം കുഴിയിലിട്ട് 60 സെന്റീമീറ്റർവരെ നിറയ്ക്കണം. മണൽമണ്ണാണെങ്കിൽ കുഴികൾക്ക് മുക്കാൽമീറ്റർ വീതം നീളം, വീതി, താഴ്ച മതിയാകും.

ജലവിതാനംകുറഞ്ഞ പശിമരാശി മണ്ണാണെങ്കിൽ ഒരു മീറ്റർവീതം നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത് മേൽ സൂചിപ്പിച്ചപോലെ 50 സെന്റീമീറ്റർവരെ മിശ്രിതം നിറയ്ക്കണം. ഉയർന്ന ജലവിതാനമുള്ള സ്ഥലങ്ങളിൽ ഉപരിതലത്തിലോ, മൺകൂനകളെടുത്തോ വേണം തൈനടാൻ.

മണ്ണിടുന്നതിനുമുൻപ്‌ തെങ്ങിൻകുഴിയുടെ ഏറ്റവും അടിഭാഗത്തായി രണ്ടുവരി ചികിരി (തൊണ്ട്) മലർത്തി അടുക്കിവെക്കുന്നത് ഈർപ്പം നിലനിർത്താൻ സഹായകമാകും. ചെങ്കൽപ്രദേശങ്ങളിൽ രണ്ടു കിലോഗ്രാം കറിയുപ്പിടുന്നത് നല്ല ഫലംചെയ്യും. ഇത് തൈ നടുന്നതിന് മാസങ്ങൾക്കുമുന്നേ ഇട്ടുവെക്കുന്നത് നല്ലതാണ്.

നല്ല തൈകൾ

ഏതാണ്ട് ഒരു വർഷം പ്രായമുള്ള തെങ്ങിൻതൈകളാണ് നടാൻ അനുയോജ്യം. തൈകൾ തിരഞ്ഞെടുക്കുമ്പോൾ അവ മികച്ചതാണെന്ന് ഉറപ്പുവരുത്തണം. പത്ത്-പന്ത്രണ്ട് മാസം പ്രായുള്ള തൈകൾക്ക് ആറുമുതൽ എട്ടുവരെ ഓലകൾ ഉണ്ടാവണം. തൈകളുടെ കോളർ ഭാഗത്തിന് പത്തുസെന്റീമീറ്ററെങ്കിലും വ്യാസംവേണം. നേരത്തേ ഓലക്കാലുകൾ വിരിയുന്നത് മികച്ച തൈകളുടെ ലക്ഷണമായി കണക്കാക്കാം.

ഇനങ്ങൾ

ഉയരംകൂടിയ ഇനങ്ങളും ഉയരംകുറഞ്ഞ ഇനങ്ങളും ഇവ രണ്ടും തമ്മിലുള്ള ബീജസങ്കലനത്തിന്റെ ഫലമായുണ്ടാകുന്ന സങ്കര ഇനങ്ങളുമുണ്ട്. വെസ്റ്റ് കോസ്റ്റ് ടാൾ, ഈസ്റ്റ് കോസ്റ്റ് ടാൾ, ഫിലിപ്പൈൻസ് ഓർഡിനറി അഥവാ ചന്ദ്രകല്പ, ആൻഡമാൻ ഓർഡിനറി, കൊച്ചിൻ ചൈന, ജാവ, കാപ്പാടം, കോമാടൻ, കേരസാഗര, കല്പരക്ഷ, കല്പധേനു, കല്പപ്രതിഭ, കല്പമിത്ര, ന്യൂഗിനി, സാന്റാമൺ എന്നിവ ഉയരംകൂടിയ തെങ്ങുകളിൽ മികച്ചവയാണ്. ഇവയെല്ലാം താരതമ്യേന ആയുർദൈർഘ്യം കൂടിയവയും ഗുണനിലവാരമുള്ള തേങ്ങനൽകുന്നവയുമാണ്. ചാവക്കാട് ഓറഞ്ച്, ചാവക്കാട് ഗ്രീൻ, മലയൻ ഗ്രീൻ, മലയൻ യെല്ലോ, ഗംഗാബോണ്ടം എന്നിവ ഉയരംകുറഞ്ഞ ഇനങ്ങളാണ്. സങ്കരയിനങ്ങളിൽ പ്രധാനപ്പെട്ടവ AO X G, LO X G, കേരഗംഗ, കേരസങ്കര, ചന്ദ്രസങ്കര, കേരശ്രീ, കേരസൗഭാഗ്യ, ചന്ദ്രലക്ഷ എന്നിവയാണ്.

കുറിയ ഇനങ്ങൾ ഇളനീർ ആവശ്യത്തിനും ഭംഗിക്കുമായാണ് കൃഷിചെയ്യുന്നത്. ചാവക്കാട് ഓറഞ്ച് ഇളനീരിനും കൊപ്രയ്ക്കും അനുയോജ്യമാണ്. ഉയരംകുറഞ്ഞ ഇനങ്ങൾക്ക് പൊതുവേ ആയുസ്സ് കുറവാണ്. അനന്തഗംഗ, കേരഗംഗ, കേരസങ്കര എന്നീ സങ്കരയിനങ്ങൾ മഴയെ ആശ്രയിച്ചിട്ടുള്ള കൃഷിക്കും ജലസേചിതകൃഷിക്കും അനുയോജ്യമാണ്. ചന്ദ്രസങ്കര, കല്പരക്ഷ എന്നിവ കാറ്റുവീഴ്ച സാധ്യതയുള്ള പ്രദേശങ്ങൾക്ക് യോജിച്ചതാണ്. ചന്ദ്രലക്ഷ, ലക്ഷഗംഗ, ചന്ദ്രകല്പ, കല്പധേനു എന്നിവ വരൾച്ചസാധ്യതയുള്ള സ്ഥലങ്ങളിലേക്ക് യോജിച്ചതാണ്.

നടീൽ രീതി

തേങ്ങയുടെ മുകൾഭാഗം അല്പം മുകളിൽ കാണത്തക്കവിധമാണ് തൈകൾ നടേണ്ടത്. തൈകൾക്കുചുറ്റുമുള്ള മണ്ണ് നന്നായി ചവിട്ടി ഉറപ്പിക്കണം. തൈയുടെ കടഭാഗം മൂടാനോ ഓലപ്പട്ടകൾക്കിടയിൽ മണ്ണ് കയറാനോ പാടില്ല. പറിച്ചുനട്ട തൈകൾ ശക്തിയായ വെയിലേൽക്കാതിരിക്കാൻ തണൽനൽകണം. വിവരങ്ങൾക്ക്: 94460 88605.