അടയ്ക്കാകർഷകരെയും കവുങ്ങുകൃഷിയെയും നിരന്തരം വലയ്ക്കുന്ന മൂന്ന് ഒഴിയാവ്യാധികളുണ്ട്. മാഹാളി, ഇലപ്പുള്ളി, കുലകരിച്ചിൽ എന്നിവയാണ് മൂന്ന് ഗുരുതരരോഗങ്ങൾ. ഇവ യഥാസമയം തിരിച്ചറിയുകയും പ്രതിരോധിക്കുകയും നിയന്ത്രണവിധേയമാക്കുകയും വേണം. രോഗങ്ങൾ നേരത്തേ പ്രതിരോധിക്കാനായാൽ വിളനഷ്ടവും സാമ്പത്തികനഷ്ടവും വലിയൊരു പരിധിവരെ കുറയ്ക്കാൻ കഴിയും
മാഹാളി
കായ്‌ചീയൽ എന്നുപേരുള്ള മാഹാളി കുമിൾരോഗമാണ്. ഫൈറ്റോഫ്തോറ എന്ന കുമിളാണ് കാരണം. പ്രത്യേകിച്ച് മഴക്കാലത്ത്. അടയ്ക്കകൾ ചീഞ്ഞുപൊഴിയും. വെള്ളത്തിലൂടെയും കാറ്റിലൂടെയുമെല്ലാം രോഗം പകരും. മൂത്തതും വളർച്ചയെത്താത്തതുമായ അടയ്ക്കകൾ ഞെട്ടുഭാഗം അഴുകി ധാരാളമായി ചീഞ്ഞുകൊഴിയും. അതിവർഷംതന്നെയാണ് പലപ്പോഴും രോഗം രൂക്ഷമാക്കുന്നത്.
അടയ്ക്കകളുടെ കടയ്ക്കൽ കുതിർന്നതുപോലെയുള്ള പച്ചയോ മഞ്ഞയോ പാടുകളും വെള്ള നിറമുള്ള കുമിളിന്റെ വളർച്ചയും കാണാം. ഇത് പിടിപെടുന്ന അടയ്ക്കകൾക്ക് കനവും തൂക്കവും കുറയും. ഒപ്പം തുറന്നുനോക്കിയാൽ ഉൾക്കാമ്പിൽ ഇരുണ്ട തവിട്ടുനിറമുള്ള വലയങ്ങളും കാണാം. രോഗം മൂർച്ഛിക്കുന്നതനുസരിച്ച് കവുങ്ങിൻ പാളകളും അടർന്നുവീഴും. 10 ശതമാനം മുതൽ 90-100 ശതമാനം വരെയാണ് നഷ്ടം വിലയിരുത്തിരിക്കുന്നത്. അതുതന്നെ വളരുന്ന പ്രദേശത്തിെന്റ പ്രത്യേകതകൾ, മഴയുടെ കാലദൈർഘ്യം, നിയന്ത്രണവിധികൾ ചെയ്യാൻ സംഭവിക്കുന്നതിലെ കാലതാമസം എന്നിങ്ങനെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
നിയന്ത്രണം: കൃഷിയിടം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. രോഗംബാധിച്ച പൂങ്കുലകൾ പൂർണമായി നീക്കുക. കൊഴിഞ്ഞ അടയ്ക്കകൾ പെറുക്കിനശിപ്പിക്കുക. തുടർന്ന് ഒരു ശതമാനം ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്സി ക്ലോറൈഡ് രണ്ടുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയത്, അല്ലെങ്കിൽ കോപ്പർ ഹൈഡ്രോെെക്സഡ് 1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയത് എന്നിവയിലൊന്ന് 40-45 ദിവസത്തെ ഇടവേളകളിൽ പശയും ചേർത്ത് തളിക്കുക.
പശയായി റോസിൻ സോഡാ ഉപയോഗിക്കാം. മഴയ്ക്ക് തൊട്ടുമുൻപ് ബോർഡോമിശ്രിതം പ്രതിരോധമായി തളിക്കണം. അതായത്, മേയ് അവസാനമോ ജൂൺ ആദ്യമോ വേണം. മഴക്കാലം നീണ്ടാൽ മരുന്നുതളി മൂന്നുതവണയാക്കാം. അടയ്ക്കകൾ പോളിത്തീൻകൊണ്ട് പൊതിയാനായാൽ രോഗകാഠിന്യം കുറയ്ക്കും.
ഇലപ്പുള്ളി
കവുങ്ങിന്റെ ഓലയിൽ ചെറിയ പൊട്ടുകളായി തുടങ്ങുന്നതാണ് ഇലപ്പുള്ളി രോഗം. യഥാസമയം ശ്രദ്ധിച്ചില്ലെങ്കിലോ നിസ്സാരമായി കരുതിയാലോ ഇത് വ്യാപിക്കും. രോഗം പിടിപെട്ട് വേണ്ടസമയം നിയന്ത്രിക്കാനാകാത്ത അടയ്ക്കാത്തോട്ടങ്ങൾ ദൂരെനിന്ന് കണ്ടാൽ അറിയാൻ കഴിയും. പച്ചപ്പിനുപകരം മഞ്ഞളിച്ചുനിൽക്കുന്ന മരങ്ങളായിരിക്കും അധികവും. നേർത്ത പൊട്ടുപോലെ ഓലയിൽ തുടങ്ങുന്ന രോഗം ക്രമേണ പടർന്ന് ഓലമുഴുവൻ മഞ്ഞനിറമാകും.
ആദ്യം പൊട്ടുവീണ ഭാഗമാകട്ടെ അപ്പോഴേക്കും കരിഞ്ഞുണങ്ങും. ഇത് പാളകളിലേക്കും അടയ്ക്കകളിലേക്കും വരെ എത്തും. ഒടുവിൽ മരംതന്നെ നശിക്കും. പൂങ്കുലകളും ഇതോടൊപ്പം കരിഞ്ഞുവീഴുന്നതിനാൽ ഉത്പാദനം കുറയുകയോ നിലയ്ക്കുകയോ ചെയ്യും. കോളിറ്റോട്രിക്കം എന്ന കുമിളാണ് രോഗഹേതു. മഴക്കാലത്താണ് രൂക്ഷമാകുക. കാലാവസ്ഥാവ്യതിയാനവും രോഗതീവ്രതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്.
നിയന്ത്രണം: ഒരു മില്ലിലിറ്റർ പ്രൊപികൊണസോൾ എന്ന കമിൾനാശിനി ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലർത്തി ഓലകളുടെ മുകളിൽ തളിക്കുക. ഒരു മാസത്തിനുള്ളിൽ പ്രൊപിനെബ്ബ് എന്ന കുമിൾനാശിനി രണ്ടുഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കി തളിക്കുക.
ഒരു പ്രദേശത്ത് രോഗബാധകണ്ടാൽ അവിടത്തെ മുഴുവൻ കർഷകരും ഒരുമിച്ച് മരുന്നുതളിക്കുകയാണ് കൂടുതൽ ഫലപ്രദം. ഇടയ്ക്ക് മരുന്ന് തളിക്കാത്ത തോട്ടങ്ങളുണ്ടെങ്കിൽ അവിടെ രോഗം പിടിപെടാൻ സാധ്യതയുണ്ട്. ഒപ്പം തോട്ടം വൃത്തിയായി സൂക്ഷിക്കണം. യഥാസമയം നിയന്ത്രിച്ചില്ലെങ്കിൽ 60 ശതമാനംവരെ വിളനഷ്ടം വരുത്തും. തൈകളെ രോഗം പിടികൂടിയാൽ അവയുടെ വളർച്ചതന്നെ മുരടിക്കും.
കുലകരിച്ചിൽ
ഫൈറ്റോഫ്ത്തോറ കുമിൾ വരുത്തുന്ന രോഗമാണ് കുലകരിച്ചിൽ. പൂക്കളിലും കായ്‌കളിലും വെളുത്ത പാടുകൾ വീഴുന്നത് കാണാം. മഴയോടനുബന്ധിച്ച് ഇത് വ്യാപിക്കും. തുടർന്ന് കായകൾ അഴുകി നശിക്കും. മഴയുടെ അവസാനഘട്ടത്തിലാണ് രോഗം വരുന്നതെങ്കിൽ അഴുകിയുണങ്ങിയ കായ്‌കൾ ഉണങ്ങിക്കരിഞ്ഞ്, കരിഞ്ഞ കുലയായി മരത്തിൽത്തന്നെ തങ്ങിനിൽക്കുന്നതും കാണാം. ഇതിന് ഉണക്ക മാഹാളി എന്ന അർഥത്തിൽ ‘ഡ്രൈ മാഹാളി’ എന്നും പറയാറുണ്ട്. നേരത്തേ മാഹാളിക്ക് ശുപാർശ ചെയ്ത നിയന്ത്രണവിധികൾതന്നെ ഇവിടെയും സ്വീകരിക്കാം. അടയ്ക്കാകർഷകരെ, പ്രത്യേകിച്ച് ഉത്തരകേരളത്തിലെ മലയോരമേഖലകളിലെ കർഷകരെ ആശങ്കയിലാഴ്ത്തുന്ന ഈ രോഗങ്ങൾ നേരത്തേ പ്രതിരോധിക്കാനായാൽ വിളനഷ്ടവും സാമ്പത്തികനഷ്ടവും വലിയൊരു പരിധിവരെ കുറയ്ക്കാൻ കഴിയും.
Content Highlights: Learn to identify and control three major diseases affecting areca nut cultivation
Published: 25 Oct 2025, 02:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented