
കൊച്ചി : റോബസ്റ്റ സ്പെഷ്യാലിറ്റി കാപ്പിയുടെ ആഗോള വിപണി പിടിക്കാൻ വയനാടൻ കാപ്പി. ഇതിനായി വ്യവസായ വകുപ്പിന്റെ കീഴിലുള്ള സംരംഭമായ ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിനു കീഴിൽ ‘വയനാടൻ റോബസ്റ്റ’ ബ്രാൻഡായി വിപണിയിലെത്തിക്കും.
സംസ്ഥാനത്തെ കാപ്പികൃഷിയുടെ പ്രധാന കേന്ദ്രമായ വയനാട്ടിൽ ഭൂരിഭാഗവും റോബസ്റ്റ കാപ്പിയാണുള്ളത്. എന്നാൽ, ആഗോള-ആഭ്യന്തര വിപണിയിൽ കൂടുതൽ വിലയും ആവശ്യകതയുമുള്ള സ്പെഷ്യാലിറ്റി ഇനത്തിന്റെ ഉത്പാദനം കുറവാണ്. വയനാട്ടിലെ 80 ശതമാനം വരുന്ന ചെറുകിട കർഷകർക്കും വിളയുടെ ഗുണനിലവാരം ഉയർത്തുന്നതിനെക്കുറിച്ച് ധാരണയില്ലാത്തതാണ് ഇതിനു കാരണമെന്ന് ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ട് ലീഡായ ജി. ബാലഗോപാൽ പറഞ്ഞു. അതിനാൽ, സെക്കൻഡ് ഗ്രേഡായ വയനാടൻ റോബസ്റ്റയാണ് വിപണിയിൽ കൂടുതൽ. എന്നാൽ, രണ്ടരക്കൊല്ലം മുൻപ് നെതർലൻഡ്‌സിൽ നിന്നെത്തിയ സംഘമാണ് വയനാടൻ കാപ്പിയുടെ നിലവാരത്തെ കുറിച്ചുള്ള ധാരണകൾ തിരുത്തിയത്.
കപ്പ് സ്‌കോർ പ്രധാനം
കാപ്പിയുടെ ഗുണനിലവാരം അളക്കാനുള്ള പരിശോധനയാണ് കോഫി കപ്പിങ്. ഇതിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ‘കപ്പ് സ്‌കോർ’ 80-നു മുകളിലാണെങ്കിൽ ‘സ്‌പെഷ്യാലിറ്റി കോഫി’ ആണ്. നെതർലൻഡ്സിലേക്ക് കൊണ്ടുപോയി പരിശോധിച്ച വയനാടൻ റോബസ്റ്റയുടെ സാംപിളുകളുടെ കപ്പ് സ്‌കോർ 83 ശതമാനവും 86 ശതമാനവുമായിരുന്നു. വയനാടൻ കാപ്പിക്ക് തനതായ മേന്മയുണ്ടെന്ന് ഇതോടെ തെളിഞ്ഞു. തുടർന്ന് ഇതേ നിലവാരത്തിൽ കൂടുതൽ റോബസ്റ്റ ഉത്പാദിക്കുന്നതിനുള്ള ശ്രമങ്ങൾ സ്മാർട്ട് കോഫി പ്രോജക്ടിനു കീഴിൽ ആരംഭിച്ചു.
കോഫി ബോർഡിന്റെ സഹകരണത്തിൽ 300 കർഷകരിൽനിന്ന് ചെറിയ ഫീസ് ഈടാക്കി സാംപിളുകളെടുത്ത് പരിശോധിച്ചു. എന്നാൽ, 55 മുതൽ 70 ശതമാനം വരെയായിരുന്നു ഫലം കിട്ടിയത്. സംസ്‌കരണ പ്രക്രിയ കൃത്യമായി നടത്തിയതായിരുന്നു നെതർലൻഡ്‌സിലേക്ക് കൊണ്ടുപോയ കാപ്പിയുടെ കപ്പ് സ്‌കോർ ഉയരാൻ കാരണം. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ആധുനിക കാപ്പി സംസ്‌കരണ സൗകര്യങ്ങൾ അടങ്ങുന്ന കോഫി പാർക്ക് വിഭാവനം ചെയ്യുന്നത്.
കോഫി പാർക്ക് വരുന്നു
വയനാട്ടിൽ ഉത്പാദിപ്പിക്കുന്ന റോബസ്റ്റ കാപ്പി സംഭരിച്ച്, ഒരു കേന്ദ്രീകൃത പ്രോസസിങ് വഴി ഗുണനിലവാരമുള്ള കാപ്പി ഉത്പാദിപ്പിക്കുക, കർഷകർക്ക് സ്‌പെഷ്യാലിറ്റി കാപ്പി ഉത്പാദിപ്പിക്കാനുള്ള പരിശീലനവും പിന്തുണയും ഉറപ്പാക്കുകയുമാണ് കല്പറ്റയിൽ 20 ഏക്കറിൽ വരുന്ന കോഫി പാർക്കിന്റെ ലക്ഷ്യം. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന ഘട്ടത്തിലുള്ള പദ്ധതി കിഫ്ബിയുടെ സഹായത്തോടെ കിൻഫ്രയാണ് ഒരുക്കുന്നത്.
സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റർ, കോഫി കപ്പിങ്ങിനും ഗ്രേഡിങ്ങിനുമുള്ള സൗകര്യം, കാപ്പി മ്യൂസിയം, കഫേ എന്നീ സൗകര്യങ്ങളുമുണ്ടാകും. കൂടാതെ, ആഭ്യന്തര വിപണിയിൽ ‘മലബാർ കോഫി’ എന്ന ട്രേഡ് മാർക്ക് കൊണ്ടുവരാനും ശ്രമമുണ്ടെന്ന് സയൻസ് ലീഡായ ഡോ. ടി.ഡി. ജോൺ പറഞ്ഞു. 2024-ൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന സ്‌പെഷ്യാലിറ്റി കാപ്പിയുടെ സമ്മേളനത്തിൽ വയനാടൻ കാപ്പി-വയനാട്‌സ് ഇന്ത്യൻ ഫൈൻ റോബസ്റ്റ എന്ന പേരിൽ അവതരിപ്പിച്ചതിന് മികച്ച സ്വീകരണം ലഭിച്ചിരുന്നു.
Content Highlights: Wayanad`s Robusta coffee aims for the global specialty market
Published: 11 Jul 2025, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented