വെള്ളമുണ്ട: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വയനാട്ടിൽ വീണ്ടും ഇഞ്ചിക്കൃഷി പരീക്ഷണത്തിനായി കർഷകർ. ചാക്കിന് മൂവായിരം രൂപയോളം ഇഞ്ചിവിത്തിന് ഇപ്പോൾ വിലയുണ്ടെങ്കിലും പുതിയതായി സ്ഥലമൊരുക്കി ഇഞ്ചി നടാനുള്ള തയ്യാറെടുപ്പിലാണ് കർഷകരെല്ലാം. ഇത്തവണ വേനൽമഴ ആദ്യംമുതലേ നല്ലതുപോലെ കിട്ടിയതിനാൽ നിലമൊരുക്കുന്നതിനുംമറ്റും ഗുണകരമായി.
കാലാവസ്ഥാവ്യതിയാനവും വിളനാശവും വിലത്തകർച്ചയുമാണ് ഇഞ്ചിക്കൃഷിയിൽനിന്ന് വയനാട്ടിലെ കർഷകരെ പിന്നോട്ടുനടത്തിയത്. രണ്ടോ അതിലധികമോ വർഷത്തെ ഇടവേളയ്ക്കുശേഷവും ഒരേമണ്ണിൽ പുനകൃഷി നടത്തുമ്പോഴും ഇലവാട്ടം, മാഹാളി തുടങ്ങിയ രോഗങ്ങളുടെ വരവ് ഇഞ്ചിക്കർഷകർക്ക് കനത്ത ആഘാതമുണ്ടാക്കിയിരുന്നു. ഇഞ്ചിക്കൃഷി തുടർച്ചയായി നഷ്ടത്തിലായപ്പോൾ ഇതിൽനിന്ന് കർഷകർ കൂട്ടത്തോടെ പിൻവാങ്ങുകയായിരുന്നു.
ഹിമാചൽ, ചുക്കുമാരൻ തുടങ്ങിയ ഇഞ്ചിയിനങ്ങളായിരുന്നു വയനാട്ടിൽ ഏറെ പ്രിയമുണ്ടായിരുന്നത്. ചെറുകിട, ഇടത്തരം കർഷകർക്കെല്ലാം ഇഞ്ചിക്കൃഷിയിൽനിന്നുള്ള വർഷംതോറുമുള്ള വരുമാനവും ഒരുകാലത്ത് ആശ്വാസമായിരുന്നു. പുതിയ സ്ഥലങ്ങൾ കിളച്ചൊരുക്കി മഴക്കാലമെത്തുന്നതിനുമുൻപ് ഇഞ്ചിനാട്ടി കഴിയുമായിരുന്നു. വേനലിൽ പൊള്ളിയ മണ്ണ് കിളച്ചൊരുക്കി ചാണകപ്പൊടിയും മിശ്രണംചെയ്ത് ഇഞ്ചി നാട്ടുകയും പച്ചിലപ്പുതപ്പൊരുക്കുന്നതുമായിരുന്നു കൃഷിരീതി.
കരഭൂമിയിലും വയലിലും ഇഞ്ചിക്ക് നല്ലവിളവും വയനാട്ടിൽ ഒരുകാലത്ത് ലഭിച്ചിരുന്നു. ഇഞ്ചിക്കൃഷി വ്യാപകമായിരുന്നകാലത്ത് ഗ്രാമങ്ങൾതോറും ഇഞ്ചിക്കായി പ്രാദേശിക വിപണികളും സജീവമായിരുന്നു. കേരളത്തിൽ ഏറ്റവുംകൂടുതൽ ഇഞ്ചി ഉത്പാദിപ്പിക്കുന്ന ജില്ലയായിരുന്നു വയനാട്.
1990-കളിൽ 6480 ഹെക്ടറോളം സ്ഥലത്ത് ജില്ലയിൽ ഇഞ്ചിക്കൃഷി നടന്നിരുന്നു. ആയിരക്കണക്കിന് കർഷകകുടുംബങ്ങൾക്ക് ജീവിതവൃത്തിക്കുള്ള മാർഗംകൂടിയായിരുന്നു. തൊണ്ണൂറുകളുടെ അവസാനപാദം മുതലാണ് കർഷകർക്ക് ഇഞ്ചിക്കൃഷി കനത്തബാധ്യതയായി മാറിയത്. ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമായി വൻതുക വായ്പയെടുത്തും കൃഷിയിലേക്കിറങ്ങിയ ഒട്ടേറെ കുടുംബങ്ങൾ കടക്കെണിയിലായി. കനത്ത വിളനാശവും വിലത്തകർച്ചയും കാലാവസ്ഥാമാറ്റവുമെല്ലാം ഒന്നിച്ചുവരുകയായിരുന്നു. ഇഞ്ചിക്ക് കേട് സാർവത്രികമായതോടെ ചെറുകിടകർഷകരെല്ലാം ഇതിൽനിന്ന് പിൻവാങ്ങിത്തുടങ്ങി.
കൃഷിയിടങ്ങൾ തേടി കർഷകർ
ജില്ലയിലെ ചെറുകിടകർഷകരെല്ലാം വാഴക്കൃഷിയിൽ ഒതുങ്ങിയപ്പോഴും ഇടത്തരം, വൻകിട കർഷകരെല്ലാം കർണാടകയിലേക്ക് ഇഞ്ചിക്കൃഷിക്കായി ചേക്കേറുകയായിരുന്നു. കുടക് മുതൽ കർണാടക, ആന്ധ്ര അതിർത്തികളിലെ കൃഷിയിടങ്ങളിൽവരെയും പിന്നീട് മലയാളി ഇഞ്ചിക്കർഷകരുടെ തേരോട്ടമായിരുന്നു. ഒറ്റയ്ക്കും കൂട്ടായും ഏക്കർകണക്കിന് കൃഷിയിടങ്ങൾ പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി നടത്തുന്നവരുടെ എണ്ണവും കൂടി. താരതമ്യേന തൊഴിലാളികളുടെ താഴ്ന്ന കൂലിനിരക്ക്, ജലലഭ്യത, കാലാവസ്ഥ, വിപണികൾ എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം അവിടങ്ങളിൽ അനുകൂലമായിരുന്നു. ഈ സാഹചര്യങ്ങളിൽ കർണാടകയിലെ ഊഷരഭൂമിയിലേക്ക് കർഷകർ ഈ വിളകളെയും പറിച്ചുനടുകയായിരുന്നു. ഹസ്സൻ, ഷിമോഗ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഏക്കർകണക്കിന് കൃഷിയിടങ്ങൾ മലയാളികൾ ഇഞ്ചികൃഷിക്കായി പരുവപ്പെടുത്തി. ഇവിടെയും കൃഷിസ്ഥലങ്ങൾ ഇഞ്ചി കൃഷിചെയ്ത് പഴകിയതോടെ ഇതിന് തുടർച്ചയായുള്ള സ്ഥലങ്ങളിലേക്കായിരുന്നു കർഷകരുടെ ലക്ഷ്യം. വൻ തോതിൽ കൃഷി വിപുലമായതോടെ പാട്ടത്തുക ഉയർത്തിയും കർണാടകയിലെ ഭൂവുടമകൾ ഇഞ്ചിക്കർഷകരെ വെട്ടിലാക്കി. ഇഞ്ചിക്കൃഷിചെയ്ത് പഴകിയ മണ്ണിൽ വാഴക്കൃഷിയും മലയാളി കർഷകർ തുടങ്ങി. പിന്നീട് കർണാടകയിലെ ഇഞ്ചിക്കൃഷിയും ഭാഗ്യപരീക്ഷണമായി. മൂന്ന് നാല് വർഷം തുടർച്ചയായി കൃഷിചെയ്യുമ്പോൾ ഒരുതവണ ലാഭത്തിന്റെ കഥപറയുമ്പോൾ അതിലേറെ നഷ്ടക്കണക്കുകളാണ് ഇവർക്ക് പറയാനുള്ളത്.
പുതിയ പ്രതീക്ഷകൾ
വേനൽമഴ ലഭിച്ചതോടെ കൃഷിക്കായി സ്ഥലം ഒരുക്കുന്നതിന്റെയും ഇഞ്ചി നാട്ടുന്നതിന്റെയും തിരക്കിലാണ് കർഷകർ. മുൻവർഷങ്ങളിൽ സ്വരൂപിച്ച ഇഞ്ചിവിത്തുകൾ കൈവശമുള്ളവരാണ് അധികവും ഇത്തവണ കുറച്ചുകൂടി വിപുലമായി കൃഷിക്കായി തയ്യാറെടുക്കുന്നത്. ഇഞ്ചിവിത്ത് വലിയവില നൽകി വാങ്ങുന്നത് ബാധ്യതയായതിനാൽ സ്ഥലമുണ്ടെങ്കിലും കൃഷിനടത്താനാവാതെയും ചെറുകിടകർഷകർ പ്രതിസന്ധിയിലാണ്. കർഷകർ പിടിച്ചുനിൽക്കുന്നത് വാഴ, ഇഞ്ചി തുടങ്ങിയ ഹ്രസ്വവിളകളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലാണ്.
Content Highlights: After years of losses, Wayanad farmers are again trying ginger cultivation
Published: 05 May 2025, 06:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented