ഹരിപ്പാട്: സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരത്തിനു പിന്നാലെ കൃഷിവകുപ്പിന്റെ കർഷകതിലകം (ലക്ഷം രൂപ) പുരസ്കാരവും ഡാണാപ്പടി പാലക്കുളങ്ങര മഠത്തിൽ വി. വാണിയെ തേടിയെത്തി. കൃഷിയിൽ ബിരുദം നേടിയശേഷം 16 വർഷമായി 4.5 ഏക്കറിൽ കാവും കുളവും സംരക്ഷിച്ച് പ്രകൃതിക്കിണങ്ങുന്ന കൃഷിരീതി പിന്തുടരുന്നതിനുള്ള അംഗീകാരമാണിത്. ദേശീയപാതയോരത്ത് ഡാണാപ്പടി പാലത്തിനുസമീപമാണ് കൃഷിയിടം.

To advertise here,

പ്രകൃതിസൗഹൃദ ശാസ്ത്രീയ കൃഷിക്കൊപ്പം നാടൻവിത്തുകൾ, നാട്ടുമരങ്ങൾ, വനവൃക്ഷങ്ങൾ, നാടൻ പശുക്കൾ, നാടൻ മത്സ്യയിനങ്ങൾ, നാടൻ കോഴി, താറാവ്, വിവിധയിനം പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, ഫലവൃക്ഷങ്ങൾ, 12 ഇനം വാഴകൾ, ഔഷധച്ചെടികൾ എന്നിവയും വാണി പരിപാലിക്കുന്നു.

കൃഷിയിടത്തിൽ ഒൻപതു കുളങ്ങളും ചെറിയ കാടുമുണ്ട്. കൃഷിക്കാവശ്യമായ കരിയിലയും ജൈവവളവും ഇവിടെ ഉത്പാദിപ്പിക്കുന്നു. ആനമുളയുൾപ്പെടെ 32 ഇനം മുളകൾ, വിവിധയിനം വനസസ്യങ്ങൾ, ഔഷധച്ചെടികൾ, നാടൻ പച്ചക്കറികൾ, നാട്ടുപൂമരങ്ങൾ, ഫലവൃക്ഷങ്ങൾ, വംശനാശഭീഷണി നേരിടുന്ന കുളവെട്ടി, കായാമ്പൂ, കടമ്പ് തുടങ്ങി അയ്യായിരത്തിലധികം സസ്യങ്ങൾ എന്നിവയും സംരക്ഷിക്കുന്നുണ്ട്.

മൂന്നു ബയോഗ്യാസ് പ്ലാന്റുമുണ്ട്. നാടൻപശുക്കളുടെ മൂത്രവും ചാണകവും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ജീവാമൃതം, ഘനജീവാമൃതം, ബീജാമൃതം, പഞ്ചഗവ്യം തുടങ്ങിയവ വളമായും കീടനാശിനിയായും ഉപയോഗിക്കുന്നു. ഊർജസംരക്ഷണം, പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനം, പരിസ്ഥിതി ബോധവത്കരണ ക്ലാസ്, ജൈവവൈവിധ്യ സംരക്ഷണം, അധിനിവേശ സസ്യ നിർമാർജനം, ഉറവിടത്തിൽത്തന്നെയുള്ള വളം നിർമാണം, സൂക്ഷ്മ കാലാവസ്ഥാ സന്തുലനം തുടങ്ങിയ പ്രവർത്തനങ്ങൾക്കും വാണി നേതൃത്വം നൽകുന്നു.

വീട്ടിൽത്തന്നെ വിപണനകേന്ദ്രവും പരമ്പരാഗത നാടൻവിത്ത്‌, പച്ചക്കറിത്തൈ, ഫലവൃക്ഷത്തൈ തുടങ്ങിയവയ്ക്കായി നഴ്‌സറിയുമുണ്ട്. സ്ത്രീകളുൾപ്പെടെ 32 പേർക്ക് തൊഴിൽ നൽകുന്നതായും വാണി പറയുന്നു. ഭർത്താവ്: വിജിത്ത്.

വാണിയുടെയും വിജിത്തിന്റെയും കൃഷി വിശേഷങ്ങൾ കൂടുതൽ വായിച്ചറിയാം