
കൊല്ലം: അഞ്ച് ഏക്കറിൽ ആറ് മാതൃകാതോട്ടങ്ങളും മാതൃകാ പോഷകത്തോട്ടവും ഒരുക്കിയാണ് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ നീണ്ടകര അസിസ്റ്റന്റ് എൻജിനിയർ ഓഫീസ് സംസ്ഥാന പുരസ്കാരം നേടിയത്.
ഹാർബർ എൻജിനിയറിങ് വകുപ്പ് ജീവനക്കാരുടെയും നീണ്ടകര കൃഷി ഓഫീസിന്റെയും നേതൃത്വത്തിൽ രണ്ടുവർഷത്തിലധികമായാണ് കൃഷി നടത്തുന്നത്. ഏത്തവാഴ, പയർ, മഞ്ഞൾ, ഇഞ്ചി, ചേന, വഴുതന, മുളക്, വെണ്ട, ചീര, അമര തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും തോട്ടത്തിലുണ്ട്. ഓണവിപണി മുന്നിൽക്കണ്ട് ഇത്തവണ 1,000 ബന്ദിത്തൈകളും നട്ടു.
ഹാർബറിന്റെ പരിസരത്തുള്ള ഏക്കറുകണക്കിന് സ്ഥലം കാടുമൂടിക്കിടക്കുന്നത് നിത്യവും വൃത്തിയാക്കുന്നതിനു പരിഹാരമെന്നോണമാണ് ജീവനക്കാരുടെ നേതൃത്വത്തിൽ ചെറിയതോതിൽ കൃഷി ആരംഭിച്ചത്. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒരുവിഹിതം മാറ്റി, െചറിയ സ്ഥലത്ത് രണ്ടുവർഷംമുൻപ് പയർകൃഷി ആരംഭിച്ചു. ജൈവാംശം കുറഞ്ഞതും മൂലകശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ പ്രദേശമായതിനാൽ വേണ്ടത്ര പ്രായോഗിക പരിജ്ഞാനമില്ലാതെ നടത്തിയ കൃഷി വലിയ മെച്ചമായിരുന്നില്ല.
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ നിതിൻരാജിന്റെ നേതൃത്വത്തിൽ ജീവനക്കാർ വീണ്ടും കൃഷിയിറക്കി. മണ്ണുപരിശോധന നടത്തി, നീണ്ടകര കൃഷി ഓഫീസർ സജിതമോളുടെ നേതൃത്വത്തിൽ ശാസ്ത്രീയമായ രീതിയിലായിരുന്നു കൃഷി. ചെറിയ സ്ഥലത്തെ കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. 75 കിലോയിലധികം പയറാണ് ആദ്യവിളവെടുപ്പിൽ കിട്ടിയത്. കഴിഞ്ഞവർഷത്തെ ബന്ദിക്കൃഷിയും വൻ വിജയമായിരുന്നു. ജീവനക്കാരായ അഖിൽരാജ്, ലക്ഷ്മി, രമ തുടങ്ങിയവരുടെ നേതൃത്വത്തിൽ 15 ശുചീകരണത്തൊഴിലാളികൾക്കാണ് പരിപാലനച്ചുമതല.
കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കുന്ന ജൈവ സ്ലറികൾ, ജീവാമൃതം, ഹാർബറിലെ മത്സ്യ അവശിഷ്ടം ഉപയോഗിച്ചുള്ള കമ്പോസ്റ്റ് എന്നിവ കൃഷിയിടത്തിൽതന്നെ ഉത്പാദിപ്പിച്ചാണ് ഉപയോഗിക്കുന്നത്. കൃഷിക്ക് ആവശ്യമായ തൈകളും സ്വന്തമായി കൃഷിയിടത്തിൽതന്നെ ഉത്പാദിപ്പിക്കുന്നു. വിളവെടുക്കുന്ന പച്ചക്കറികൾ ഹാർബറിൽതന്നെ വിറ്റുപോകും. കൃഷിയിറക്കാനുള്ള ചെലവുമുഴുവൻ ഇതിൽനിന്നു ലഭിക്കും.
മത്സ്യബന്ധനമേഖലയിലും കൃഷി സാധ്യമാകുമെന്ന സന്ദേശം കൂടുതൽപ്പേരിലേക്ക് എത്തിക്കാനായി. ഹാർബർ മോഡൽ കൃഷി എന്ന പേരിൽ നീണ്ടകര പഞ്ചായത്തിലെ ജനങ്ങൾ കൃഷി ആരംഭിക്കുകയും ചെയ്തു. പുതുതായി എത്തിയ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ബിജേഷും കൃഷിക്ക് പൂർണപിന്തുണ നൽകുന്നു.
Content Highlights: Neendakara Harbour wins state award for creating 6 model gardens and a nutritional garden
Published: 14 Aug 2025, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented