കാരശ്ശേരി: സ്ഥിരോത്സാഹവും കഠിനാധ്വാനവുംകൊണ്ട് തേനീച്ചക്കൃഷിയിൽ വിജയഗാഥ തീർക്കുകയാണ് കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടി സ്വദേശികളായ കൂരാപ്പിള്ളി ബാബു മാത്യു-ആൻസി ദമ്പതിമാർ. തേനും വൈവിധ്യങ്ങളായ തേനുത്‌പന്നങ്ങളും നിർമിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി വിപുലമായ മാർക്കറ്റ് നേടി മുന്നോട്ടുപോവുകയാണിവർ. ഓരോവർഷവും പുതിയ തേൻ ഉത്‌പന്നങ്ങൾ ഇവർ വികസിപ്പിച്ച് പുറത്തിറക്കുന്നുണ്ട്. തേനീച്ചക്കൃഷിയെ താത്‌പര്യപൂർവം എടുക്കുകയും കഠിനാധ്വാനംചെയ്യാൻ ഒരുക്കവുമാണെങ്കിൽ ജീവിതം മധുരിക്കുന്നതാക്കാമെന്ന് ഈ ദമ്പതിമാർ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തുന്നു.

To advertise here,

ഗുണനിലവാരമുറപ്പുവരുത്താൻ ആധുനിക ഹണി പ്രോസസിങ് പ്ലാന്റ് 28 ലക്ഷംരൂപ ചെലവിൽ കഴിഞ്ഞ മാർച്ചിലാണ് ഇവർ സ്ഥാപിച്ചത്. ‘ബി.എം. ഹണി ഫാം’ എന്നപേരിലാണ് തേനും മറ്റുത്‌പന്നങ്ങളും വിപണിയിലെത്തിക്കുന്നത്. കേരളത്തിനുപുറമേ ഡൽഹി, സിക്കിം, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കും ഉത്‌പന്നങ്ങൾ കയറ്റിയയക്കുന്നുണ്ട്. ധാരാളം തേനീച്ചക്കർഷകർ തേൻ പ്ലാന്റിൽ ശുദ്ധീകരിക്കുന്നതിനും ഇവിടെയെത്താറുണ്ട്. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ രണ്ടുലക്ഷംരൂപ സാമ്പത്തികസഹായത്തോടെ സ്ഥാപിച്ച ഹണി പാക്ക് ഹൗസ് യൂണിറ്റാണ് തേൻ ഉത്‌പന്നങ്ങൾ പായ്ക് ചെയ്ത്‌ വിപണനത്തിനൊരുക്കുന്നത്. ഹോർട്ടികൾച്ചറൽ മിഷൻ, എം.എസ്.എം.ഇ., കേന്ദ്ര-സംസ്ഥാന വ്യവസായവകുപ്പ്, കാരശ്ശേരി കൃഷിഭവൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പിന്തുണയും സഹായവും വ്യവസായത്തിനുണ്ടെന്ന് ബാബു പറഞ്ഞു. കഴിഞ്ഞ ജൂലായിൽ ഡൽഹിയിൽവെച്ച് നടന്ന ഹോർട്ടി കൾച്ചർ പ്രദർശനത്തിൽ കേരളത്തിന് ഒന്നാംസ്ഥാനം ലഭിച്ചതിന് ഇവർ പ്രധാനപങ്കുവഹിച്ചു.

ചെറുപ്പത്തിലേ തേനീച്ചവളർത്തലിനോട് കമ്പമുണ്ടായിരുന്നെങ്കിലും ഐ.ടി.ഐ.യിൽ പഠനം പൂർത്തിയാക്കി റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് രംഗത്ത് തൊഴിലെടുത്തുവരികയായിരുന്നു ബാബു. വിവാഹശേഷം ഈ രംഗം വിട്ട് കൃഷിയിലേക്കുകടന്നു. കോവിഡ് കാലത്ത് ധാരാളം സമയം വെറുതെയിരിക്കുന്ന സാഹചര്യമുണ്ടായപ്പോൾ പഴയ മധുരത്തേനുത്‌പാദനത്തിലേക്ക് തിരിയുകയായിരുന്നു. ആദ്യം 10 കൂടുമായി തുടങ്ങി, ഇപ്പോൾ 1000-ലധികം വൻതേനീച്ചപ്പെട്ടികളും 500-ഓളം ചെറുതേനീച്ചപ്പെട്ടികളുമുണ്ട്. ഒരു പെട്ടിയിൽനിന്ന് 10 കിലോയിലധികം തേൻ ശരാശരി പ്രതിവർഷം ലഭിക്കുമെന്ന് ബാബു പറഞ്ഞു.

ഉത്‌പന്ന വൈവിധ്യത്തിലേക്ക്

തേൻ വിപണനത്തിനുപുറമേ വിവിധതരം വേറിട്ട തേൻ ഉത്‌പന്നങ്ങളും നിർമിച്ച് ഇവർ വിപണിയിലെത്തിക്കുന്നുണ്ട്. മാതളത്തേൻ, കാന്താരിത്തേൻ, നെല്ലിക്കാത്തേൻ, വെളുത്തുള്ളിത്തേൻ, കുരുമുളക് തേൻ, ഫെയ്സ് ക്രീം, പെയിൻ ബാം, ലെഗ് ക്രീം, ഹണി സോപ്പ്, ഹണി നട്സ് തുടങ്ങിയ 15 ഉത്പന്നങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. വിവിധതരം രോഗചികിത്സയ്ക്കും പ്രതിരോധത്തിനുമുപകരിക്കുന്ന ഉത്പന്നങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നേരിട്ട് വിപണിയിലെത്തിക്കുന്നതിനുപുറമേ ഓൺലൈനായും വിപണനം നടക്കുന്നുണ്ട്.

തൊഴിലവസരം ഇവിടെത്തന്നെയുണ്ട്
വിദേശരാജ്യങ്ങളിലേക്കൊന്നും പോകണമെന്നില്ല. മനസ്സുവെച്ചാൽ നമ്മുടെ നാട്ടിൽത്തന്നെ നല്ല തൊഴിലവസരങ്ങൾ കണ്ടെത്താനാകും. തേനീച്ചക്കൃഷിയാണെങ്കിൽ പരിശീലനം നൽകാനും ഒരുക്കമാണ്.

ബാബു കൂരാപ്പിള്ളിൽ,
തേനീച്ചക്കർഷകൻ