കൊല്ലം: സ്കൂൾ ഉച്ചഭക്ഷണത്തിൽ നൽകുന്ന കറികളിൽ പച്ചക്കറിക്കഷണങ്ങളുടെ കുറവ് കാണുന്നതായി വിദ്യാഭ്യാസവകുപ്പ്. പച്ചക്കറികളുടെ അപര്യാപ്തതയും വിലക്കയറ്റവുമാണ് കാരണം. ഇതു പരിഹരിക്കാൻ സ്കൂൾ വളപ്പിൽ പച്ചക്കറി സ്വയം ഉത്‌പാദിപ്പിക്കണമെന്നാണ് നിർദേശം. ഓഗസ്റ്റ് ഒന്നുമുതൽ സ്കൂളുകളിൽ പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു നടപ്പാക്കുന്നതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതിയ മാർഗനിർദേശങ്ങൾ നൽകിയത്.

To advertise here,

കഴിഞ്ഞ വർഷത്തെ മെനുവിൽ അവിയൽ, തോരൻ, പരിപ്പുകറി, എരിശ്ശേരി, സാമ്പാർ എന്നിവ ആവർത്തിച്ചു കൊടുത്തിരുന്നു. ഇത് കുട്ടികളിൽ പച്ചക്കറിയോട് മടുപ്പുളവാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലെ പോഷകത്തോട്ടത്തിൽതന്നെ ഉത്പാദിപ്പിക്കാവുന്ന പപ്പായയും മുരിങ്ങയിലയും മത്തനും കുമ്പളവും പയറുവർഗ്ഗങ്ങളും മറ്റും പ്രയോജനപ്പെടുത്തണം. വാഴയുടെ കായ, തട, കൂമ്പ് എന്നിവയും ചക്കയും ഉൾപ്പെടുത്താവുന്നതാണ്.

ഫോർട്ടിഫൈഡ് അരി ഉപയോഗിച്ച് ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌ റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി. ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് ഇതിൽ ഏതെങ്കിലും വിഭവം തയ്യാറാക്കി നൽകണം. ഒപ്പം വെജിറ്റബിൾ കറിയോ കുറുമയോ വേണം. കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഏതെങ്കിലും ചമ്മന്തിയും ഉണ്ടാകണം. ആഴ്ചയിൽ ഒരിക്കൽ ആവിയിൽ പുഴുങ്ങുന്ന വിഭവങ്ങൾ കേന്ദ്ര സർക്കാർ നിർദേശം പാലിച്ചുകൊണ്ട് ശർക്കരയുടെ അളവ് ഗണ്യമായി കുറച്ചും പഞ്ചസാര നാമമാത്രമായി ഉൾപ്പെടുത്തിയുമാണ് തയ്യാറാക്കേണ്ടത്. മിതമായ അളവിൽ ശർക്കരയും തേങ്ങയും ചേർത്ത റാഗി കൊഴുക്കട്ട, ഇലയട, അവിൽ കുതിർത്തത് (വിളയിച്ചത്), റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങളും ഉൾപ്പെടുത്തേണ്ടതാണ്.