ചാലക്കുടി: കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വിദേശ ഫലവർഗമായ റംബൂട്ടാനിൽ മണ്ഡരി ബാധ വ്യാപകമാകുന്നു. ചാലക്കുടി കൂടപ്പുഴ ഭാഗത്താണ് ഇത് കൂടുതൽ വ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരിയിലാണ് റംബൂട്ടാൻ മരങ്ങൾ പൂവിടുന്നത്. ഏപ്രിൽ, മേയിൽ കായ്‌കൾ വലുതാകാൻ ആരംഭിക്കും. ഇതിനിടയിലാണ് മണ്ഡരി കാണുന്നതെന്ന് കർഷകനായ ടോണി പറഞ്ഞു. കായ കൊഴിച്ചിലാണ് റംബൂട്ടാൻ കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. കൊഴിച്ചിൽ തടയാൻ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിചരണം വേണം.
ചാലക്കുടി കാർഷികഗവേഷണകേന്ദ്രത്തിൽ റംബൂട്ടാൻ സാമ്പിളുകൾ കർഷകർ എത്തിച്ചിരുന്നു. കേരള കാർഷിക സർവകലാശാല, വെള്ളാനിക്കര കീടശാസ്ത്ര വകുപ്പിലെ അകാറോളജി വിഭാഗം നടത്തിയ പഠനത്തിലാണ് മണ്ഡരിയുടെ രൂക്ഷമായ ആക്രമണം കണ്ടെത്തിയത്.
ഏറിയോഫിഡേ കുടുംബത്തിൽപ്പെട്ട വിരരൂപത്തിലുള്ള മണ്ഡരികളാണ് പഠനത്തിൽ കണ്ടത്. ഒരു ചതുരശ്രസെന്റിമീറ്ററിൽ 450-500 മണ്ഡരികൾവരെ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇവ പഴങ്ങളിലെ നീരൂറ്റിക്കുടിക്കുകയും ഉണക്കിക്കളയുകയും ചെയ്യും. മൂപ്പെത്താത്ത കായ്‌കളെയാണ് കൂടുതലായി ആക്രമിക്കുന്നത്.
തുടക്കത്തിൽ കായ്‌കൾ സാധാരണപോലെ രൂപപ്പെടുകയും പച്ചനിറത്തിലാകുകയും ചെയ്യുന്നു. ഏകദേശം പകുതി വലുപ്പത്തിലെത്തുമ്പോൾ കായ്‌കളുടെ നിറം മാറി തവിട്ടുനിറമാകും. ക്രമേണ കായ്‌കൾ വെയിലേറ്റ് കരിഞ്ഞതുപോലെയാകും. നിറം മാറിയ കായ്‌കൾ വലുപ്പംവയ്ക്കാതെ മുരടിക്കുകയും പൂർണമായി ഉണങ്ങുകയും ചെയ്യും. ഒരു മരത്തിൽനിന്ന് അടുത്ത മരത്തിലെ പകുതി മൂപ്പെത്തിയ കായകളിലേക്ക് ഇവ പകരും. ഒരു കുലയിലെ എല്ലാ കായ്‌കളുടെയും നീരൂറ്റിക്കുടിക്കുകയും കായകൾ മുഴുവനായി മുരടിച്ചുപോകുകയും ചെയ്യും.
കൃഷി വകുപ്പ് നിർദേശിക്കുന്ന നിയന്ത്രണമാർഗങ്ങൾ
പകുതി മൂപ്പെത്തിയ കായ്‌കളിൽ നിറവ്യത്യാസമുണ്ടോയെന്ന് പരിശോധിക്കുക, കൊഴിഞ്ഞ കായകൾ മരച്ചുവട്ടിൽനിന്നു നീക്കി കമ്പോസ്റ്റ് ആക്കുകയോ കത്തിക്കുകയോ ചെയ്യുക, ഒന്നിലധികം കുലകളിൽ നിറവ്യത്യാസം കണ്ടാൽ കീടനാശിനിപ്രയോഗം ഉറപ്പുവരുത്തുക (തുടക്കത്തിൽ വെറ്റബിൾ സൾഫർ 3 ഗ്രാം/ ലിറ്റർ, ആക്രമണം കൂടുതലാണെങ്കിൽ സ്‌പൈറോമെസിഫെൻ 1 മി.ലി./ ലിറ്റർ).
Content Highlights: Struggling with mite infestation in your Rambutan crops? Learn expert control methods, including pesticide use and orchard hygiene, to protect your harvest.
Published: 15 May 2026, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented