കൊച്ചി: ഉദയംപേരൂർ കണ്ടനാട്ടെ പുന്നച്ചാൽ പാടശേഖരം ഇന്ന് അവഗണനയുടെ പര്യായമായി മാറിയിരിക്കുകയാണ്. ഒരുകാലത്ത് പ്രശസ്ത നടൻ ശ്രീനിവാസൻ 'പൊന്ന്' വിളയിച്ച മണ്ണ് എന്ന ഖ്യാതിയോടെ നിറഞ്ഞുനിന്നിരുന്ന ഈ പാടശേഖരം ഇന്ന് പൂർണ്ണമായും കാടുപിടിച്ചു കിടക്കുകയാണ്. ശ്രീനിവാസന്റെ നേതൃത്വത്തിൽ സമൃദ്ധമായ കൃഷി നടന്നിരുന്ന ഇവിടെ ഇപ്പോൾ പുല്ലും കാടും വളർന്നു പന്തലിച്ചിരിക്കുന്ന കാഴ്ച സങ്കടകരമാണെന്ന് പ്രദേശവാസികൾ പറയുന്നു. നടൻ ശ്രീനിവാസൻ അന്തരിച്ചതോടെ കൃഷിഭവനും പഞ്ചായത്തും ഇവിടേക്ക് തിരിഞ്ഞുനോക്കാത്തതാണ് ഈ സ്ഥിതിക്ക് പ്രധാന കാരണമെന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന മനു ഫിലിപ്പ് പറയുന്നു.

To advertise here,

ശ്രീനിവാസൻ മുന്നിൽ നിന്നപ്പോൾ സബ്സിഡികൾ ലഭിക്കാനും മറ്റ് സാങ്കേതിക സഹായങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ സാധാരണക്കാരായ കർഷകർക്ക് കൃഷിഭവനിൽ നിന്ന് യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. അധികൃതർക്ക് കൃഷിയോടല്ല, മറിച്ച് സെലിബ്രിറ്റികളോടായിരുന്നു താല്പര്യമെന്നാണ് കർഷകരുടെ പ്രധാന പരാതി.

സങ്കീർണ്ണമായ നിയമക്കുരുക്കുകളും സബ്സിഡി ലഭിക്കുന്നതിലെ തടസ്സങ്ങളും കൃഷിക്ക് വലിയ ഭീഷണിയാകുന്നുണ്ട്. ഒരാൾക്ക് അഞ്ച് ഏക്കറിൽ കൂടുതൽ കൃഷി ചെയ്യാൻ കഴിയില്ലെന്ന നിബന്ധന 60 ഏക്കറോളം വരുന്ന ഈ പാടശേഖരത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്ഥല ഉടമകളിൽ ഭൂരിഭാഗം പേരും വിദേശത്തോ പുറത്തോ ആയതിനാൽ കൃത്യമായ നികുതി രസീതുകൾ (കരയടച്ച പേപ്പർ) വില്ലേജ് ഓഫീസിൽ നിന്ന് സംഘടിപ്പിക്കുക എന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കൃഷിഭവന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഇത്തരം തടസ്സങ്ങൾ നീക്കി മുന്നോട്ട് പോകാൻ സാധിക്കൂ.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് പാടശേഖരത്തെ തരിശായി ഇടാൻ നിർബന്ധിതമാക്കുന്ന മറ്റൊരു ഘടകം. വിതയ്ക്കുന്നതിനായി വെള്ളം വറ്റിക്കാനുള്ള സൗകര്യം പോലും ഇവിടെ നിലവിലില്ല. പണ്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോടുകൾ വൃത്തിയാക്കി നൽകിയിരുന്നെങ്കിൽ ഇപ്പോൾ തോടുകൾ പാടത്തേക്കാൾ ഉയർന്ന നിലയിലാണ്. തോടുകൾ നവീകരിക്കുന്ന കാര്യത്തിൽ പഞ്ചായത്തോ കൃഷിഭവനോ നിലപാട് സ്വീകരിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. "നാളെ ശരിയാക്കിത്തരാം" എന്ന അധികൃതരുടെ വാഗ്ദാനം മാത്രം ബാക്കിയാവുകയും കൃഷി അസാധ്യമാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നെൽകൃഷിക്ക് പുറമെ തണ്ണിമത്തനും ഓണത്തിന് മുന്നോടിയായി പൂകൃഷിയും നടത്താൻ ഇത്തവണ പദ്ധതിയിട്ടിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. കൃത്യമായ രീതിയിൽ സബ്സിഡിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണെങ്കിൽ ഈ 60 ഏക്കർ പാടശേഖരം വീണ്ടും പച്ചപ്പണിയിക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. കൃഷി വകുപ്പിന്റെയും ബന്ധപ്പെട്ട അധികൃതരുടെയും അടിയന്തര ശ്രദ്ധയും പോസിറ്റീവായ സമീപനവും ഈ പുന്നച്ചാൽ പാടത്തിന് വീണ്ടും പുതുജീവൻ നൽകാൻ അത്യാവശ്യമാണ്.