കട്ടപ്പന: ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിവില കൂടി. രണ്ടുവർഷം മുൻപ് കിലോയ്ക്ക് 28 രൂപ ലഭിച്ചിരുന്ന ഗുണമേന്മയേറിയ നാടൻ ഇഞ്ചിയുടെ വില 140 രൂപയായും 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 രൂപയായും ഉയർന്നു. ഹൈറേഞ്ചിലെ കർഷകർ കൃഷി ഉപേക്ഷിച്ചതോടെ നാടൻ ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടതാണ് വില കൂടാൻ കാരണം.
കൃഷി കുറയാൻ കാരണം പലത്
ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ മുമ്പ് വൻതോതിൽ ഇഞ്ചിയും ചുക്കും എത്തിയിരുന്നു. ഇപ്പോൾ പേരിനുമാത്രമേ എത്തുന്നുള്ളൂ. ഇടക്കാലത്ത് ഏലംവില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങൾ ഉഴുതുമറിച്ച് ഏലത്തട്ടകൾ നട്ടു. രണ്ടുവർഷം മുൻപ് ഇഞ്ചിവില 28 രൂപയായതോടെ ഉത്പാദനച്ചെലവുപോലും താങ്ങാൻ കഴിയാത്ത അവസ്ഥയെത്തിയിരുന്നു.
ഇഞ്ചിക്കൃഷിക്ക് നടീൽമുതൽ വിളവെടുപ്പുവരെ മികച്ച പരിപാലനവും വളപ്രയോഗവും വേണം. ഏലംവില കൂടിയപ്പോൾ പണിക്കൂലി ഉയരുകയുംചെയ്തു. ഇതോടെ, മുൻവർഷങ്ങളിൽ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിക്കൃഷി ചെയ്തിരുന്നവർ ആ രീതി പൂർണമായി ഉപേക്ഷിച്ചു. കാലാവസ്ഥാവ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളുടെ വിലവർധനയും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
ഈ പ്രതിസന്ധികളെയെല്ലാം തരണംചെയ്ത് പതിവായി ഇഞ്ചിക്കൃഷി ചെയ്തിരുന്ന കർഷകർ വിലത്തകർച്ചയിൽ കടക്കെണിയിലുമായി. മുൻപ് വൻതോതിൽ ഇഞ്ചി കൃഷിചെയ്തിരുന്നവരിൽ പലരും ഇപ്പോൾ മറ്റു കൃഷികൾക്കൊപ്പം പേരിനുമാത്രമേ ഇത് ഉത്പാദിപ്പിക്കുന്നുള്ളൂ.
Content Highlights: Production is down Ginger price rises
Published: 28 Jul 2024, 03:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented