കോട്ടയം: മാരകമായ പാരക്വാറ്റ് എന്ന കളനാശിനിക്ക് കേന്ദ്രസർക്കാർ നിരോധനം എർപ്പെടുത്തിയപ്പോൾ അത് കേരളത്തിന്റെകൂടി വിജയം. 2011-ൽ കേരളം ഈ കളനാശിനി നിരോധിച്ചെങ്കിലും നടപടിക്രമം പാലിച്ചില്ലെന്നുപറഞ്ഞ് വിലക്ക് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും ഡോക്ടർമാരും നടത്തിവന്ന പോരാട്ടംകൂടിയാണ് ഇപ്പോൾ വിജയംകാണുന്നത്.
ലോകത്തിൽ ഇന്നുള്ളതിൽ ഏറ്റവും മാരകമായ കളനാശികളിൽ ഒന്നായാണ് ഇതിനെ വിലയിരുത്തുന്നതെന്ന് ഗവേഷകനായ എ.ഡി. ദിലീപ് കുമാർ പറഞ്ഞു. ഉള്ളിൽചെന്നാൽ മറുമരുന്നില്ല. 70 രാജ്യങ്ങൾ ഇത് നിരോധിച്ചിട്ടുണ്ട്. ഒഡീഷയിലെ ഡോക്ടർമാർ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും വിവിധ പഠനഫലങ്ങൾ കേന്ദ്ര കൃഷിമന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തതോടെയാണ് വിലക്ക് വരുന്നത്.
തളിച്ചാലുടൻ കള വാടിനശിക്കും. ഇക്കാരണത്താൽ കർഷകർക്ക് ഇതിനോട് പ്രിയം വന്നു. ഏറെ തൊഴിൽദിനങ്ങൾകൊണ്ട് നീക്കേണ്ട കള, ഏതാനും മണിക്കൂർകൊണ്ട് ഇല്ലാതാക്കാമെന്നുവന്നതോടെ തോട്ടങ്ങളിൽ ഇത് സാധാരണമായി. വി.എസ്. അച്യുതാനന്ദൻ സർക്കാരും പിന്നീട് ഉമ്മൻചാണ്ടി സർക്കാരും പാരക്വാറ്റ് ഡൈക്ലോറൈഡ് അടക്കമുള്ള ഒരുകൂട്ടം കള-കീടനാശിനികൾക്കെതിരേ നടപടിക്ക് ശ്രമിക്കുകയും കേന്ദ്രസർക്കാരിൽ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.
പിണറായി സർക്കാർ മൂന്നുവട്ടം നടപടി ആവശ്യപ്പെട്ടിരുന്നെന്ന് മുൻ കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. ആന്ധ്രാപ്രദേശ് സർക്കാർ ഇത്തരം കളനാശിനി ഒഴിവാക്കിയ രീതി മനസ്സിലാക്കിയാണ് വിശദാംശങ്ങൾ തയ്യാറാക്കിയത്. കേന്ദ്രം ദേശീയ ജൈവകാർഷികനയം പ്രഖ്യാപിച്ചപ്പോൾ നടത്തിയ സംസ്ഥാനങ്ങളുടെ യോഗത്തിലും കളനാശിനി ഉപയോഗം തടയാത്തത് ചൂണ്ടിക്കാട്ടിയെന്ന് പ്രസാദ് ഓർമ്മിച്ചു. ഇടുക്കി ജില്ലയിൽനിന്നും അതിർത്തി ഗ്രാമങ്ങളിൽനിന്നും പാരക്വാറ്റ് ഉള്ളിൽചെന്ന് ഒട്ടേറെപ്പേരെ ചികിത്സയ്ക്ക് എത്തിക്കാറുണ്ടെന്ന് കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ് കുമാർ പറഞ്ഞു. 99 ശതമാനം പേരും മരിച്ചു. ആത്മഹത്യയോ, കൃഷിയിടത്തിലെ ഉപയോഗത്തിനിടെ ഉള്ളിൽ ചെന്നതോ ആണ് എല്ലാം. അഞ്ച് മില്ലിലിറ്റർ ഉള്ളിൽ ചെന്നാൽപോലും രക്ഷപ്പെടില്ല. ചെറിയതോതിൽ ഉള്ളിൽ ചെന്നാലും വൃക്കയെ ബാധിക്കും. ഡയാലിസിസ് തുടരുന്നതിനിടെ വിഷം ശ്വാസകോശത്തെ ബാധിക്കും. രോഗിയുടെ ഒാക്സിജൻനില താഴും. ഒാക്സിജൻ നൽകേണ്ടിവരും. കൂടുതൽ ഒാക്സിജൻ ചെല്ലുന്നതിന് ആനുപാതികമായി വിഷത്തിന്റെ വീര്യം കൂടുമെന്നും ഡോ. രതീഷ് കുമാർ പറയുന്നു.
നിരോധനംവന്നെങ്കിലും പേരുമാറ്റിയും മറ്റും വിപണിയിൽ ഇവ എത്തുമെന്ന് ആശങ്കയുണ്ട്. കൃഷി ഓഫീസർ പരിശോധിച്ചുമാത്രം കളനാശിനി ശുപാർശ ചെയ്യണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. എൻഡോസൾഫാനുശേഷം മാരക കള-കീടനാശിനികൾക്കെതിരായ നീക്കങ്ങൾ കാര്യമായി ചർച്ചചെയ്യുന്നില്ലെന്ന് ഗവേഷകയായ എസ്. ഉഷ പറഞ്ഞു.
Content Highlights: The Indian government has officially banned the lethal herbicide Paraquat due to its 99% fatality rate.
Published: 21 Jul 2026, 07:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented