വടകര: ഈ വർഷത്തെ ആദ്യഘട്ട കൊപ്രസംഭരണം പൂർത്തിയായതോടെ നാഫെഡ് ഇനി കൊപ്രവിൽപ്പനയിലേക്ക്. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽനിന്ന് സംഭരിച്ച കൊപ്രയും കർണാടകയിൽനിന്നുള്ള ഉണ്ടക്കൊപ്രയുമാണ് മൂന്നുമാസംകൊണ്ട് വിൽക്കേണ്ടത്. 17-ന് തമിഴ്‌നാട്ടിൽ ലേലം തുടങ്ങും.
ഒറ്റയടിക്ക് 39,472 ടൺ കൊപ്രയാണ് തമിഴ്‌നാട്ടിൽ ലേലത്തിന് വെക്കുക. വൻതോതിൽ കൊപ്രയും ഉണ്ടക്കൊപ്രയും വിപണിയിൽ എത്തുന്നതോടെ നാളികേരവില വീണ്ടും ഇടിയുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കേരളത്തിൽ വെറും 102 ടൺ കൊപ്രയെ വിൽക്കാനുള്ളൂ. ചെറിയ അളവായതിനാൽ ഇതിന്റെ വിൽപ്പന, വിലയെ സ്വാധീനിക്കില്ലെങ്കിലും തമിഴ്‌നാട്ടിലെയും കർണാടകയിലെയും ലേലം കേരളവിപണിയിലും പ്രതിഫലിച്ചേക്കും. സംഭരണംകൊണ്ട് ചെറിയൊരുവിഭാഗം കർഷകർക്ക് മാത്രമേ ഗുണം ലഭിക്കുന്നുള്ളൂ. എന്നാൽ സംഭരിച്ച കൊപ്ര വിറ്റഴിക്കുന്നതുമൂലമുള്ള വിലയിടിവ് ബാധിക്കുന്നത് വലിയൊരുവിഭാഗം കർഷകരെയാണ്.
കഴിഞ്ഞവർഷംവരെ തുടർച്ചയായി നാഫെഡ് ആറുമാസമാണ് കൊപ്ര സംഭരിച്ചത്. ശേഷം സംഭരിച്ച കൊപ്ര വിറ്റഴിക്കും. പലപ്പോഴും സംഭരിച്ച മുഴുവൻ കൊപ്രയും ആ വർഷം വിൽക്കാൻ കഴിയില്ല. ഇത് വലിയതോതിൽ കൊപ്ര കെട്ടിക്കിടക്കുന്നതിലേക്ക് നയിച്ചു.
ഈ പ്രശ്‌നം പരിഹരിക്കാനാണ് 2024 മുതൽ ആദ്യത്തെ മൂന്നുമാസം സംഭരണം, പിന്നീടുള്ള മൂന്നുമാസം വിൽപ്പന, വീണ്ടും മൂന്നുമാസം സംഭരണം എന്നരീതി നടപ്പാക്കിയത്.
തമിഴ്‌നാട്ടിൽ 28,216 ടൺ, കർണാടകയിൽ 68,107
മുൻവർഷങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ സംഭരിച്ച കൊപ്രയുടെ അളവ് കുറവാണ്- 28,216 ടൺ. എന്നാൽ 2023-ൽ സംഭരിച്ച 30,000 ടണ്ണോളം കൊപ്ര വിൽക്കാൻ ബാക്കിയുണ്ട്. ഇതുംകൂടിയാണ് തമിഴ്‌നാട് ആദ്യഘട്ടത്തിൽ ലേലംചെയ്യുന്നത്. പഴക്കം ഉള്ളതുകൊണ്ടുതന്നെ വിപണിവിലയിലും കുറച്ച് കൊപ്ര വിൽക്കാൻ നാഫെഡ് നിർബന്ധിതമാകുമെന്നതാണ് ആശങ്കയുണർത്തുന്ന ഘടകം.
കർണാടകയിൽ ഈവർഷം 68,107 ടൺ ഉണ്ടക്കൊപ്രയാണ് സംഭരിച്ചത്. ഇതിന്റെ വിൽപ്പന തുടങ്ങുമ്പോൾ ഉണ്ടക്കൊപ്ര കൂടുതൽ പരുങ്ങലിലാകും. കുറെക്കാലമായി ഉണ്ടക്കൊപ്രവില താങ്ങുവിലയിലും 3000 രൂപയോളം താഴെയാണ്.
നയം മാറാതെ രക്ഷയില്ല
താങ്ങുവിലയ്ക്ക് കർഷകരിൽനിന്ന് സംഭരിക്കുന്ന കൊപ്ര വിപണിവിലയിലും കുറച്ച് വിറ്റഴിക്കുന്നരീതി തുടരുന്നിടത്തോളം കാലം തേങ്ങയുടെവില കൂടില്ലെന്ന് രണ്ടുവർഷമായി കർഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
2022, 2023 വർഷങ്ങളിൽ ഇത് തെളിഞ്ഞതാണ്. സംഭരണം തുടങ്ങി വിലയിൽ ഉണർവുണ്ടാകുന്ന സമയത്തായിരിക്കും സംഭരിച്ച കൊപ്ര നാഫെഡ് വിൽക്കുക. ഇതോടെ വീണ്ടും വിലയിടിയും.
ഇതൊഴിവാക്കാൻ കർഷകർ ഉന്നയിക്കുന്ന ആവശ്യം നാഫെഡ് കൊപ്ര സംസ്കരിച്ച് വെളിച്ചെണ്ണയാക്കണമെന്നാണ്. നാഫെഡ് ‘ഭാരത്’ എന്നപേരിൽ അരിയും ആട്ടയുമെല്ലാം വിപണിയിൽ ഇറക്കുന്നുണ്ട്. ഇതേ ബ്രാൻഡിൽ വെളിച്ചെണ്ണയും ഇറക്കണമെന്നാണ് ആവശ്യം.
കൊപ്ര, വെളിച്ചെണ്ണ എന്നിവ ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് കയറ്റുമതിചെയ്യുന്നുണ്ട്. ഗുണനിലവാരമുള്ള കൊപ്ര ഈ ആവശ്യത്തിനും നാഫെഡിന് ഉപയോഗിക്കാനാകും.
Content Highlights: nafed starts selling copra
Published: 14 Jul 2024, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented