ആലത്തൂർ(പാലക്കാട്): പ്രതിസന്ധികൾ നെൽക്കൃഷിയെയും കർഷകരെയും വിട്ടൊഴിയുന്നില്ല. നടീൽ കഴിഞ്ഞ പാടങ്ങളിൽ നെൽച്ചെടികൾക്ക് ഭീഷണിയായി പായൽ (ചണ്ടി) വ്യാപിക്കുന്നു. ആലത്തൂർ കൃഷിഭവൻ നടത്തിയ ഫീൽഡ് സർവേയിൽ തെക്കേപ്പാടം പാടശേഖരത്തിൽ പൂർണമായും കാട്ടുശ്ശേരി പാടശേഖരത്തിൽ പലേടത്തും പായൽ വ്യാപനവും മണ്ണിൽ അമ്ലാംശം കൂടുതലാണെന്നും കണ്ടെത്തി.

To advertise here,

പായൽ വ്യാപനം ചെടികളുടെ വളർച്ച കുറയാൻ ഇടയാക്കും. വേരുകളുടെ വളർച്ച കുറയുന്നതിനാൽ മൂലകങ്ങൾ ശരിയായി വലിച്ചെടുക്കാൻ കഴിയാതെ വരും.

പാടത്ത് ചുവന്ന പാടയായി കാണുന്നതാണ് അമ്ലാംശം. മണ്ണിൽ ജൈവാംശം കുറവായതും അമ്ലത അധികമായതും നൈട്രജൻ വളങ്ങളുടെയും മിക്‌സ്ചർ വളങ്ങളുടെയും കൂടുതലായുള്ള ഉപയോഗവുമാണ് പായൽ കൂടാനുള്ള കാരണം. ഇടവേളയില്ലാത്ത മഴയും കാരണമാണെന്ന് ആലത്തൂർ കൃഷി ഓഫീസർ എം. ശ്രുതി പറഞ്ഞു.

പരിഹാരം

മണ്ണിലെ ജൈവാംശം വർധിപ്പിക്കുന്നതിനായി വൈക്കോൽ ഉഴുതുചേർക്കൽ, പച്ചിലവളം, ജൈവവളം എന്നിവയുടെ ഉപയോഗം എന്നിവ ഗുണകരമാണ്. മണ്ണിലെ അമ്ലത നിയന്ത്രിക്കാൻ ഞാറു നട്ട് 15 ദിവസം കഴിയുമ്പോൾ ഏക്കറിന് 100 മുതൽ 140 കിലോഗ്രാംവരെ കുമ്മായം വിതറി നാലുദിവസം കഴിഞ്ഞ് വെള്ളം കയറ്റിയിറക്കാം. മണ്ണിൽ ഫോസ്ഫറസിൻ്റെ അളവ് കുറയ്ക്കാൻ അടിവളമായി ഏക്കറിന് 100 കിലോഗ്രാം ജൈവവളവും നാലു കിലോഗ്രാം വാം മെറ്റാറൈ, ഒരു കിലോഗ്രാം സ്യൂഡോമോണാസ്, സോല്യു ബിലീസിങ് ബാക്ടീരിയ, ഒരു കിലോ ഫോസ്ഫറസ് സോല്യൂബിൾ ബാക്ടീരിയ എന്നിവ വിതറിയശേഷം ഞാറ് നടുക.

മണ്ണിലെ ലയിക്കാത്ത ഫോസ്ഫറസിനെ ലയിപ്പിച്ച് നെൽച്ചെടിക്ക് നൽകുകയും പായലിനെ കുറയ്ക്കുകയും ചെയ്യും. രണ്ടു വിളയ്ക്കും ഫാക്ടംഫോസ് പ്രയോഗിക്കാതെ ഒന്നാം വിളയ്ക്ക് ആദ്യ വളമായി ഏക്കറിന് 50 കിലോഗ്രാം റോക്ക്ഫോസ്ഫേറ്റ് രാജ്ഫോസോ നൽകുന്നത് നല്ലതാണ്. വെള്ളം തുടർച്ചയായി കെട്ടിനിൽക്കാൻ അനുവദിക്കാതെ ഇടയ്ക്ക് തുറക്കണം. പായൽ മണ്ണിൽ ചവിട്ടിത്താഴ്ത്തുന്നത് ഗുണകരമാണ്.

ഞാറ്റടിയിൽ പുഴുശല്യം

ഞാറ്റടിയിൽ പുഴുക്കൾ നെല്ലോല്ലകൾ തിന്നുനശിപ്പിക്കുന്നതായി കണ്ടാൽ ഫ്ലൂബെൻഡ്യാമീഡ് എന്ന സുരക്ഷിത കീടനാശിനി രണ്ട് മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ ക്ലോറന്ത്രനിപ്പോൾ എന്ന കീടനാശിനി മൂന്ന് മില്ലി 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ ഞാറ്റടിയിൽ തളിക്കണം.