വടകര: ഉണ്ടായിരുന്ന പാടങ്ങൾ നികത്തി, ഉള്ള പാടങ്ങൾ തരിശിട്ട്, അരിക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്നവരേ... ഈ അതിഥിത്തൊഴിലാളി പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ അന്നം ഇവിടെത്തന്നെയുണ്ട്. ബിഹാറിൽനിന്ന്‌ കേരളത്തിലെത്തി തെങ്ങുകയറ്റജോലിചെയ്യുന്ന സിയാ ഉൽ ഹഖ് എന്ന നാല്പത്തയഞ്ചുകാരൻ സ്വന്തമായി അരി ഉത്പാദിപ്പിച്ച് തെളിയിക്കുന്നത് അതാണ്.

To advertise here,

വടകര തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിൽ രണ്ടേക്കർ പാടം പാട്ടത്തിനെടുത്താണ് സിയ നെൽക്കൃഷി ചെയ്തത്. വിത്ത് കൊണ്ടുവന്നത് ബംഗാളിൽനിന്ന്. കൊയ്ത്തുകഴിഞ്ഞപ്പോൾ രണ്ട് ടൺ നെല്ല് കിട്ടി. അത് സംസ്കരിച്ച് അരിയാക്കിമാറ്റി സ്വന്തം ആവശ്യത്തിനുള്ളതെടുത്ത് ബാക്കി മലയാളികൾക്കുതന്നെ വിൽക്കുകയാണ്. അതും പൊന്നി അരിക്കു തുല്യമായത്. ഇഷ്ടംപോലെ വൈക്കോലും ലഭിച്ചപ്പോൾ പശുവളർത്തലും തുടങ്ങാൻപോകുന്നു. നെല്ലും വൈക്കോലും ഒപ്പം പശുവളർത്തലും ഇഴചേർന്ന കേരളീയ കാർഷികസംസ്‌കൃതി ഒരു അതിഥിത്തൊഴിലാളി തിരിച്ചുപിടിക്കുന്നു.

“കേരളം സൂപ്പറാണ്. അധ്വാനിച്ചാൽ ഇവിടത്തെ മണ്ണിൽ പൊന്നുവിളയും. കേരളത്തിൽ തരിശായിക്കിടന്ന വയലുകൾ കാണുമ്പോൾ എന്റെ വലിയ മോഹമായിരുന്നു ഇവിടെ കൃഷിചെയ്യുകയെന്നത്.” പിതാവിനൊപ്പം നെൽക്കൃഷിയും ഇഞ്ചി, മഞ്ഞൾ കൃഷിയും ചെയ്തതിന്റെ അനുഭവസമ്പത്തുള്ള സിയ പറഞ്ഞു. 12 വർഷംമുൻപാണ് തൊഴിൽതേടി ബിഹാറിലെ കിഷൻഗഞ്ചിൽനിന്ന്‌ ഇദ്ദേഹം കേരളത്തിലെത്തിയത്. കുറെക്കാലം തിരുവള്ളൂരിൽ ജോലിചെയ്തശേഷം നാദാപുരം കുമ്മങ്കോട്ടേക്കു മാറി.

തിരുവള്ളൂർ ശാന്തിനഗറിലെ കുഞ്ഞമ്മദിന്റെ പാടത്ത് ഒരിക്കൽ നെല്ല് കൊയ്തിരുന്നു സിയ. അങ്ങനെ അദ്ദേഹവുമായി പരിചയമായി. ആ പരിചയത്തിൽ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തെ കണ്ട് ചോദിച്ചു; “ഈ പാടം എനിക്ക് കൃഷിചെയ്യാൻ തരുമോ.” സന്തോഷത്തോടെ കുഞ്ഞമ്മദ് സമ്മതിച്ചു. അങ്ങനെ അതിഥിത്തൊഴിലാളി അതിഥികർഷകനായി. നിലം ഉഴുതുമറിക്കാനും ഞാറുനടാനും വളമിടാനുമെല്ലാം സിയ മുന്നിൽനിന്നു. തെങ്ങുകയറ്റജോലി കഴിഞ്ഞതിനുശേഷമുള്ള സമയം പൂർണമായും നെൽക്കൃഷിക്കായി നീക്കിവെച്ചു. കുമ്മങ്കോട്ടുനിന്ന്‌ തിരുവള്ളൂരിലേക്ക് എട്ടുകിലോമീറ്റർ ദൂരമുണ്ട്. ഈ ദൂരമെല്ലാം സിയയുടെ സ്വപ്നത്തിനുമുന്നിൽ വഴിമാറി.

കൊയ്ത്തിനുശേഷം നെല്ല് കുമ്മങ്കോട്ടെ വീട്ടിലെത്തിച്ചു. പരമ്പരാഗതരീതിയിൽ നെല്ല് പുഴുങ്ങി, ഉണക്കി സംസ്‌കരിച്ച ശേഷം തറോപ്പൊയിലിലെ മില്ലിൽ കൊണ്ടുപോയി അരിയാക്കുകയാണിപ്പോൾ. ഭാര്യ മിനാരയും മക്കളും ഒപ്പമുണ്ട്. നാല് ക്വിന്റൽ അരി ഇതിനകം തയ്യാറായി. ഒന്നരക്വിന്റൽ അരി പെട്ടെന്നുതന്നെ വിറ്റുപോയി. കിലോയ്ക്ക് 57 രൂപ കിട്ടി.

ഇനിയും ആവശ്യക്കാരുണ്ട്. ആറ് ക്വിന്റൽ അരികൂടി ഉടൻ വിൽപ്പനയ്ക്ക് തയ്യാറാകും. അകം മുഴുവൻ നെല്ലും അരിയും പുറത്ത് വൈക്കോൽക്കൂനയുമാണ് ഇദ്ദേഹത്തിന്റെ വാടകവീട്ടിൽ.

രണ്ടുവർഷത്തേക്ക് വീട്ടിൽ അരി വാങ്ങേണ്ട ആവശ്യവുമില്ല. രണ്ടേക്കർ സ്ഥലത്തെ കൃഷിക്ക് സിയയ്ക്ക് 84,000 രൂപ ചെലവായി. ലാഭനഷ്ടക്കണക്കുകൾ സിയ നോക്കുന്നില്ല. “നമുക്ക് കഴിക്കാൻ നല്ല അരികിട്ടി. കുറെ നാട്ടുകാർക്കും നൽകാനായി. അതുതന്നെ സന്തോഷം.” -കൃഷി തുടരുമോ എന്ന ചോദ്യത്തിന് കുറെ സ്ഥലം കുമ്മങ്കോടുതന്നെ തരിശായുണ്ടെന്നും ഇവിടെത്തന്നെ കൃഷിചെയ്യാൻ നോക്കുമെന്നും സിയ പറഞ്ഞു.