തൃശ്ശൂർ: വെറ്ററിനറി സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടി ഇടുക്കി കോലാഹലമേടിലെ പശുഫാം. 2023-24 വർഷം ഫാമിൽനിന്ന് വിറ്റത് 1.04 ലക്ഷം ലിറ്റർ പാൽ. ഇത് വിറ്റുകിട്ടിയത് 40.78 ലക്ഷവും പശുക്കളുടെ തീറ്റയ്ക്കായി ചെലവായത് 44.19 ലക്ഷവും. ഫാം നടത്തിപ്പിനുള്ള ആ വർഷത്തെ ചെലവ് 2.61 കോടി രൂപയും.

To advertise here,

കാലങ്ങളായി ഫാം കോടികളുടെ നഷ്ടത്തിലാണെന്ന് കേരള പ്രിൻസിപ്പൽ അക്കൗണ്ട്സ് ജനറലിന്റെ(ഓഡിറ്റ്) 2025-ലെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളായി പാൽവിറ്റുള്ള വാർഷികവരുമാനം ശരാശരി 40 ലക്ഷം രൂപ മാത്രമാണ്. ചെലവ് കോടികളും. 2020-21-ൽ 3.19 കോടി, 2021-22-ൽ 6.12 കോടി, 2022-23-ൽ 3.04 കോടി എന്നിങ്ങനെയാണ് ചെലവ്. 2010-ലെ വെറ്ററിനറി സർവകലാശാലാ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെയാണ് ഫാം പ്രവർത്തിക്കുന്നത്.

ഡയറി സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് പഠന-ഗവേഷണത്തിന് സഹായമാകുന്ന ഇൻസ്ട്രക്ഷണൽ ഫാമായാണ് ഇത് വിഭാവനം ചെയ്തതെങ്കിലും തുടക്കംമുതൽ ഇത് ബേസിക് ഫാമാണ്. കോളേജിനെ ഫാമിൽനിന്ന് തുടക്കത്തിലേ വേർപെടുത്തി. പശുക്കളെ വളർത്താൻ മാത്രമായി ഫാമുകൾ പാടില്ലെന്നാണ് 2010-ലെ വെറ്ററിനറി സർവകലാശാലാ നിയമത്തിലെ ആറാംവകുപ്പ് പറയുന്നത്. ഇതെല്ലാം അവഗണിച്ചാണ് ഫാമിന്റെ പ്രവർത്തനം.

100 അത്യുത്‌പാദനയിനം പശുക്കളും 12 നാടൻ പശുക്കളുമുള്ള ഫാമിന്റെ നടത്തിപ്പിന് ഒരു അസോസിയേറ്റ് പ്രൊഫസർ, രണ്ട് അസിസ്റ്റന്റ് പ്രൊഫസർ, മൂന്ന് അഡ്മിനിട്രേറ്റീവ് ഓഫീസർ (ഇൻ.ചാർജ്), രണ്ട് അസിസ്റ്റന്റ്, മൂന്ന് ഫാം സൂപ്പർവൈസർ, 20 സ്ഥിരം തൊഴിലാളികൾ, 18 താത്‌കാലിക തൊഴിലാളികൾ ഉൾപ്പെടെ 49 ജീവനക്കാരാണുള്ളത്.

ഇന്തോ-സ്വിസ് പദ്ധതിയുടെ ഭാഗമായി മാട്ടുപ്പട്ടിയിൽ 1963-ൽ‍ തുടങ്ങിയ ബുൾഫാമാണ് ബേസിക് ഫാമായി മാറിയത്. സ്വിസ് പദ്ധതിയിൽനിന്ന് ഫാം പിന്നീട് കേരള മൃഗസംരക്ഷണ വികസന ബോർഡ് ഏറ്റെടുത്തു.

ഇവിടെ കോളേജ് ഓഫ് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജി ആരംഭിക്കാൻ 2000-ത്തിൽ ഫാം കേരള കാർഷിക സർവകലാശാലയ്ക്ക് കൈമാറി. 2010-ൽ വെറ്ററിനറി സർവകലാശാല ആരംഭിച്ചതോടെ അവരുടെ സ്വന്തമായി. 100 ഏക്കറാണ് വിസ്തൃതി.