
മറയൂർ (ഇടുക്കി) : കാട്ടിലെ ഗോത്രവർഗ ഗ്രാമങ്ങളിൽ മഞ്ഞൾകൃഷി വ്യാപിപ്പിക്കാൻ വനംവകുപ്പ്. മറയൂർ, ചിന്നാർ, വട്ടവട, മൂന്നാർ വനമേഖലയിലെ 12 ഗ്രാമങ്ങളിലായുള്ള 55.56 ഏക്കറിലാണ് കൃഷി ഇറക്കുന്നത്. മൂന്നാർ വന്യജീവി ഡിവിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് ആനമുടി വനവികസന ഏജൻസി സാമ്പത്തിക സഹായം നൽകും.
പ്രഗതി ഇനത്തിൽപ്പെട്ട നല്ലവിളവും ഗുണവും ഉള്ള മഞ്ഞളാണ് നടുന്നത്. മേഖലയിലെ ഗോത്രസമൂഹത്തിന്റെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുകയും വരുമാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. വന്യജീവിശല്യം കാരണം ഗോത്രമേഖലയിലെ കർഷകർ കൃഷിയിൽനിന്ന് അകലുകയാണ്.
മഞ്ഞൾകൃഷി വന്യമൃഗങ്ങളെ അത്രകണ്ട് ആകർഷിക്കില്ല. അതിനാലാണ് ഗ്രാമങ്ങളിൽ മഞ്ഞൾ കൃഷിയിറക്കാൻ തീരുമാനിച്ചത്. 41.62 ലക്ഷം രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഒരു ഏക്കർ സ്ഥലത്ത് കൃഷിയിറക്കി വിളവെടുക്കുന്നതിന് 75,000 രൂപയാണ് ആനമുടി വന വികസന ഏജൻസി നല്കുന്നത്.
45 ഏക്കറും തരിശ്
മഞ്ഞൾ കൃഷിയിറക്കുന്ന 55 ഏക്കറിൽ 45-ഉം തരിശ് കിടന്ന ഭൂമിയാണ്. ഒരു ഏക്കർ സ്ഥലത്ത് 400 കിലോ വിത്ത് നടാം. ഇതിൽനിന്ന് അഞ്ച് ടണ്ണോളം വിളവ് കിട്ടും. മറയൂരിലെ ആലാംപെട്ടി കുടിയിലാണ് ഏറ്റവുംകൂടുതൽ കൃഷിയിറക്കുന്നത്. 12 ഏക്കർ.
തൃശ്ശൂരിലെ ഒരു സഹകരണ സംഘത്തിൽനിന്നുമാണ് പ്രഗതി മഞ്ഞൾ വിത്ത് വാങ്ങിയത്. കുറച്ച് നാടൻ വിത്തുകളും ശേഖരിച്ചിട്ടുണ്ട്. ഒരുകിലോ വിത്തിന് 55 രൂപയാണ് വില. ഇക്കോ ഡിവലപ്പ്മെൻ്റ് കമ്മിറ്റികളാണ് വിത്ത് വാങ്ങിയിട്ടുള്ളത്.
ഇപ്പോൾ നിലമൊരുക്കുന്ന ജോലികൾ നടക്കുന്നു. അടുത്തയാഴ്ച മഞ്ഞനടീൽ ആരംഭിക്കുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ.വി. ഹരികൃഷ്ണൻ പറഞ്ഞു. ഒൻപത് മാസത്തിനുശേഷം വിളവെടുക്കും. വിളവ് വനം വകുപ്പുതന്നെ സംഭരിക്കും. വനംവകുപ്പ് ചില്ല ലേല വിപണിയിലൂടെ വിറ്റഴിക്കും.
കൃഷിയിറക്കുന്ന ഗ്രാമങ്ങൾ
- ചിന്നാർ വന്യജീവി സങ്കേതം-മറയൂർ പഞ്ചായത്തിലെ ഈച്ചാം പെട്ടി, ഇരുട്ടളക്കുടി.
- തായണ്ണൻ കുടി, പുതുക്കുടി, ആലാംപ്പെട്ടി, വെള്ളക്കല്ല്, മുളകാംപ്പെട്ടി.
- മറയൂർ ചന്ദന ഡിവിഷൻ-കാന്തല്ലൂർ പഞ്ചായത്തിലെ കുളച്ചിവയൽ.
- പാമ്പാടുംഷോലാ- ദേശീയോദ്യാനം-വട്ടവട പഞ്ചായത്തിലെ സ്വാമിയാറള, വത്സപ്പെട്ടി, കൂടല്ലാർകുടി.
- ഇരവികുളം ദേശീയോദ്യാനം-മൂന്നാർ പഞ്ചായത്തിലെ ലക്കംകുടി.
Content Highlights: 55 acres of fallow land in Idukki`s tribal villages will be used for turmeric cultivation
Published: 06 Jun 2025, 10:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented