
എരുമേലി(കോട്ടയം): പെരിയാർ കടുവാസങ്കേതം അതിരിടുന്ന ജനവാസമേഖലകളിൽ കാട്ടുപന്നിയടക്കം ചെറു വന്യജീവികളുടെ ശല്യം തടയാൻ വനാതിർത്തിയോട് ചേർന്ന സ്വകാര്യ കൃഷിയിടങ്ങളിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നു. എരുമേലി ഗ്രാമപ്പഞ്ചായത്തിൽ പെരിയാർ കടുവാസങ്കേതം അതിർത്തി പങ്കിടുന്ന മൂലക്കയം, എഴുകുംമൺ, എയ്ഞ്ചൽവാലി, കാളകെട്ടി, കിസുമം മേഖലകളിലായി വനത്തോട് ചേർന്ന് 20-ഏക്കർ സ്വകാര്യഭൂമിയിൽ കൃഷി പുരോഗമിക്കുന്നു. ഇവിടെ രണ്ടുമാസം മുൻപ് നിലമൊരുക്കി പാകിയ വിത്തുകൾ മുളച്ചു. മഞ്ഞൾ വിത്തും, ഒരേക്കർ സ്ഥലത്ത് കൃഷി നടത്താൻ 75,000-രൂപാ വീതം ധനസഹായവും വനംവകുപ്പ് നൽകുന്നു. ഇക്കോ ഡിവലപ്‌മെന്റ് കമ്മിറ്റികളിലെ 10-പേരടങ്ങുന്ന സ്വയം സഹായസംഘങ്ങളാണ് കൃഷി ചെയ്യുന്നത്. കൃഷിയുടെ ആദായം മുഴുവൻ സ്വയം സഹായ സംഘത്തിനാണ്.
വനാതിർത്തി പ്രദേശങ്ങളിൽ കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങിയവ കൃഷി ചെയ്തിരുന്ന കർഷകർ വന്യമൃഗശല്യത്തിൽ കൃഷി ഉപേക്ഷിച്ച സാഹചര്യത്തിലാണ് മഞ്ഞൾകൃഷി പരീക്ഷണം. കാട്ടുപന്നി, മ്ലാവ്, മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ വന്യ ജീവികളായിരുന്നു ‘കർഷകർ വിതയ്ക്കുന്ന വിളകൾ കൊയ്തിരുന്നത്’. ഇതിന് പരിഹാരമായാണ് മഞ്ഞൾകൃഷിയിലേക്ക് തിരിയുന്നത്. വന്യമൃഗങ്ങൾ മഞ്ഞൾ ഭക്ഷണമാക്കില്ലായെന്നതും, കാട്ടാനകൾ ചവിട്ടി മെതിച്ചാലും കനത്ത കാർഷിക നഷ്ടം ഉണ്ടാവില്ലെന്നതുമാണ് കർഷകരുടെ പ്രതീക്ഷകൾ.
ഏഴുമാസംകൊണ്ട് വിളവെടുക്കാം
നട്ട് ഏഴ് മാസത്തിനുള്ളിൽ വിളവെടുക്കാവുന്ന 'പ്രഗതി' ഇനത്തിൽപ്പെട്ട വിത്താണ് നൽകുന്നത്. ഇന്ത്യൻ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ അംഗീകൃത ഏജൻസിയായ ആമ്പല്ലൂർ സർവീസ് സഹകരണ ബാങ്കാണ് വിതരണം. ഒരേക്കറിൽ കൃഷിചെയ്യാൻ 600-കിലോയോളം വിത്ത് വേണം. ഒരുകിലോയ്ക്ക് 55-രൂപയാണ് നിരക്ക്. വനത്തോട് ചേർന്ന് കാടുമൂടിയും, കൃഷിചെയ്യാതെയും കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലാണ് മഞ്ഞൾ കൃഷി ചെയ്യുന്നതെന്നും പമ്പ റേഞ്ച് ഓഫീസർ എം.കെ.മുകേഷ് പറഞ്ഞു.
കർഷകർക്ക് സഹായം
സംസ്ഥാനത്തിന് ആവശ്യമായ മഞ്ഞൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് എത്തുന്നത്. വനാതിർത്തിയിലെ സ്വകാര്യഭൂമിയിൽ ഇടവിളയായി മഞ്ഞൾകൃഷി കർഷകർക്ക് സഹായകമാകും. വനം അതിരിടുന്ന പ്രദേശങ്ങളിലെല്ലാം കൃഷി വ്യാപിപ്പിക്കണം. സഹായവുമായി വനം വകുപ്പുണ്ട്. മഞ്ഞൾകൃഷി വന്യമൃഗശല്യത്തിനും പരിഹാരമാകും. ഇ.ഡി.സി. അംഗവും എരുമേലി ഗ്രാമപ്പഞ്ചായത്ത് മുൻ മെമ്പറുമായ സിബി കൊറ്റനെല്ലൂർ പറഞ്ഞു.
Content Highlights: turmeric farming to prevent wild animal presence
Published: 23 Jul 2024, 08:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented