കാറ്റിലാടി നില്‍ക്കുന്ന സൂര്യകാന്തിയും ജമന്തിയും ആമ്പല്‍പ്പൂക്കളും പിന്നെ പേരറിയാത്ത പൂക്കളും. പച്ചക്കറികളുടെ മനോഹരമായ കാഴ്ച മറുവശത്ത്. കൂടാതെ ആറ് കുളങ്ങളിലായി നീന്തിത്തുടിക്കുന്ന പലയിനം മീനുകളും നിരവധി വാഴത്തോപ്പുകളും. ഇത് തിരുവനന്തപുരം കരകുളത്തെ കാസ്‌കോ വില്ലേജ്. കരകുളം സഹകരണബാങ്കിന്റെ കീഴില്‍ കരകുളം വട്ടപ്പാറയില്‍ പത്തേക്കറില്‍ പച്ചപ്പണിഞ്ഞുനില്‍ക്കുന്ന സഹകരണ തുരുത്ത്. സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ടൂറിസം വകുപ്പുമായി സഹകരിച്ച് ആദ്യമായി നടപ്പിലാക്കിയ ഹരിതടൂറിസം ഗ്രാമമാണ് കരകുളത്തെ കാസ്‌കോ വില്ലേജ്. ടൂറിസ്റ്റുകള്‍ക്ക് ഇവിടെയെത്തി താമസിക്കാനും അവര്‍ ഇഷ്ടപ്പെടുന്ന ആഹാരസാധനങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കാനും സാധിക്കും എന്നതാണ് ഇവിടത്തെ പ്രത്യേകത.
2021-ല്‍ ആരംഭിച്ച കാര്‍ഷിക കാഴ്ചപ്പാടാണ് കാസ്‌കോ. തുടക്കത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് തെക്കന്‍ കേരളത്തിലെ സംയോജിത കാര്‍ഷിക ഇടപെടലുകളിലൂടെ ഏറെ പ്രതീക്ഷ നല്‍കുന്നു. ജില്ലയിലെ തന്നെ ഏറ്റവും വലിയ ജൈവകൃഷിയിടമാണ് കാസ്‌കോ വില്ലേജ്. സഹകരണസംഘങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നുമാറി ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുമാത്രം വരുമാനമുണ്ടാക്കാമെന്ന ചിന്തയില്‍ നിന്നുമാറിയാണ് പുതിയ കാലത്ത് മാതൃകയായി കരകുളത്ത് പുതിയ കൃഷിസംസ്‌കാരം ഉയരുന്നത്.
കുന്നുകളും താഴ്വാരവും അതേപടി നിലനിര്‍ത്തി പരിസ്ഥിതിക്കിണങ്ങുന്ന വിധത്തിലാണ് ഇവിടത്തെ കൃഷിരീതി. ഉയര്‍ന്ന പ്രദേശങ്ങളില്‍ പച്ചക്കറിയും വിവിധയിനം വാഴകളും. താഴ്ന്ന സ്ഥലങ്ങളില്‍ പൂച്ചെടിയും മത്സ്യക്കൃഷിയും. ശുദ്ധമായ വെള്ളം കിട്ടുന്നതിന് പ്രത്യേക സംവിധാനം. 25 കര്‍ഷകരാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ പണിയെടുക്കുന്നത്. പ്രതിമാസം 1500-കിലോയിലധികം പച്ചക്കറി ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെയാണ് മീന്‍ ഉള്‍പ്പെടെയുള്ളവയുടെ വിറ്റുവരവ്.

ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും തോട്ടത്തില്‍ തന്നെയാണ് അധികവും വില്‍ക്കുന്നത്. കൂടാതെ വട്ടപ്പാറയില്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഗ്രാമീണചന്ത വഴിയും നെടുമങ്ങാട് മൊത്തവ്യാപാര വിപണിവഴിയും വിറ്റുപോകുന്നുണ്ട്. സമീപത്തെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ഇതുവഴി വില്‍ക്കാനുള്ള സൗകര്യവുമുണ്ട്.
കര്‍ഷകര്‍ക്ക് വില്‍പ്പനയിടങ്ങള്‍ ഒരുക്കും
നല്ല പച്ചക്കറിയും മീനും ഉത്പാദിപ്പിക്കുക, പ്രദേശത്തെ കര്‍ഷകരെ സഹായിക്കുക എന്നിവയും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്. ഗ്രാമീണ ചന്തയുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ധനസഹായവും നല്‍കിയിട്ടുണ്ട്. അനര്‍ട്ടുമായി ചേര്‍ന്ന് നടപ്പാക്കിയ സോളാര്‍ പദ്ധതി കൃഷിഭൂമിയെ രാത്രിയും പകലാക്കുന്നു. 25 ഏക്കറില്‍ ജൈവഗ്രാമം വികസിപ്പിക്കുന്നതിനും ഹരിത ടൂറിസത്തിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമായി 45 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനായി സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അധികൃതര്‍. ബാങ്ക് പ്രസിഡന്റ് എസ്.എസ്.രാജലാല്‍, സെക്രട്ടറി ബി.ബിജു എന്നിവരാണ് കാസ്‌കോ വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്.
Content Highlights: Experience sustainable farming, fresh produce, and serene beauty at Casco Village
Published: 08 Sept 2024, 01:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented