തിരുവനന്തപുരം: നെല്ലുസംഭരണം പുരോഗമിക്കുന്നതിനിടെ കർഷകർക്ക്‌ പണംനൽകേണ്ട ബാങ്ക് കൺസോർഷ്യത്തിൽ അനിശ്ചിതത്വം. കേരള ബാങ്കിനെ കൺസോർഷ്യത്തിൽ ഉൾപ്പെടുത്താൻ മന്ത്രിതല ഉപസമിതി ചർച്ചനടത്തിയെങ്കിലും അവർ കുടിശ്ശികയുള്ള 800 കോടി രൂപയും 9.95 ശതമാനമെന്ന കൂടിയ പലിശയും ചോദിച്ചതോടെ സർക്കാർതീരുമാനമായില്ല.

To advertise here,

കൺസോർഷ്യത്തിലുള്ള എസ്ബിഐ മാത്രമേ ഇപ്പോൾ കർഷകരിൽനിന്ന്‌ നെല്ലുകൈപ്പറ്റ് രസീത് (പിആർഎസ്) സ്വീകരിക്കുന്നുള്ളൂ. അവരുടെ കാലാവധിയും ഉടൻ തീരും. പിആർഎസ് സ്വീകരിച്ച് സർക്കാരിനുവേണ്ടി ബാങ്കുകൾ കർഷകർക്ക്‌ നേരിട്ട്‌ പണം നൽകുന്ന വായ്പരീതി നടപ്പാക്കാനാണ് ബാങ്ക് കൺസോർഷ്യം രൂപവത്കരിച്ചത്. ഈ തുക സർക്കാർ പിന്നീടു ബാങ്കുകൾക്കുനൽകും. എസ്ബിഐക്കുപുറമേ കാനറ, ഫെഡറൽ ബാങ്കുകൾ ഉൾപ്പെട്ടതാണ് കൺസോർഷ്യം. ഫെഡറൽ ബാങ്കിന്റെ കാലാവധി നേരത്തേ തീർന്നു. മാർച്ചിനുശേഷം കാനറാബാങ്ക് കർഷകരിൽനിന്ന്‌ പിആർഎസ് സ്വീകരിക്കുന്നില്ല. ഈ വായ്പ തുടരാൻ ഇപ്പോഴുള്ള 9.1 ശതമാനം പലിശ 9.6 ആക്കണമെന്ന് കാനറാ ബാങ്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. അതിൽ തീരുമാനമായില്ല.

സർക്കാർ റിസർവ് ബാങ്കിൽനിന്നെടുത്ത വായ്പയ്ക്കു പോലും 6.6 ശതമാനം പലിശയാണെന്നിരിക്കേ, സംസ്ഥാനത്തിന്റെ സ്വന്തം ബാങ്ക് അമിതനിരക്ക് ചോദിച്ചതിലെ നീരസത്തിലാണ് ധനവകുപ്പ്.2022-23 വർഷം കർഷകർക്ക്‌ പണം നൽകിയതിന്‌ കേരള ബാങ്കിനുള്ള കുടിശ്ശികയടയ്ക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ, അതടച്ചെങ്കിൽമാത്രമേ പുതിയ വായ്പ നൽകാനാവൂവെന്ന നിർബന്ധം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ജി.ആർ. അനിൽ, കെ. കൃഷ്ണൻകുട്ടി, വി.എൻ. വാസവൻ, പി. പ്രസാദ് എന്നിവർ ഉൾപ്പെട്ട മന്ത്രിതലസമിതി. കാനറാ ബാങ്കിനോടും കേരള ബാങ്കിനോടും വ്യവസ്ഥയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.