മുല്ലശ്ശേരി: മണൽപ്പുഴ-കണ്ണോത്ത് സംയുക്ത കോൾപ്പടവിൽ ട്രാക്ടർ ഓടിച്ച് കൃഷിനിലം ഒരുക്കി കളക്ടർ അർജുൻ പാണ്ഡ്യൻ. നെൽകൃഷി അടുത്തറിയാനും കർഷകരുടെ പ്രയാസങ്ങൾ നേരിട്ടറിയാനുമാണ് കളക്ടർ എത്തിയത്. വെള്ളിയാഴ്ച അതിരാവിലെ പാടശേഖരത്തിലെത്തിയ കളക്ടർ കർഷകരുമായി സംവദിച്ചു. ശേഷം നിലം ഒരുക്കുന്ന ട്രാക്ടറുമായി കണ്ടത്തിലേക്കിറങ്ങി. യാതൊരു പ്രയാസം കൂടാതെയാണ് കർഷകനെപ്പോലെ അദ്ദേഹം അര മണിക്കൂറിലധികം ട്രാക്ടർ ഓടിച്ച് നിലം ഉഴുതുമറിച്ചത്. 336 ഏക്കർ വരുന്ന മണൽപ്പുഴ-കണ്ണോത്ത് സംയുക്ത കോൾപ്പടവിന്റെ ഒരു ഭാഗത്ത് നടീൽ ആരംഭിച്ചിരുന്നു. മറുഭാഗത്ത് കൃഷി ആരംഭിക്കാനുള്ള നിലമൊരുക്കത്തിലാണ് കളക്ടറും കൂടെ ചേർന്നത്.

To advertise here,

ഡെപ്യൂട്ടി കളക്ടർ കെ.ജി.പ്രാൺസിങ്, മുല്ലശ്ശേരി കൃഷി അസി.ഡയറക്ടർ ബെറ്റ്സി മെറീനാ ജോൺ, കൃഷി ഓഫീസർ സി.ആർ. രാഗേഷ്, കർഷകരായ കെ.പി. മുഹമ്മദ്, കെ.പി.രാജേഷ്, എം.ജി. രജീഷ് എന്നിവരും കളക്ടർക്കൊപ്പമുണ്ടായി. ഇടിയഞ്ചിറ, ഏനാമാക്കൽ റെഗുലേറ്ററുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും കൃഷിഫാം റോഡിന്റെ അരികുകെട്ടി സംരക്ഷിക്കുന്നതിനും പാടശേഖരത്തിലേക്ക് വെർട്ടിക്കൽ പമ്പ് അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കർഷകർ കളക്ടർക്ക് നിവേദനവും നൽകി.