
ഉദയംപേരൂർ: കണ്ടനാട്ടെ പുന്നച്ചാലിൽ പാടശേഖരത്ത് പൊൻമണികൾ പോലെ നിറഞ്ഞിരിക്കുകയാണ് നെൻമണികൾ. അറുപത് ഏക്കറിലായുള്ള നെൽകൃഷി വിളവായിരിക്കുന്നു. ചൊവ്വാഴ്ച ഇവിടെ കൊയ്ത് നടക്കാൻ പോവുകയാണ്. നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന ശ്രീനിവാസൻ എന്ന താരജാഡകളില്ലാത്ത 'പച്ച'മനുഷ്യന്റെ സ്മരണകളിരമ്പുന്ന പാടശേഖരം.
ഇത്തവണ പുന്നച്ചാലിൽ പാടശേഖരത്ത് കൊയ്ത് സാധാരണപോലെ ഉത്സവമായിട്ടാകില്ല. രാവിലെ 10 മണിയോടെ കൊയ്ത്ത് തുടങ്ങും. ചെറിയ ചടങ്ങ് ഉണ്ടാകും. കണ്ടനാട് വീടിനോടുചേർന്നുള്ള പാടശേഖരത്ത് തന്റെ മകനും സിനിമാനടനുമായ ധ്യാൻ ശ്രീനിവാസന്റെ നേതൃത്വത്തിൽ നെൽകൃഷിക്കായി വിത്ത് വിതച്ച പ്പോൾ ശ്രീനിവാസന് അതിൽ പങ്കെടുക്കണമെന്നുണ്ടായിരുന്നെങ്കിലും അസുഖത്തെ തുടർന്ന് സാധിച്ചില്ല. എങ്കിലും പാടം പച്ചപുതച്ചത് വീട്ടിൽനിന്ന് അദ്ദേഹം കാണുമായിരുന്നു. കൊയ്ത്തുത്സവത്തിനു മുൻപേ അദ്ദേഹം മൺമറഞ്ഞു. കൊയ്ത്ത് കഴിഞ്ഞാൽ താമസിയാതെ ഈ പാടശേഖരത്ത് ശ്രീനിവാസന് സ്മാരകവും ഉയരുന്നുണ്ട്. ലയൺസ് ക്ലബ് 318-സിയുടെയും ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെയും സംയുക്താഭിമുഖ്യത്തിലാണിത്. അതിനായി ഒരു സെന്റ് സ്ഥലം വിട്ടുനൽകുന്നത് ശ്രീനിവാസനോടൊപ്പം കൃഷിക്ക് എന്നും കൂടെയുണ്ടായിരുന്ന മനു ഫിലിപ്പ് തുകലൻ ആണ്.
14 വർഷം മുൻപാണ് ഗ്രാമീണമേഖലയായ ഉദയംപേരൂരിലെ കണ്ടനാട് 40 സെന്റ് സ്ഥലം വാങ്ങി ശ്രീനിവാസൻ വീടുപണിത് കുടുംബസമേതം താമസമാക്കിയത്. തൊട്ടുചേർന്നുതന്നെയാണ് പുന്നച്ചാലിൽ പാടശേഖരം. 35 വർഷമായി തരിശായി കിടക്കുകയായിരുന്ന ഈ പാടശേഖരത്ത് ശ്രീനിവാസന്റെ നേതൃത്വത്തിൽ നെൽകൃഷി പുനരാരംഭിച്ചു; അതും ജൈവരീതിയിൽ.
നാട്ടിൽ കൃഷി വ്യാപിക്കാനും ശ്രീനിവാസന്റെ ഈ നടപടിയിലൂടെ കഴിഞ്ഞു എന്നതാണ് പ്രാധാന്യം. പാടം കുറേശ്ശെ പാട്ടത്തിനെടുത്ത് അദ്ദേഹം തുടങ്ങിയ നെൽകൃഷി പിന്നീട് 102 ഏക്കറിൽ വരെ ചെയ്യുകയുണ്ടായി. അച്ഛന്റെ പാത പിന്തുടർന്ന് ധ്യാൻ ശ്രീനിവാസനും കൂടെ സാജു കുര്യൻ വൈശ്യം പറമ്പിൽ, മനു ഫിലിപ്പ് തുകലൻ എന്നിവരും ചേർന്നാണ് ഇത്തവണ പുന്നച്ചാലിൽ പാടശേഖരത്ത് നെൽകൃഷി ചെയ്തിരിക്കുന്നത്. നെൽകൃഷി കഴിഞ്ഞാൽ ഇവിടെ ഏതാനും വർഷങ്ങളായി പയർ, പാവൽ, പടവലം, കണിവെള്ളരി തുടങ്ങിയ പച്ചക്കറികളും തണ്ണി മത്തൻ, ഷമാം തുടങ്ങിയ പഴവർഗങ്ങളും 25 ഏക്കറിലായി മനു ഫിലിപ്പും സാജുവും കൃഷി ചെയ്യാറുണ്ട്.
ചേർന്നുതന്നെ കുറച്ച് ഏക്കറിൽ സൂര്യ കാന്തിപ്പൂ കൃഷിയും പതിവാണ്. 'പൂക്കൾ കാണാൻ ശ്രീനിയേട്ടൻ മുൻപൊക്കെ വരുമായിരുന്നു. അദ്ദേഹത്തിന് അത് വലിയ ഇഷ്ടമായിരുന്നു. ഇക്കൊല്ലം പച്ചക്കറികൃഷിക്കും സൺ ഫ്‌ലവറിനും എന്നെയും കൂട്ടണം' എന്ന് ശ്രീനിയേട്ടൻ പറഞ്ഞിരുന്നതാണെന്ന്- സങ്കടം ഉള്ളി ലൊതുക്കി മനു ഫിലിപ്പ് ഓർക്കുന്നു. ഇത്തവണ പച്ചക്കറി, സൂര്യകാന്തിപ്പൂവ് കൃഷിക്ക് ഇവരോടൊപ്പം ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസനും കൂടുന്നുണ്ട്.
Content Highlights: Punnachalil paddy field in Udayamperoor is ready for harvest. A memorial for actor Sreenivasan will be erected soon
Published: 17 Jan 2026, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented