ആലത്തൂർ: മാർച്ച് 31വരെ സ്ഥിരീകരിച്ച പിആർഎസുകൾക്ക് എസ്ബിഐ ശാഖകളിലൂടെ നെല്ലുവില വിതരണം ചെയ്യും. കനറാ ബാങ്കിൽ അക്കൗണ്ടുള്ള കർഷകർ തുക കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരും. 11,364 കർഷകരുടെ നെല്ലു കൈപ്പറ്റിയ രസീതാണ് (പിആർഎസ്) ഈ കാലയളവിൽ സ്ഥിരീകരിച്ചത്. 24,723 മെട്രിക് ടൺ നെല്ലിന്റെ വിലയായി 70 കോടി രൂപയാണ് വിതരണം ചെയ്യുക.
11,364 കർഷകരാണ് മാർച്ച് 31 വരെ സപ്ലൈകോയിൽ നെല്ലളന്നത്. ഇവരിൽ 6,937 പേരുടെ അക്കൗണ്ട് എസ്ബിഐയിലാണ്. ഇവർക്കേ ഇപ്പോൾ വില ലഭിക്കൂ. ശേഷിച്ച 4,427 കർഷകർക്ക് അക്കൗണ്ട് കനറാ ബാങ്കിലായതിനാൽ തുക ലഭിക്കില്ല. സപ്ലൈകോ-കനറാ ബാങ്ക് വായ്പാ കരാർ പുതുക്കിയ ശേഷമേ ഇവർക്ക് തുക കൈമാറാനാകൂ. കനറാ ബാങ്കിൽ അക്കൗണ്ടുള്ള കർഷകർ എസ്ബിഐയിലേക്ക് മാറാൻ കഴിയുമോയെന്ന ആലോചനയിലാണ്. നെല്ലുസംഭരണത്തിനായി രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ബാങ്ക് അക്കൗണ്ട് ഇനി മാറ്റുക അസാധ്യമല്ലെങ്കിലും നടപടിക്രമം എളുപ്പമല്ല.
നെല്ലളന്നത് 52,000 കർഷകർ
മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും ജില്ലയിലെത്തിയതിന്റെ ഫലമെന്നോണം മാർച്ച് 31വരെയുള്ള പിആർഎസുകൾക്ക് നെല്ലുവില കൊടുക്കുന്നത് ആശ്വാസകരമാണെങ്കിലും 307 കോടി രൂപ കൊടുക്കാനുള്ള സ്ഥാനത്ത് 70 കോടി മാത്രമാണ് അനുവദിച്ചത്. പാലക്കാട് ജില്ലയിൽ ഇതുവരെ നെല്ലളന്നത് 52,000 കർഷകരാണ്. 307 കോടി രൂപയുടെ 1,08,916 മെട്രിക് ടൺ നെല്ലാണ് ഇവരിൽനിന്ന് സംഭരിച്ചത്. ഇവരിൽ 22,000 പേർക്ക് പിആർഎസ് കിട്ടിയിട്ടുപോലുമില്ല. ഒരുമാസം മുമ്പ് മില്ലുകാർക്ക് നെല്ല് കൊടുത്തവർവരെ ഇക്കൂട്ടത്തിലുണ്ട്.
മാർച്ച് 31വരെ പിആർഎസ് സ്ഥിരീകരിച്ച 11,364 കർഷകർക്കാണ് നെല്ലുവില കൊടുത്തുകൊണ്ടിരിക്കുന്നത്. 40,000 കർഷകർക്ക് നെല്ലിന്റെ വില എന്നു കിട്ടുമെന്നു പറയാൻ പോലും അധികാരികൾക്ക് ആകുന്നില്ല. കനറാ ബാങ്ക് സപ്ലൈകോയോട് വായ്പയുടെ പലിശ നിരക്കിൽ വർധന ആവശ്യപ്പെട്ടിരിക്കെ റിസർവ് ബാങ്ക് പലിശ നിരക്കിൽ കുറവ് വരുത്തിയ സാഹചര്യത്തിൽ പഴയ നിരക്കിൽ തന്നെ കരാർ പുതുക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
Content Highlights: canara Bank account holders face delays in receiving rice payments.
Published: 07 May 2025, 02:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented