ആലപ്പുഴ: കേരളത്തിന്റെ കാർഷിക മേഖലയിലെ കഴിഞ്ഞകാല വളർച്ചയെ വിലയിരുത്തുന്നതിനും, ഭാവിവികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സംസ്ഥാനതല കാർഷിക സെമിനാർ സംഘടിപ്പിക്കുന്നു. വിഷൻ 2031 നവീനം, സുസ്ഥിരം, സ്വയം പര്യാപ്തം- കാർഷികകേരളം എന്ന പേരിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാർ ശനിയാഴ്‌ച രാവിലെ 9 മണി മുതൽ 4 മണി വരെ ആലപ്പുഴ യെസ്കെ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും. 2031-ൽ കേരളത്തിന്റെ കാർഷിക പരിപ്രേക്ഷ്യം എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് വിശാലമായ കാഴ്‌ചപ്പാട് രൂപീകരിക്കുന്നതിന് ഉതകുന്ന ആശയങ്ങൾ ശേഖരിക്കുന്നതിനും കൃഷി വകുപ്പ് കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്നതിനും ഭാവി വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായിട്ടാണ് സെമിനാർ.

To advertise here,

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കഴിഞ്ഞ ഒൻപത് വർഷത്തെ പ്രവർത്തനങ്ങൾ സെമിനാറിൽ വിലയിരുത്തുകയും അടുത്ത അഞ്ചു വർഷത്തെ വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുകയും ചെയ്യും. വിവിധ മേഖലകളിലുള്ള വിദഗ്ദ്ധരെയും കർഷകരേയും പങ്കെടുപ്പിച്ചുകൊണ്ടാണ് സെമിനാർ നടത്തുന്നത്. കാലാവസ്ഥാ വ്യതിയാനം, കർഷക തൊഴിലാളികൾ, പുതിയ കൃഷി രീതി, അനുബന്ധ വിഷയങ്ങൾ, കൃഷി വിപണി, വായ്പ, സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിൽ വൈദഗ്ധ്യം നേടിയവർ സെമിനാറിൽ പങ്കെടുക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ചെയർമാൻ ആയിട്ടുള്ള വിപുലമായ സംഘാടക സമിതിയാണ് സെമിനാറിന് നേതൃത്വം നൽകുന്നത്.