തിരുവനന്തപുരം: കാര്‍ഷികമേഖലയുടെ ഉണര്‍വ്വിനായി നൂതനാശയങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സ്റ്റാര്‍ട്ട് അപ്പുകളെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്നതിനായി സര്‍ക്കാരിന്റെ ഇടപെടല്‍ ശ്രദ്ധേയമാവുന്നു. ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന 'കേര' പദ്ധതിയിലൂടെയാണ് സ്റ്റാര്‍ട്ട് അപ്പുകളെ കണ്ടെത്തുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനുമായുള്ള പദ്ധതി നടപ്പിലാക്കുന്നത്. കോവളത്ത് നടന്നുവരുന്ന ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി 'കേര' ഒരുക്കിയ ഇന്‍വെസ്റ്റേഴ്‌സ് സെന്ററില്‍ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള നൂറോളം പ്രതിനിധികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

To advertise here,

കാര്‍ഷിക മേഖലയില്‍ നിലവിലുള്ള പ്രശ്‌നപരിഹാരത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന തിരഞ്ഞെടുക്കപ്പെടുന്ന 150 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവരുടെ നൂതനാശയങ്ങളെ പ്രായോഗികവത്കരിക്കുന്നതിനും ആയത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി 'കേര' പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 25 ലക്ഷം രൂപയുടെ ഗ്രാന്റാണ് ഒരു മുഖ്യ ആകര്‍ഷണം. കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഏകദേശം നാല്‍പത്തിനായിരത്തോളം കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, കൃഷി സംരംഭകര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും.

ഇന്ത്യയിലും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളുമായി ഫലപ്രദമായ കരാറുകള്‍ പ്രാവര്‍ത്തികമാക്കി, കേരളത്തിലെ കര്‍ഷക സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനുമായി രണ്ട് കോടി രൂപയുടെ ഗ്രാന്റ് നല്‍കുന്ന പ്രൊഡക്ടീവ് അലയന്‍സ് പദ്ധതിയാണ് ഹഡില്‍ ഗ്ലോബലിലെ 'കേര' ഇന്‍വെസ്റ്റേഴ്‌സ് സെന്ററിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

കൂട്ടത്തില്‍ റബ്ബര്‍, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകളുടെ വ്യാപനത്തിനും കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ എം.എസ്.എം.ഇ.കള്‍ക്കും അഗ്രി പാര്‍ക്കുകളിലെ ബിസിനസ് വിപുലീകരണത്തിനും കാലാവസ്ഥാനുസൃതമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതിനും നവോ-ധന്‍ പദ്ധതിയുടെയെല്ലാം സാധ്യതകള്‍ ആരാഞ്ഞുകൊണ്ടുള്ള ചര്‍ച്ചകളായിരുന്നു കൂടുതലും.

ഹഡില്‍ ഗ്ലോബലിന്റെ അവസാന ദിനമായ ഞായറാഴ്ച 'കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് സുസ്ഥിരവും സാങ്കേതികവുമായ ഒരു ഭാവി കെട്ടിപ്പടുക്കുക' എന്ന വിഷയത്തില്‍ ലോകബാങ്ക് പ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ചയില്‍ 'കേര' പ്രോജക്ട് ഡയറക്ടറും കാര്‍ഷികോത്പാദന കമ്മിഷണറുമായ ഡോ. ബി. അശോക് സംസാരിക്കും.