തിരുവനന്തപുരം: വയലിനെ ആദരിക്കുന്നത് കൃഷിയെ ആദരിക്കലാണെന്നും അത് കർഷകനെയും ഭക്ഷണത്തെയും നമ്മുടെ ആരോഗ്യത്തെ തന്നെയും ആദരിക്കലാണെന്നും കൃഷിമന്ത്രി പി പ്രസാദ്. വയലാദരം എന്ന പേരിൽ പിരപ്പമൺകാട് പാടശേഖരത്തിൽ സംഘടിപ്പിച്ച കർഷകരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

56.4% രോഗങ്ങൾ ഉണ്ടാകുന്നത് അനാരോഗ്യകരമായ ഭക്ഷണത്തിൽ നിന്നുമാണെന്നതാണ് ICAR കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യത്തോടെ ജീവിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം ലഭ്യമായേ മതിയാകൂ. ലോകത്ത് ബ്ലൂ സോൺ ആയി അറിയപ്പെടുന്ന പ്രദേശങ്ങളിൽ കൃഷി അനുബന്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ജീവിക്കുന്നവരെ നമ്മൾ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു.

ചിറയിൻകീഴ് എംഎൽഎ വി. ശശി അധ്യക്ഷനായ ചടങ്ങിൽ പിരപ്പമൺകാട് പാടശേഖരസമിതി പ്രസിഡന്റ് സാബു വി. ആർ സ്വാഗതം ആശംസിച്ചു. വയൽസേന അംഗത്വ വിതരണവും വയൽപുസ്തക പ്രകാശനവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രസ്തുത വേദിയിൽ നടന്നു. പിരപ്പമൺകാട് പാടശേഖര സമിതിയുടെ മാതൃകപരമായ പ്രവർത്തനങ്ങൾക്ക് മന്ത്രി ആശംസകൾ നേർന്നു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷൈനി, ജില്ലാ പഞ്ചായത്ത് മെമ്പർ കാർത്തിക എസ് നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ വീണ വിഷ്ണു, ശ്രീക്കുട്ടി, ജില്ലാ കൃഷി ഓഫീസർ ദീപ വി, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അർച്ചന ബി, കൃഷി ഓഫീസർ ലീന എൻ, ഉപദേശക സമിതി അംഗം വിജു കോരാണി, ശ്രീഭൂത നാഥൻകാവ് ട്രസ്റ്റ് സെക്രട്ടറി സോമൻ നായർ ആർ, പാടശേഖര സമിതി സെക്രട്ടറി അൻഫാർ എ, സൗഹൃദ സംഘം കൺവീനർ ബിജു മാറ്റാടി, സൗഹൃദ സംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. സൗഹൃദ സംഘം ട്രഷറർ വിനോദ് കുമാർ എസ് നന്ദി ആശംസിച്ചു.